തിരുവനന്തപുരം: രാജാക്കന്മാർക്കും രാജഭരണത്തിനും എതിരെ എന്നും ശക്തമായി നിലകൊള്ളുന്നവരാണ് ഇടതുപക്ഷം. രാജാക്കന്മാരുടെ അടിച്ചമർത്തലുകൾക്ക് എതിരെ ശക്തമായി പോരാടിയ പ്രസ്ഥാനം. എന്നാൽ ഇടതുസർക്കാരിന്റെ നയം അതല്ലെന്ന് വ്യക്തമാക്കി മുൻ നാട്ടുരാജാക്കന്മാർക്കും കുടുംബാംഗങ്ങൾക്കുമുള്ള പെൻഷൻ പിണറായി സർക്കാർ കൂട്ടി.

സമാനമായ രീതിയിൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ കുടുംബ പെൻഷനിലും വർധനവരുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുള്ളത്. ഇതോടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സാമൂതിരി രാജ കുടുംബാംഗങ്ങൾക്ക് പെൻഷൻ നൽകാൻ ഒരുങ്ങിയത് വിവാദമായതുപോലെ പിണറായി സർക്കാരിന്റെ തീരുമാനവും ചർച്ചയാവുകയാണ്.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ നിയമനം രാഷ്ട്രീയ നിയമനം ആയതുകൊണ്ടുതന്നെ മൂന്നുവർഷത്തെ സർവീസ് ഉള്ളവർക്ക് പെൻഷൻ ലഭിക്കും. ഇതിനാൽ തന്നെ കാലാവധി പൂർത്തിയാവുന്ന മുറയ്ക്ക് അവരെ മാറ്റി പുതിയവരെ നിയമിക്കുകയും അടുത്ത ടേം ലഭിക്കാൻ പുതിയ പേഴ്‌സണൽ സ്റ്റാഫിനെ നിയമിക്കുകയും ചെയ്യുന്ന കീഴ് വഴക്കം കാലങ്ങളായി ഇടതു വലതു മുന്നണികൾ ഒരു പോലെ നടപ്പാക്കിയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഇതിനെതിരെ ഇടതുപക്ഷവും ശക്തമായി രംഗത്തുവന്നിരുന്നു. എ്ന്നാൽ രാജാ പെൻഷനുകളിൽ വർധനവു വരുത്തിയതുപോലെ പേഴ്‌സണൽ സ്റ്റാഫ് പെൻഷനും പരിഷ്‌കരിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

മുൻ നാട്ടുരാജാക്കന്മാരുടെ പെൻഷൻ വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതോടൊപ്പം രാജകുടുംബാംഗങ്ങളുടെ ഫാമിലി അന്റ് പൊളിറ്റിക്കൽ പെൻഷൻ ഏകീകരിച്ച് 3000 രൂപയാക്കി വർധിപ്പിക്കാനാണ് തീരുമാനം. അതുപോലെ തന്നെ പേഴ്‌സണൽ സ്റ്റാഫായി വിരമിച്ചവരുടെ അനന്തരാവകാശികൾക്കുള്ള കുടുംബ പെൻഷൻ കെ.എസ്.ആർ ചട്ടങ്ങൾക്കനുസൃതമായി പുതുക്കി നിശ്ചയിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ 826 പേർക്കു പെൻഷൻ കൊടുക്കാനുള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെ തീരുമാനം വിവാദമായിരുന്നു. തീരുമാനം അപമാനകരമെന്നും ഇന്ദിരാഗാന്ധി നിർത്തലാക്കി പ്രിവി പഴ്‌സ് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണെന്നും ആണ് ആരോപണം ഉയർന്നത്.

വർഷം രണ്ടരക്കോടി രൂപയാണു പൊതുഖജനാവിൽനിന്നു നൽകുന്നതെന്നും ഇന്ദിരാഗാന്ധി നിർത്തലാക്കിയ പ്രിവി പഴ്സ് മറ്റൊരു രൂപത്തിൽ തിരിച്ചുകൊണ്ടുവരാനാണ് സർക്കാർ ശ്രമമെന്നും. പ്രിവി പഴ്സ് നിർത്തലാക്കാൻ മുൻപന്തിയിൽനിന്ന പ്രസ്ഥാനങ്ങളെന്ന നിലയ്ക്ക് ഇതിനെ എന്തുവില കൊടുത്തും കെഎസ്‌യുവും യൂത്ത് കോൺഗ്രസും എതിർക്കണമെന്നും ആഹ്വാനം ചെയ്ത് വി ടി ബൽറാം എംഎൽഎയും രംഗത്തെത്തിയിരുന്നു.

ജാതി വേർതിരിവിനെതിരെ ഗുരുവായൂർ ക്ഷേത്രത്തിൽ സത്യഗ്രഹം നടക്കുമ്പോൾ അതിനെ അടിച്ചമർത്താൻ ശ്രമിച്ചത് സാമൂതിരി രാജാവാണ്. അങ്ങനെയുള്ളയാളുടെ കുടുംബാംഗങ്ങൾക്കു പെൻഷൻ കൊടുക്കുന്നത് ജനാധിപത്യ കേരളത്തോടുള്ള വെല്ലുവിളിയാണ്. സവർണത ഇന്നും നിലനിൽക്കുന്നുവെന്നു സൂചിപ്പിക്കുന്നതാണു സർക്കാർ തീരുമാനം. എല്ലാ പൗരന്മാരും തുല്യരായി ജീവിക്കുന്ന ജനാധിപത്യകേരളത്തിലാണ് ഇതു നടക്കുന്നത്. ഇങ്ങനെയൊക്കെ പറഞ്ഞതിന്റെ പേരിൽ തന്നെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കാൻ ശ്രമം നടന്നാലും നിലപാടിൽനിന്നു പിന്നോട്ടില്ലെന്ന് പറഞ്ഞായിരുന്നു ബൽറാമിന്റെ പ്രതികരണം.

