തിരുവനന്തപുരം: പ്രളയാനന്തര കേരള പുനർനിർമ്മിതിക്ക് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന ശുപാർശയുമായി സർക്കാർ. ഈ വർഷം വിരമിക്കുന്ന ജീവനക്കാർക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ കൂടി കേരള പുനർനിർമ്മിതിക്ക് വക മാറ്റാണ് ഇത്. സാലറി ചലഞ്ചിലൂടെ ഒരു മാസത്തെ ശമ്പളം നൽകിയ ജീവനക്കാർക്ക് രണ്ട് വർഷത്തെ ശമ്പളം നൽകാനാണ് പിണറായി വിജയൻ സർക്കാരിന്റെ നീക്കം. ഇടതു പക്ഷ യുവജന സംഘടനകളെ വിശ്വാസത്തിലെടുത്താകും തീരുമാനം എടുക്കുക. ഉടൻ പെൻഷൻ പ്രായം ഉയർത്തുന്നതിൽ ചർച്ചകൾ സർക്കാർ തുടങ്ങും.

ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസാക്കി ഉയർത്താനുള്ള നീക്കമാണ് ആരംഭിച്ചിരികുന്നത്. ഇതു സംബന്ധിച്ച് ശുപാർശക്കായി ധനമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഫയൽ തുറന്നിട്ടുണ്ട്. നയപരമായ തീരുമാനമായതിനാൽ ഇടതു മുന്നണിയിൽ കൂടി ചർച്ച ചെയ്യും. ഇതുമൂലം നിയമന നിരോധനം ഉണ്ടാവില്ലന്ന് യുവജന സംഘടനകൾക്ക് ഉറപ്പു നൽകുകയും ചെയ്യും. പ്രളയം മൂലം ഉണ്ടായ പ്രതിസന്ധി 30,000 കോടിയിലെത്തുകയും ദൈനംദിന ആവശ്യങ്ങൾക്ക് പോലും ട്രഷറികൾ ബുദ്ധിമുട്ടുകയും ചെയ്ത സാഹചര്യത്തിലാണ് പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം ധനവകുപ്പ് തുടങ്ങിയത്. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും ധനമന്ത്രി തോമസ് ഐസക് സാഹചര്യം വിശദീകരിച്ചിട്ടുണ്ട്.

സാലറി ചലഞ്ചിൽ ജീവനക്കാരിൽ ഭൂരിഭാഗം പേരും സഹകരിച്ചുവെങ്കിലും എല്ലാവരും അസംതൃപ്തരാണ്. ഇത് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അറിയാം. ഒരു മാസ ത്തെ ശമ്പളം കൊടുത്തവർക്ക് 2 വർഷമാണ് അധിക സർവ്വീസ് കിട്ടാൻ പോകുന്നതെന്ന് ചില ഇടതു യൂണിയൻ നേതാക്കൾ അസംതൃപ്തി അറിയിച്ച ജീവനക്കാരോടു പറഞ്ഞിരുന്നു. മുഖ്യമന്ത്രി ധനമന്ത്രിയുമായി ഈ വിഷയം സംസാരിച്ച ശേഷം തന്റെ സാമ്പത്തിക ഉപദേശകയായ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി ബന്ധപ്പെട്ടിരുന്നു. ലോകരാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ കേരളത്തിൽ പെൻഷൻ പ്രായം കുറവാണന്നും മറിച്ച് പെൻഷൻ ബാധ്യത കൂടുതലാണന്നും അവർ വിലയിരുത്തി.

ഗീതാ ഗോപിനാഥിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയും പുതിയ നീക്കത്തിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ജീവനക്കാരുടെ പെൻഷൻ വിതരണത്തിന് പെൻഷൻ ഫണ്ട് രൂപീകരിക്കാനും ആലോചനയുണ്ട്. ഇപ്പോൾ തന്നെ പെൻഷൻ ബാദ്ധ്യത സർക്കാരിനെ സംബന്ധിച്ചടത്തോളം കനത്ത വെല്ലുവിളിയാണ്. പെൻഷൻ വിതരണത്തിന് ഭീമമായ തുക വേണ്ടി വരുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കുന്നതിന് പെൻഷൻ ഫണ്ട് രൂപീകരിക്കണം എന്നും അഭിപ്രയം ഉണ്ട്. പെൻഷൻ ഫണ്ട് രൂപീകരണത്തിന് ശമ്പളത്തിന്റെ 10 ശതമാനം മാറ്റിവെയ്ക്കേണ്ടി വരും. അഞ്ചു വർഷം കൂടുമ്പോൾ ജീവനക്കാർക്ക് പലിശ സഹിതം പെൻഷൻ ഫണ്ടിലേക്ക് സ്വരൂപിക്കുന്ന തുക മടക്കി നൽകാവുന്ന തരത്തിലായിരിക്കണം പദ്ധതിയെന്നാണ് സൂചന.

