- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗഡ്ഗരിയുടേയും സ്മൃതി ഇറാനിയുടേയും ഫോണും ചോർത്തി? മലയാളി മാധ്യമ പ്രവർത്തകൻ ജെ ഗോപീകൃഷ്ണനും പട്ടികയിൽ; ചോർത്തൽ വിവരങ്ങൾ പുറത്തു വരുന്നത് പാർലമെന്റ് ചേരാനിരിക്കെ; രാജ്യസഭയും ലോക്സഭയും പ്രക്ഷുബ്ദമാക്കാൻ പെഗസ്സസ് വിവാദം; നിഷേധവുമായി പ്രതിരോധത്തിന് കേന്ദ്രവും
ന്യൂഡൽഹി:ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ് വെയർ പെഗസ്സസ് ഉപയോഗിച്ചുള്ള ഫോൺചോർത്തൽ വിവരങ്ങൾ പുറത്തുവരുമ്പോൾ രണ്ട് കേന്ദ്രമന്ത്രിമാരുടെ പേരുകളും. ഐ.ടി. നിയമത്തിൽ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് വ്യക്തമായ വ്യവസ്ഥകൾ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ഇവ ലംഘിച്ചു കൊണ്ടാണ് പെഗസ്സസ് ഉപയോഗിച്ച് മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ നിരീക്ഷിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയുടെയും സ്മൃതി ഇറാനിയുടെയും ഫോണുകളാണ് ചോർത്തിയത് എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
എന്നാൽ ഫോൺ ചോർത്തലിൽ പങ്കില്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു. സർക്കാർ ഏജൻസികൾ അനധികൃതമായി ഫോൺ ചോർത്തൽ നടത്തിയിട്ടില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇന്ത്യൻ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും താറടിച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുറത്തുവന്ന റിപ്പോർട്ടെന്നും കേന്ദ്ര സർക്കാർ വാർത്താക്കുറിപ്പിൽ ആരോപിച്ചു. 2019ലാണ് പെഗസ്സസ് സോഫ്റ്റ് വെയർ ആഗോളതലത്തിൽ ചർച്ചയാവുന്നത്. 20 രാജ്യങ്ങളിൽ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോർന്നത്. അന്നും ആരോപണങ്ങൾ കേന്ദ്രം നിഷേധിച്ചിരുന്നു.
കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും സുരക്ഷാ ഏജൻസി മേധാവികളുടെയും വിവരങ്ങളാണ് ചോർത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. 2018-2019ലാണ് ചോർത്തൽ. 2019ലാണ് ഇത് കൂടുതലായും നടന്നത്. നാൽപ്പതോളം മാധ്യമപ്രവർത്തകരുടെ പേരുകൾ ഇതിലുണ്ട്. മലയാളി മാധ്യമപ്രവർത്തകൻ ജെ ഗോപീകൃഷ്ണന്റെ പേരും ഇതിലുണ്ടെന്നാണ് വിവരം. കേന്ദ്ര സർക്കാരിന് വേണ്ടിയാണ് ഈ ചോർത്തലെന്നാണ് ഉയരുന്ന ആരോപണം. അതുകൊണ്ട് തന്നെ ഈ വിവരങ്ങൾ കേന്ദ്ര സർക്കാരിന് തലവേദനയാകും. ഇനിയും വിവരങ്ങൾ പുറത്തു വിടുമെന്നാണ് മാധ്യമ ഏജൻസികളുടെ വെളിപ്പെടുത്തൽ. നാളെ പാർലമെന്റ് തുടങ്ങുകയാണ്. അതുകൊണ്ട് തന്നെ ഈ വിഷയം ലോക്സഭയെ പ്രതിഷേധത്തിലാക്കും.
