ഡബ്ലിൻ: ഒമ്പത് ഗതാഗത നിയമലംഘനങ്ങൾക്കു പെനാൽറ്റി പോയിന്റ് വർധിപ്പിച്ച് ട്രാഫിക് നിയമം പരിഷ്‌ക്കരിച്ചു. കൂടാതെ 14 ട്രാഫിക് കുറ്റങ്ങൾക്കു കൂടി പെനാൽറ്റി പോയിന്റ് നൽകുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു. പരിഷ്‌ക്കരിച്ച നിയമങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിലാക്കും.

പെനാൽറ്റി പോയിന്റ് സംബന്ധിച്ച് പുതിയ ഉത്തരവ് ട്രാൻസ്‌പോർട്ട് മിനിസ്റ്റർ ആണ് പ്രഖ്യാപിച്ചത്. എന്നാൽ പെനാൽറ്റി പോയിന്റ് സ്വീകരിക്കാൻ ഡ്രൈവർമാർക്ക് ഓപ്ഷൻ നൽകുന്ന രീതിയും എൻസിടി ഇല്ലാതെ വാഹനമോടിക്കുന്നവരേയും അപകടകരമായ രീതിയിൽ വാഹനം പാർക്ക് ചെയ്യുന്നവരേയും കോടതി നടപടികളിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുമാണ് മന്ത്രി പരിഷ്‌ക്കാരങ്ങൾ നടപ്പാക്കുന്നത്.
കൂടെ ആളില്ലാതെ ലേണേഴ്‌സ് പെർമിറ്റ് ഹോൾഡർമാർ വാഹനമോടിക്കുക/ എൽ പ്ലേറ്റില്ലാതെ വാഹനത്തിൽ പ്രദർശിപ്പിക്കാതിരിക്കുക, എൻ ബോർഡ് പതിപ്പിക്കാതെ പുതുതായി ഡ്രൈവിങ് ലൈസൻസ് ലഭിച്ചവർ വാഹനമോടിക്കുക എന്നിവരെ കൂടി പുതിയ പെനാൽറ്റി പോയിന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം അപകടകരമായ രീതിയിൽ വാഹനം ഓവർടോക്ക് ചെയ്യുക, സ്‌റ്റോപ്പ് സിഗ്നൽ നൽകാതെ വാഹനം നിർത്തുക, ട്രാഫിക് ലൈറ്റുകൾ പിന്തുടരാതിരിക്കുക എന്നിവയ്ക്കുള്ള പെനാൽറ്റി പോയിന്റുകൾ വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇടതു വശത്തുകൂടി വാഹനം ഓടിക്കുക, വാഹനം മോടിപിടിപ്പിക്കുന്നതു സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾക്കും പെനാൽറ്റി പോയിന്റുകൾ വർധിപ്പിച്ചിട്ടുണ്ട്. ഗതാഗത കുറ്റങ്ങൾക്ക് കോടതി നടപടികളെ അഭിമുഖീകരിക്കുന്നതിനു പകരം പെനാൽറ്റി പോയിന്റുകൾ സ്വീകരിക്കുക, നിശ്ചിത പിഴ അടയ്ക്കുക എന്നിവ സാധ്യമാക്കുന്ന രീതിയിലാണ് പുതിയ പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

റോഡിലൂടെ വാഹനമോടിക്കുന്നത് കൂടുതൽ സുരക്ഷിതമാക്കാൻ പെനാൽറ്റി പോയിന്റ് സംവിധാനവും ഫിക്‌സഡ് ചാർഡ് ഫൈനും ഗുണകരമായിട്ടുണ്ടെന്ന് മിനിസ്റ്റർ ഡൊമഹോ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2013-ൽ റോഡ് അപകടമരണ നിരക്ക് വർധിക്കാൻ തുടങ്ങിയെന്നും ഈ വർഷവും അതേ രീതി തന്നെയാണ് തുടരുന്നതെന്നും മന്ത്രി എടുത്തു പറഞ്ഞു.