നിലവിലെ പങ്കാളിത്ത പെൻഷൻ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണം എന്ന ശുപാർശയ്‌ക്കൊപ്പം കെഎസ്ആർടിസിയിലും സർവകലാശാലകളിലും പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാനും സർക്കാരിന് നീക്കമുണ്ട്. വികസിത രാജ്യങ്ങളിൽ എല്ലായിടത്തും തന്നെ റിട്ടയർമെന്റ് പ്രായം അറുപത്തിന് മുകളിലാണ്. അറുപത്തിയഞ്ചു മുതൽ അറുപത്തിഏഴു വയസ്സ് വരെയാണ് വികസിത രാജ്യങ്ങളിൽ നിലനിൽക്കുന്ന ശരാശരി പെൻഷൻ പ്രായം. കേരളത്തിലെ കാര്യം നേരെ തിരിച്ചാണ്. അൻപത്തിയാറു വയസ്സിലോ അറുപത് വയസ്സിലോ റിട്ടയറാകണമെന്ന് ആർക്കും ആഗ്രഹമില്ല. അവസരം കിട്ടിയാൽ അഞ്ചോ പത്തോ വർഷം ജോലി ചെയ്യാൻ അവർ തയ്യാറാണ്. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ പെൻഷൻ പ്രായം കൂടുതൽ ഉയർത്താനാകില്ല. അതിനാൽ 58 വയസ്സായി നിജപ്പെടുത്താനാണ് തീരുമാനം. സർവ്വീസ് സംഘടനകളുടെ മനസ്സിൽ പെൻഷൻ പ്രായം 60 ആകണമെന്നാണുള്ളത്.

ഏറെ ആളുകൾ ഇപ്പോൾ തന്നെ റിട്ടയർ ചെയ്തു കഴിഞ്ഞു വീണ്ടും ജോലിക്ക് പോകുന്നു. ഇങ്ങനെ ഉള്ളവർക്ക് വലിയ ഡിമാൻഡ് ആണ് താനും. ലോകത്തിലെ ഒരു രാജ്യത്തിനും സ്ഥാപനത്തിനും ശരാശരി ഇരുപത് വർഷത്തിന് മുകളിൽ നല്ല പെൻഷൻ പദ്ധതി നടത്തിക്കൊണ്ടു പോകാൻ പറ്റില്ല. പ്രത്യേകിച്ചും ജനസംഖ്യ വലുതായി വർധിക്കാതെയും, സർക്കാർ ജോലിക്കാരുടെ എണ്ണം കുറഞ്ഞു വരികയും ചെയ്യുന്ന ലോകത്ത്. അപ്പോൾ നിർബന്ധമായും അറുപതിന് താഴെ റിട്ടയർ ആക്കി വിട്ടാൽ കുറച്ചു നാൾ കഴിയുമ്പോൾ പെൻഷൻ കൊടുക്കാൻ പണമില്ലാതാകും. അതുകൊണ്ട് തന്നെ നമ്മുടെ റിട്ടയർമെന്റ് പ്രായം കൂട്ടിയേ തീരുവെന്നാണ് സർക്കാരിന് ഗീതാ ഗോപിനാഥിൽ നിന്നും കിട്ടിയിരിക്കുന്ന ഉപദേശം.

നേരത്തെ പെൻഷൻ പ്രായം 58 ആക്കാൻ സർക്കാർ നിയോഗിച്ച പബ്‌ളിക് എക്‌സ്പെൻഡിച്ചർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു. ആയുർദൈർഘ്യം പരിഗണിച്ച് 58 ആക്കി ഉയർത്താനാണ് ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 1998 ൽ 60 വയസ്സായി ഉയർത്തിയപ്പോൾ തന്നെ അന്ന് ഇടതുപക്ഷം ഭരിച്ചിരുന്ന പശ്ചിമബംഗാൾ ഉൾപ്പെടെ പതിനൊന്നു സംസ്ഥാനങ്ങൾ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസായി ഉയർത്തുകയുണ്ടായി. പിന്നീട് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പെൻഷൻ പ്രായം 58 ആയി ഉയർത്തി. കേരളത്തിൽ തന്നെ സർക്കാർ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന മെഡിക്കൽ കോളേജധ്യാപകർ, ജഡ്ജിമാർ തുടങ്ങിയവരുടെ പെൻഷൻ പ്രായം വർഷങ്ങൾക്ക് മുമ്പ് 60 വയസ്സായി ഉയർത്തിയിട്ടുണ്ട്. പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം 58 വയസാണ്.

ഒരു വീട്ടിൽ താമസിക്കുന്ന സർക്കാരുദ്യോഗസ്ഥരായ സഹോദരങ്ങൾ അല്ലെങ്കിൽ ഭാര്യാഭർത്താക്കന്മാരിൽ കേന്ദ്രസർക്കാർ ജീവനക്കാർ 60 വയസിലും സംസ്ഥാന സർക്കാർ ജീവനക്കാർ 56 വയസ്സിലും വിരമിക്കേണ്ട അവസ്ഥ വിവേചനപരവുമാണ്. ഐ.എ.എസ്., ഐപിഎസ് ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം 60 വയസാണ്. സംസ്ഥാന സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. വായ്പ തിരിച്ചടവിന് 800 കോടിയോളം മാറ്റിവയ്ക്കേണ്ടി വരുന്നു. പ്രളയം എത്തിയതോടെ പ്രതിസന്ധി കൂടി. ഒരു വർഷം ഏകദേശം 20.000 ജീവനക്കാരും അദ്ധ്യാപകരും സർവീസിൽ നിന്നും വിരമിക്കുന്നുണ്ട്. ഏതാണ്ട് 4,000 കോടി രൂപ ഒരു വർഷം ഇവർക്കായി കൊടുത്തു തീർക്കേണ്ടി വരുന്നു. പ്രളയകാലത്തെ സാമ്പത്തികത്തിൽ ഇത് അസാധ്യമാണ്. അതുകൊണ്ടാണ് പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം സജീവമാക്കുന്നത്.