മൂന്നാർ: മൂന്നാറിൽ കൂലിക്കും ശമ്പള വർദ്ധനവിനും വേണ്ടി പൊരുതുന്ന പെമ്പിളൈ ഒരുമൈ പ്രതിഷേധം എന്ന നിലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും മത്സരിക്കാൻ ഒരുങ്ങുന്നു. ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് തീരുമാനം.

മൂന്നാർ, പള്ളിവാസൽ, മാട്ടുപ്പെട്ടി, ദേവികുളം പഞ്ചായത്തുകളിലാവും പൊമ്പിളൈ ഒരുമൈ സ്ഥാനാർത്ഥികൾ മത്സരിക്കുക. തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മൂന്നാറിനെ സ്തംഭിപ്പിച്ചുകൊണ്ട് നടത്തിയ സമരത്തിലൂടെ 20 ശതമാനം ബോണസ് എന്ന ആവശ്യം 'പൊമ്പിളൈ ഒരുമൈ' നേടിയെടുത്തിരുന്നു.

കുറഞ്ഞ വേതനം 500 രൂപയാക്കണമെന്ന ആവശ്യത്തിൽ തീരുമാനം ആകാത്തതിനെത്തുടർന്ന് 'പൊമ്പിളൈ ഒരുമൈ' പ്രവർത്തകരും സംയുക്ത ട്രേഡ് യൂണിയനും മൂന്നാറിൽ സമരം തുടരുകയാണ്. ഈ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നതിന് എതിരായ പ്രതിഷേധം എന്ന നിലയ്ക്ക് കൂടിയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പെമ്പിളൈ ഒരുമൈ തീരുമാനിച്ചിരിക്കുന്നത്. പെമ്പിളൈ ഒരുമൈ തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവരുന്നത് മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് കനത്ത തിരിച്ചടി ആകുമെന്ന കാര്യം ഉറപ്പാണ്.