- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ ചോർത്തിയത് കേന്ദ്രസർക്കാർ ആണെങ്കിൽ അത് പൊതുപണം കൊണ്ട്; വിദേശ ഏജൻസികളാണ് ഫോൺ ചോർത്തിയതെങ്കിൽ അത് രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്ന് കയറ്റം; പെഗസ്സസിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ഹർജി; സ്പൈ വെയർ വഴി വിവിധ തുറകളിലെ അറുപതിലധികം സ്ത്രീകളുടെ ഫോൺ ചോർത്തിയെന്ന് ദി വയർ
ന്യൂഡൽഹി: പെഗസ്സസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസാണ് ഹർജി നൽകിയത്. ഫോൺ ചോർത്തലിനെ കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേന്ദ്ര അന്വേഷണ ഏജൻസികൾ നിഷ്പക്ഷമായ അന്വേഷണം നടത്തില്ല. സുതാര്യമായ അന്വേഷണം നടത്തിക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് രാജ്യസഭാ അംഗമായ താൻ സുപ്രീം കോടതി സമീപിച്ചിരിക്കുന്നതെന്നും കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പെഗസ്സസ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് നടന്ന ചോർത്തലിന് രണ്ട് മാനങ്ങൾ ഉണ്ടെന്ന് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ ജോൺ ബ്രിട്ടാസ് ആരോപിക്കുന്നു. ഒന്നുകിൽ കേന്ദ്ര സർക്കാരിന്റെ ഏജൻസികളാണ് ചോർത്തൽ നടത്തിയിരിക്കുന്നത്. പൊതുപണം എടുത്ത് അനധികൃതമായി രാഷ്ട്രീയ നേതാക്കളുടേത് ഉൾപ്പടെയുള്ള ഫോൺ ചോർത്തിയത് അനുവദിക്കാനാകില്ല. വിദേശ ഏജൻസികളാണ് ഫോൺ ചോർത്തിയതെങ്കിൽ അത് രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുടെ ഫോൺ ചോർത്തിയത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണ്. ജഡ്ജിമാരുടെയും സുപ്രീം കോടതി ജീവനക്കാരുടെയും ഫോണുകൾ നിരീക്ഷിച്ചത് ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗത്തിന്റെ ഫോൺ ചോർത്തിയത് നിഷ്പക്ഷ തിരെഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനാണ്. അതീവരഹസ്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സിബിഐ ഉദ്യോഗസ്ഥരുടെ ഫോണുകൾ വിദേശ ഏജൻസികൾക്ക് ലഭ്യമാക്കിയത് രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയേയും ബാധിക്കുന്ന വിഷയമാണെന്നും റിട്ട് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
ഫോൺ ചോർത്തലിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടേണ്ട മന്ത്രി പെഗസ്സസ് നിർമ്മാതാക്കളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പെഗസ്സസ് നിർമ്മാതാക്കളായ എൻ.എസ്.ഒ. ഗ്രൂപ്പിനെതിരെ വാട്സ്ആപ്പും ഫേസ്‌ബുക്കും കാലിഫോർണിയ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസിൽ പെഗസ്സസ് ഉപയോഗിച്ച് പല രാജ്യങ്ങളിലും നിരീക്ഷണം നടത്തുന്നതായി എൻ.എസ്.ഒ. ഗ്രൂപ്പ് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷക രശ്മിത രാമചന്ദ്രൻ മുഖേനെ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ ജോൺ ബ്രിട്ടാസ് വിശദീകരിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര, ഐടി, വാർത്തവിനിമയ മന്ത്രാലയങ്ങളെ എതിർ കക്ഷിയാക്കിയാണ് ബ്രിട്ടാസ് റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പെഗസ്സസ് ഫോൺ ചോർത്തലിനെ കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്യപ്പെടുന്ന രണ്ടാമത്തെ ഹർജിയാണ് ജോൺ ബ്രിട്ടാസിന്റേത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും, മൗലികാവകാശത്തിന്റെയും ലംഘനമാണ് നടന്നിരിക്കുന്നത് എന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. സുപ്രീംകോടതി ഇടപെടൽ തേടി നേരത്തെ അഭിഭാഷകനായ എംഎൽ ശർമ്മ കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരുന്നു.
ചാര സോഫ്റ്റ്‌വെയറിലൂടെ കേന്ദ്ര മന്ത്രിമാർ, നേതാക്കൾ, മാധ്യമ പ്രവർത്തകർ എന്നിവരുടെ ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്നായിരുന്നു ജോൺ ബ്രിട്ടാസ് മുൻപ് ഫേസ്‌ബുക്കിൽ കുറിച്ചത്. വാർത്ത പുറത്തുവന്ന നിമിഷത്തിൽ തന്നെ തങ്ങൾക്ക് പങ്കില്ലെന്ന് കേന്ദ്രസർക്കാർ നിഷേധ കുറിപ്പിലൂടെ പറഞ്ഞു. ഇത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള തന്ത്രമാണ്. അമിത് ഷായുടെ പുത്രൻ ജയ്ഷായുടെ ബിസിനസ് സംരംഭങ്ങളെക്കുറിച്ച് വാർത്തകൾ എഴുതിയ പത്രപ്രവർത്തകയുടെ ഫോൺ ചോർത്താൻ ഇന്ത്യൻ സർക്കാരിന് അല്ലാതെ മറ്റാർക്കാണ് താൽപ്പര്യമെന്നും ജോൺ ബ്രിട്ടാസ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിച്ചിരുന്നു.
അതേസമയം പെഗസ്സസിൽ പുതിയ വെളിപ്പെടുത്തലാണ് ദി വയർ പുറത്തുവിട്ടിരിക്കുന്നത്. പെഗസ്സസ് സ്‌പൈവെയർ ഉപയോഗിച്ച് സമൂഹത്തിന്റെ വിവിധ തലത്തിലുള്ള അറുപതിലധികം സ്ത്രീകളുടെ ഫോൺ ചോർത്തിയെന്നാണ് വെളിപ്പെടുത്തൽ. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവർ പട്ടികയിലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ സുഹൃത്തുക്കളായ സ്ത്രീകളുടെയും ഫോൺ പെഗസ്സസ് ചോർത്തിയെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു.
മറുനാടന് മലയാളി ബ്യൂറോ