സൗദിയിലെ വിമത മാധ്യമപ്രവർത്തകനായ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി 16 മാധ്യമസ്ഥാപനങ്ങൾ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തെത്തിയിരിക്കുന്നത്. സർക്കാരുകൾക്ക് വേണ്ടിയാണ് ചോർത്തൽ എന്നാണ് ആരോപണം. ഇന്ത്യയിൽനിന്ന് 'ദ വയർ' ഉൾപ്പെടുന്ന മാധ്യമങ്ങളാണ് ഈ കള്ളക്കളി പുറത്തു കൊണ്ടു വന്നത്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം മുന്നൂറോളം നമ്പറുകൾ ചോർത്തലിന് വിധേയമായെന്നാണ് കരുതുന്നത്. മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കൾ, ഒരു ഭരണഘടനാസ്ഥാപനത്തിന്റെ തലവൻ, നരേന്ദ്ര മോദി സർക്കാരിലെ രണ്ടുമന്ത്രിമാർ, സുരക്ഷാ ഏജൻസി മേധാവികളുടെയും മുന്മേധാവികളുടെയും ഫോണുകൾ ചോർത്തിയിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
പെഗസ്സസ് എന്ന ഇസ്രയേൽ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ,രാഷ്ട്രീയ നേതാക്കളുടെ ഉദ്യോഗസ്ഥരുടെ, മാധ്യമപ്രവർത്തകരുടെ ഫോണുകൾ ചോർത്തുന്നുവെന്നും ഇതേക്കുറിച്ച് മാധ്യമങ്ങൾ ഉടൻ പുറത്തു വിടുമെന്ന് കരുതുന്നതായും ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇതേക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്. ദ വൈർ, വാഷിങ്ടൺ പോസ്റ്റ്, ഗാർഡിയൻ എന്നീ വെബ്സൈറ്റുകൾ രാത്രി ഒൻപതരയോടെ ഇക്കാര്യം സ്ഥിരീകരിച്ചു. ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു, നെറ്റ് വർക്ക് 18 എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരുടെ ഫോണുകളും ചോർത്തപ്പെട്ടിട്ടുണ്ട്.
ഐഫോൺ , ആൻഡ്രോയിഡ് ഫോണുകളിൽ പെഗസ്സസ് മാൽവയർ ഉപയോഗിച്ച് മെസേജുകൾ, ഫോട്ടോ , ഇമെയിൽ, ഫോൺകോളുകൾ എന്നിവ ചോർത്തി എന്നാണ് വിവരം. പെഗസ്സസ് ചോർച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങൾ അറിയിക്കുന്നു. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോർത്തിയത് എന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം. പല രാജ്യങ്ങളിലും ഭരണകൂടങ്ങൾ തന്നെ ഇസ്രയേൽ ചാര സോഫ്റ്റ് വെയർ വിലയ്ക്ക് വാങ്ങി തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോൺ ചോർത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്.
വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവർത്തകർ, ശാസ്ത്രജ്ഞർ എന്നിവരുടെ ഫോണുകളും ചോർത്തപ്പെട്ടിട്ടുണ്ട്. ഇസ്രയേലി കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പാണ് പെഗസ്സസ് സോഫ്റ്റ്വെയറാണ് വിൽക്കുന്നത്. അതേസമയം തങ്ങളുടെ സോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്തൽ നടത്തിയെന്നത് ശരിയല്ലെന്നും തങ്ങളുടെ സോഫ്റ്റ്വെയർ വാങ്ങിയ ഏതെങ്കിലും സ്ഥാപനങ്ങൾ ഉപയോഗിച്ചതാവാം എന്നതാണ് പെഗസ്സസിന്റെ നിലപാട്. കമ്പനി അഭിഭാഷകനാണ് അന്വേഷണസംഘത്തിനു മുൻപാകെ അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്റ്റ് വെയറാണ് പെഗസ്സസ്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകൾ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗസ്സസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇങ്ങനെ ഒരു സോഫ്റ്റ് വെയറുണ്ടെന്ന് ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾ ഈ സോഫ്റ്റ് വെയർ വിൽക്കുന്നത് സർക്കാരുകൾക്ക് മാത്രമാണ് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇതും കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കും.
ഫേസ്ബുക്കും വാട്സാപ്പും ആപ്പിളുമെല്ലാം പെഗസ്സസ് ആക്രമണത്തിനിരയായിട്ടുണ്ട്. ടാർഗറ്റ് ചെയ്യപെടുന്ന ഫോണിന്റെ / ഡിവൈസിന്റെ എല്ലാ പ്രവർത്തനവും പെഗസ്സസ് ചോർത്തും, ഫോണ് വിളികളും മെസ്സേജുകളും ഫയലുകളും, ബ്രൗസിങ് ഡാറ്റയും വരെ ചോർത്താൻ കെല്പുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പെഗസ്സ് നുഴഞ്ഞു കയറാനുള്ള സാങ്കേതിക പിഴവുകൾ പരിഹരിച്ചിട്ടുണ്ടെന്നാണ് ആപ്പിളും വാട്സാപ്പും അവകാശപ്പെടുന്നത്. എന്നാൽ സമീപകാലം വരെയും ചോര്ച്ച നടന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ വ്യക്തമാവുന്നത്.
മറുനാടന് മലയാളി ബ്യൂറോ