- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെഗസ്സസ് ഫോൺ ചോർത്തൽ വിവാദം: പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ല; വാർത്തകൾ വസ്തുതാവിരുദ്ധം, ജനാധിപത്യ സർക്കാരിനെ താറടിക്കാൻ ശ്രമമെന്നും കേന്ദ്ര ഐടി മന്ത്രി
ന്യൂഡൽഹി: പെഗസ്സസുമായി ബന്ധപ്പെട്ട ഫോൺ ചോർത്തൽ വിവാദത്തിൽ പാർലമെന്റിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെ വിശദീകരണവുമായി കേന്ദ്ര സർക്കാർ. മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു.
ഇന്ത്യയിലെ മുന്നൂറോളം പ്രമുഖരുടെ ഫോൺനമ്പറുകൾ നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തതായുള്ള ആരോപണത്തിന് പിന്നിൽ വസ്തുതകളില്ല. നിരീക്ഷണത്തിനായി ഇസ്രയേലി ചാര സോഫ്റ്റ്വെയറായ പെഗസ്സസ് ഉപയോഗിച്ചു എന്നതിന് വസ്തുതാപരമായി അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റിൽ ഇത് സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. ഇന്ത്യൻ ജനാധിപത്യത്തേയും അതിന്റെ സ്ഥാപനങ്ങളേയും താറടിക്കാനുള്ള ശ്രമമാണിതെന്ന് അശ്വനി വൈഷ്ണവ് ആരോപിച്ചു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ലെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
'ഉദ്വേഗജനകമായ ഒരു കഥ ഇന്നലെ രാത്രി ഒരു വെബ് പോർട്ടൽ പ്രസിദ്ധീകരിച്ചു. ഈ കഥയെ ചുറ്റിപ്പറ്റി നിരവധി ആരോപണങ്ങളാണ് ഉയർന്നത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഒരു ദിവസം മുമ്പാണ് ഈ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് യാദൃശ്ചികമല്ല'- പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിൽ വൈഷ്ണാവ് പറഞ്ഞു.
ഇത്രയേറെ പരിശോധനകളും മറ്റും നിലനിൽക്കെ അനധികൃത നിരീക്ഷണം സംഭവ്യമല്ലെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു. മുമ്പ് വാട്സാപ്പുമായി ബന്ധപ്പെട്ടും പെഗസ്സസ് ആരോപണം ഉയർന്നിരുന്നു. അതും വസ്തുതാവിരുദ്ധമാണെന്നു പിന്നീട് തെളിഞ്ഞുവെന്നും മന്ത്രി അറിയിച്ചു. അനധികൃതമായ യാതൊരു കടന്നുകയറ്റവും നടന്നിട്ടില്ലെന്നും സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്നും ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ രാജ്യസഭ ഇന്ന് ഉച്ചയ്ക്ക് ശേഷവും അലങ്കോലമായി. പെഗസ്സസ് ഫോൺ ചോർത്തൽ വിവാദത്തിൽ സർക്കാർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. രാവിലെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നുച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവെച്ചിരുന്നു.
പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു ഇത്. പുതിയ മന്ത്രിമാരുടെ പേര് കേൾക്കാൻ പോലും പ്രതിപക്ഷത്തിന് താത്പര്യമില്ലെന്നായിരുന്നു ഇതിനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.
മോദി സർക്കാരിലെ മൂന്ന് മന്ത്രിമാർ, മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കൾ, സുരക്ഷാ ഏജൻസികളുടെ നിലവിലുള്ളതും വിരമിച്ചതുമായ മേധാവികൾ, 40 പത്രപ്രവർത്തകർ, ബിസിനസുകാർ തുടങ്ങി ഇന്ത്യയിലെ മുന്നൂറോളം പ്രമുഖരുടെ ഫോൺനമ്പറുകൾ നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇസ്രയേലി ചാര സോഫ്റ്റ്വേറായ പെഗസ്സസിന്റെ സാന്നിധ്യം ഈ നമ്പറുകളിൽ ചിലതിൽ കണ്ടതായാണ് വിദേശമാധ്യമങ്ങളായ 'വാഷിങ്ടൺ പോസ്റ്റ്', 'ദ ഗാർഡിയൻ' എന്നിവരും ഇവരുടെ ഇന്ത്യയിലെ പങ്കാളിയായ 'ദ വയർ' വെബ് മാധ്യമവും റിപ്പോർട്ട് ചെയ്തത്.
