മെൽബൺ: രാജ്യത്ത് ഞായറാഴ്‌ച്ചയും പൊതു അവധി ദിനങ്ങളിലും ജോലി ചെയ്യുന്നവർക്കുള്ള പെനാൽറ്റി നിരക്ക് കുറച്ചു. ഫാസ്റ്റ്ഫുഡ്, ചെറുകിട വ്യവസായങ്ങൾ, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ ഞായറാഴ്ചകളിലും മറ്റ് പൊതു അവധിദിവസങ്ങളിലും അധികമായി ജോലിചെയ്യുന്ന ജോലിക്കാർക്കുള്ള പെനാൽറ്റിനിരക്കിലാണ് ഫെയർ വർക്ക് കമ്മീഷൻ കുറവു വരുത്തിയത്.

ഈ മേഖലകളിൽ ജോലി ചെയ്യുന്ന സ്ഥിര, താൽകാലിക ജോലിക്കാരുടെപെനാൽറ്റി നിരക്കുകളാണ് കമ്മീഷൻ കുറച്ചിരിക്കുന്നത്. ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും കച്ചവട സമയവും മറ്റു സേവനങ്ങളും വർധിക്കുന്നതിന് ഈ തീരുമാനം സഹായിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.

ഹോസ്പിറ്റാലിറ്റി മേഖലയിൽ പണിയെടുക്കുന്നവരുടെ കിഴിവ് 175 ശതമാനത്തിൽനിന്ന് 150 ശതമാനമായി കുറച്ചിട്ടുണ്ട്. ചെറുകിടവ്യവസായത്തിൽ ശരാശരി നിരക്കിന്റെ 200 ശതമാനമായിരുന്നത് 150 ശതമാനമായി കുറച്ചു. ഫാസ്റ്റ്ഫുഡ് ജോലിക്കാരുടെ കിഴിവ് 150 ശതമാനത്തിൽനിന്ന് 125 ശതമാനമായും കമ്മീഷൻ കുറച്ചു.

ജൂലൈ ഒന്നുമുതൽ പൊതു അവധികൾക്കുള്ള വേതനത്തിലെ പുതിയ പെനാൽറ്റിയിളവുകൾ പ്രാബല്യത്തിലാകും. എന്നാൽ ഞായറാഴ്ചകളിലെ വേതനത്തിലെ കിഴിവിലെ പുതിയ നിരക്ക് പ്രാബല്യത്തിലാക്കുന്നതു സംബന്ധിച്ച് വ്യക്തമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും ഒരു വർഷത്തിനുള്ളിൽ ഈ തീരുമാനവും പ്രാബല്യത്തിലാകും.