കേരളത്തിനു പുറത്ത്, ഇന്ത്യയിൽ പ്രത്യേകിച്ചും, മലയാളി സ്ത്രീകൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. കാരണം പഠനത്തിലും സ്‌പോർട്‌സിലുമെല്ലാം അവർ നടത്തുന്ന മുന്നേറ്റങ്ങൾ മാത്രമല്ല. ഇന്ത്യയിലെ ഒന്നാമത്തെ ഹൈക്കോടതി ജഡ്ജി, ഒന്നാമത്തെ സുപ്രീം കോടതി ജഡ്ജി, ഒന്നാമത്തെ വനിതാ ഐ എ എസ് ഓഫീസർ ഇവരൊക്കെ മലയാളികൾ ആണ്. മറ്റു സംസ്ഥാനങ്ങൾക്ക് ഇവർ മാതൃകയാണ്.

അതേസമയം രാഷ്ട്രീയ സ്ഥാനങ്ങളിൽ സ്ത്രീകളെ മുൻപന്തിയിൽ എത്തിക്കുന്നതിൽ കേരളം വിജയിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. സ്വാതന്ത്ര്യം തൊട്ട് ഇന്നുവരെ ഉണ്ടായിട്ടുള്ള കേന്ദ്ര മന്ത്രിസഭയിൽ ഒരു സ്ത്രീ പോലും കേരളത്തിൽ നിന്ന് കാബിനറ്റ് മന്ത്രിയായിട്ടില്ല. പാർലമെന്റിലും അസംബ്ലിയിലും പത്തു ശതമാനം പ്രാതിനിധ്യം പോലും മലയാളി സ്ത്രീകൾക്ക് ഇല്ല. ഇന്ത്യയുടെ തെക്കും (തമിഴ്‌നാട്) വടക്കും (കാശ്മീർ) കിഴക്കും (പശ്ചിമ ബംഗാൾ) പടിഞ്ഞാറും (ഗുജറാത്ത്) മധ്യത്തിലും (രാജസ്ഥാൻ) ഏറ്റവും വലിയ സംസ്ഥാനത്തിലും ( യു പി) സ്ത്രീകൾ മുഖ്യമന്ത്രിമാരായിരുന്നിട്ടും, പുരോഗമനപരമെന്ന് പൊതുവെ അറിയപ്പെടുന്ന കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ല എന്നത് മറ്റുള്ളവരെ അമ്പരപ്പിക്കുന്നു, അത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇത് അംഗീകരിക്കാവുന്നതല്ല. കാനഡയിൽ അമ്പത് ശതമാനം മന്ത്രിമാരും, ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ അറുപത് ശതമാനം എം പി മാരും സ്ത്രീകളാണ്. ജനാധിപത്യ ലോകത്ത് പൊതുവെ സ്ത്രീ പ്രാതിനിധ്യം കൂടിവരുന്നു. എന്നാൽ കേരളത്തിൽ മാത്രം കഴിഞ്ഞ അറുപത് വർഷമായി ഇക്കാര്യത്തിൽ വലിയ പുരോഗതിയൊന്നുമില്ല.

'സംഘടിച്ച് ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക' എന്ന ഗുരുവിന്റെ മുദ്രാവാക്യം ന്യൂന പക്ഷങ്ങൾക്ക് മാത്രമല്ല സ്ത്രീകൾക്കും ബാധകമാണ്. വിദ്യയുടെ കാര്യത്തിൽ മലയാളി സ്ത്രീകൾ ഇപ്പോഴേ മുന്നിലാണ്, എന്നാൽ അവർ സഘടിതർ അല്ലാത്തതിനാൽ അവർക്ക് കൂടി അർഹത പെട്ട അധികാരം പങ്കുവക്കുന്നതിൽ മലയാളി പുരുഷന്മാർ മടി കാണിക്കുന്നു. ഇത് മാറണമെങ്കിൽ സ്ത്രീകൾ കക്ഷി ഭേദമന്യേ ഈ ആവശ്യത്തിന് വേണ്ടി സംഘടിക്കുകയേ മാർഗമുള്ളൂ. നിങ്ങളുടെ രാഷ്ട്രീയ വിശ്വാസം എന്താണെങ്കിലും 2030 ആകുമ്പോഴേക്കും അമ്പത് ശതമാനം എം എൽ എ മാരും, എം പി മാരും, കേന്ദ്ര സംസ്ഥാന മന്ത്രിമാരും സ്ത്രീകളാകണം എന്ന അഭിലാഷമെങ്കിലും നമുക്ക് വേണം. അതിനുള്ള അടിസ്ഥാന ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങണം. ഇക്കാര്യത്തിൽ കേരളത്തിന് അകത്തും പുറത്തും ഉള്ള സ്ത്രീകൾ മുൻകൈ എടുക്കണം. ചില നിർദ്ദേശങ്ങൾ ഞാൻ പറയാം.

1. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ഇല്ലാത്തതിലെ വൈരുദ്ധ്യത്തെ പറ്റി എല്ലാ മലയാളികളെയും തുടർച്ചയായി ബോധവൽക്കരിക്കുക. പാർട്ടി തലത്തിലും സർക്കാരിലും ഇങ്ങനെ പ്രാതിനിധ്യമോ അതിനെ പറ്റിയുള്ള ചർച്ചയോ ഇല്ലാത്തത് ഈ നൂറ്റാണ്ടിൽ പിന്തിരിപ്പൻ ആണെന്ന് സമൂഹത്തിൽ ഉത്തമ ബോധ്യം വരുത്തുക. സമൂഹ മാധ്യമത്തിൽ ഉൾപ്പടെ ഇതിനു വേണ്ടി വ്യാപകമായ കാമ്പയിൻ നടത്തുക. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് മാത്രം ശ്രമിച്ചിട്ട് കാര്യമില്ല.

2. ത്രിതല പഞ്ചായത്ത് സംവിധാനം ഒക്കെ വന്നതോടെ ഏറെ സ്ത്രീകൾ ഇപ്പോഴേ പ്രാദേശിക രാഷ്ട്രീയത്തിൽ ഉണ്ട്. അവരിൽ സംസ്ഥാന തലത്തിലേക്കും ദേശീയ തലത്തിലേക്കും ഉയരാൻ കഴിവുള്ളവരെ തിരഞ്ഞു പിടിച്ച്, കക്ഷി ഭേദമന്യേ അവർക്ക് നേതൃത്വ പരിശീലന പരിപാടി എല്ലാം നടത്തണം.

3. മറ്റു രംഗങ്ങളിൽ നേതൃത്വ ഗുണം പ്രകടിപ്പിച്ച സ്ത്രീകളെ രാഷ്ട്രീയത്തിലേക്ക് എത്തിക്കാൻ ശ്രമിക്കണം.

4. കേരളത്തിൽ നിന്നും ഓരോ വർഷവും തിരഞ്ഞെടുക്കുന്ന വനിതാ നേതാക്കൾക്ക് ലോകത്ത് മറ്റു വനിതാ നേതാക്കളുമായി സമയം ചെലവഴിക്കാനുള്ള അവസരം ഉണ്ടാക്കുക.
സ്ത്രീകൾക്ക് തുല്യ അവസരം കൊടുക്കണം എന്നത് സ്ത്രീകളുടെ മാത്രം ആവശ്യമല്ല. സമൂഹത്തിലെ വെറും അൻപതു ശതമാനം വരുന്ന ആണുങ്ങളിൽ നിന്നും തൊണ്ണൂറ്റി അഞ്ചു ശതമാനം ഭരണാധികാരികളെയും തിരഞ്ഞെടുത്താൽ സമൂഹത്തിൽ ലഭ്യമായ ടാലന്റിനെ നമ്മൾ ഉപയോഗിക്കുന്നില്ല എന്നതാണ് അതിന്റെ അർഥം. കൂടുതൽ സ്ത്രീകൾ അധികാര സ്ഥാനത്ത് എത്തുന്നത് നമ്മുടെ ഭരണത്തെ നന്നാക്കുകയെ ഉള്ളൂ. അതുകൊണ്ട് തന്നെ 'ടാർഗറ്റ് 50' ക്ക് എന്റെ എല്ലാ പിന്തുണയും ഉണ്ടാകും.

സമൂഹമാധ്യമത്തിൽ സജീവമായ കേരളത്തിലും പുറത്തുമുള്ള കുറേ മലയാളി സ്ത്രീകൾ ചേർന്ന് നടത്തുന്ന ഒരു ഫേസ്‌ബുക്ക് പേജാണ് പെണ്ണിടം. അവർക്ക് വേണ്ടി എഴുതിയ കുറിപ്പാണ് മുകളിൽ ചേർത്തത്. അന്താരാഷ്ട്ര വനിതാദിനം പ്രമാണിച്ച് വായനക്കാരോട് എന്റെ ചെറിയൊരു റിക്വസ്റ്റ്. പെണ്ണിടം എന്ന ഈ ഫേസ്‌ബുക്ക് പേജ് ഒന്ന് സന്ദർശിക്കണം, ലൈക്ക് ചെയ്യണം, ഷെയർ ചെയ്യുകയും വേണം. തത്കാലം അതിന് അയ്യായിരം ഫോളോവേഴ്സ് മാത്രമേയുള്ളൂ, അത് നാളത്തെ വനിതാ ദിനം കഴിയുമ്പോഴേക്കും നമുക്ക് പതിനായിരത്തിന് മുകളിലാക്കണം.

https://www.facebook.com/pennidam/

എല്ലാവർക്കും വനിതാ ദിന ആശംസകൾ!