എൽഗർ പരിഷദ് കേസിൽ പ്രതികളായ തൃശൂർ സ്വദേശി ഹനി ബാബു, റോണ വിൽസൻ, ആക്ടിവിസ്റ്റ് വരവര റാവുവിന്റെ മകൾ കെ.പാവന, കേരളത്തിൽ നിന്നുള്ള ആക്ടിവിസ്റ്റായ ജയ്സൻ കൂപ്പർ തുടങ്ങിയവരുടെ നമ്പരുകളും ഉൾപ്പെടുന്നു. മലയാളി മാധ്യമപ്രവർത്തകരായ ഉണ്ണിത്താൻ, ജെ.ഗോപികൃഷ്ണൻ എന്നിവരുടെ നമ്പരുകളുമുണ്ട്. മുന്നൂറിലധികം ഇന്ത്യക്കാരുടെ ഫോണുകളാണ് പട്ടികയിലുള്ളത്. ഫൊറൻസിക് പരിശോധന നടത്തിയ 10 ഇന്ത്യൻ ഫോണുകളിൽ ഇസ്രയേൽ സൈബർ ഇന്റലിജൻസ് സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പിന്റെ പെഗസ്സസ് ചാരസോഫ്റ്റ്വെയർ കണ്ടെത്തി.
വാട്സാപ് മിസ്ഡ് വിഡിയോ കോൾ, മെസേജിലെ ലിങ്ക് തുടങ്ങിയവ വഴി ഉപയോക്താവ് അറിയാതെ പെഗസ്സസ് സോഫ്റ്റ്വെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടാം. പാസ്വേഡുകൾ, ഫോൺ നമ്പരുകൾ, എസ്എംഎസ്, ലൈവ് കോളുകൾ എന്നിവയെല്ലാം ചോർത്താം. ഫോൺ ക്യാമറ, മൈക്രോഫോൺ എന്നിവ ഓൺ ചെയ്യാനും സോഫ്റ്റ്വെയറിനു ശേഷിയുണ്ട്. ഒരു തെളിവും അവശേഷിപ്പിക്കാതെ ഫോണിൽ നുഴഞ്ഞുകയറി വിവരങ്ങളെല്ലാം ചോർത്തിയശേഷം സ്വയം ഇല്ലാതാകുന്ന ശേഷിയും ഈ സോഫ്റ്റ്വെയറിനുണ്ട്. ചോർത്തൽ സംബന്ധിച്ച് വർഷങ്ങൾക്കു മുമ്പ് തന്നെ സൂചനകൾ ലഭിച്ചുവെങ്കിലും ഇതിനു പിന്നിൽ പെഗസ്സസ് ആണെന്നു തിരിച്ചറിയുന്നത് ഏറെ നാളത്തെ പരിശോധനകൾക്കു ശേഷമാണ്.
തങ്ങളുടെ സംവിധാനത്തിൽ എന്തൊക്കെയോ തിരിമറികൾ ഉണ്ടാകുന്നുവെന്നു തിരിച്ചറിഞ്ഞ വാട്സാപ്പിന് പിന്നീടാണ് പെഗസ്സസിന്റെ സാന്നിധ്യം വ്യക്തമായത്. ചില അക്കൗണ്ടുകൾക്കു പുതിയ അപ്ഡേറ്റ് സ്വീകരിക്കാൻ വാട്സാപ്പ് നിർദ്ദേശം നൽകിയതോടെയാണ് വിവരം പുറത്താകുന്നത്.
ന്യൂസ് ഡെസ്ക്