രാജാപെൻഷനും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് കുടുംബ പെൻഷനും കൂട്ടുന്നതിന് പുറമെ ബിപിസിഎൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഭൂമി നൽകുന്നതിനും സംസ്ഥാനത്ത് ആറ് പുതിയ പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കാനും ഇന്നത്തെ ക്യാബിനറ്റിൽ തീരുമാനമായി. സ്‌കിൽ ഡവലപ്പ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനാണ് ഭാരത് പെട്രോളിയം കോർപറേഷന് ഏറ്റുമാനൂർ ഐടിഐയുടെ കൈവശമുള്ള 8.85 ഹെക്ടർ ഭൂമിയിൽനിന്നും 3.24 ഹെക്ടർ 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കാൻ പ്രയോജനപ്പെടുന്ന പദ്ധതിയെന്ന നിലയ്ക്കാണ് ബിപിസിഎൽ-ന്റെ അപേക്ഷ പരിഗണിച്ചത്.

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 6 പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് തത്വത്തിൽ ഭരണാനുമതിയായി. മട്ടന്നൂർ എയർപോർട്ട് (കണ്ണൂർ), ഇലവുംതിട്ട (പത്തനംതിട്ട), കണ്ണനല്ലൂർ (കൊല്ലം സിറ്റി), പന്തീരങ്കാവ് (കോഴിക്കോട് സിറ്റി), ഉടുമ്പൻചോല (ഇടുക്കി), മേൽപ്പറമ്പ (കാസർകോട്) എന്നീ സ്ഥലങ്ങളിലാണ് പുതിയ പൊലീസ് സ്റ്റേഷനുകൾ. വടകര പൊലീസ് കൺടോൾ റൂമിൽ 50 പൊലീസ് ഉദ്യോഗസ്ഥരുടെ തസ്തികകൾ സൃഷ്ടിക്കും.

കേരള ഫാമിങ് കോർപ്പറേഷൻ ഡയറക്ടറായിരുന്ന എൽ. ഷിബുകുമാറിനെ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രൊസസിങ് കമ്പനിയുടെ എം.ഡി.യായി നിയമിക്കാൻ തീരുമാനിച്ചു. കാർഷിക കർമ്മസേനകൾ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പ്രൊഫ. യു. ജയകുമാരനെ സ്‌പെഷ്യൽ ഓഫീസറായി നിയമിക്കാൻ തീരുമാനിച്ചു. നിർത്തലാക്കിയ കോഴിക്കോട് വികസന അഥോറിറ്റിയിലെ ജീവനക്കാർക്ക് ഒമ്പതാം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങൾ നൽകും.

കേരള ബ്ലഡ് ബാങ്ക് സൊസൈറ്റിക്ക് തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിൽ 15.5 സെന്റ് ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകും. വ്യവസായ പരിശീലന വകുപ്പിൽ ഐടി സെൽ രൂപീകരിക്കാനും തീരുമാനമായി. ഇതിനായി 6 തസ്തികകൾ സൃഷ്ടിക്കും.

ശ്വാസകോശം, കണ്ണ്, തലച്ചോറ് എന്നീ അവയവങ്ങൾക്ക് ഫംഗസ് രോഗം ബാധിച്ച് എറണാകുളം അമൃതാ ആശുപത്രിയിൽ കഴിയുന്ന എസ് ഐശ്വര്യ എന്ന കുട്ടിയുടെ (എറണാകുളം ജ്യോതി നഗർ ഗോപാലകൃഷ്ണൻ നായരുടെ മകൾ) ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു. കിൻഫ്രയിൽ നിന്ന് പിരിച്ചുവിടപ്പെട്ട 29 കോൺട്രാക്റ്റ് ജീവനക്കാരെ നിലനിർത്താൻ മന്ത്രിസഭ തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, ഇടയാർ എന്നീ സ്ഥലങ്ങളിൽ 2013-ൽ ഉണ്ടായ കലാപത്തിൽ നാശനഷ്ടം സംഭവിച്ച കുഞ്ചുവിളാകത്ത് വീട്ടിൽ വിജയന് 4.05 അഞ്ചുലക്ഷം രൂപയും പള്ളിവിളാകം പുരയിടത്തിൽ ഹൃദയദാസൻ, ബേബിദാസൻ, ന്യൂകോളനിയിൽ സിസ്റ്റസ് എന്നിവർക്ക് രണ്ടുലക്ഷം രൂപ വീതവും ധനസഹായം അനുവദിക്കും. മികച്ച കായികതാരങ്ങൾക്ക് നിയമനം നൽകുന്ന പദ്ധതി പ്രകാരം 2010 മുതൽ 2014 വരെയുള്ള വർഷങ്ങളിലേക്ക് നീക്കിവെച്ച ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് മൗണ്ടനീയറിങ്, കളരിപ്പയറ്റ് എന്നീ കായിക ഇനങ്ങളിലെ ഉദ്യോഗാർത്ഥികളിൽനിന്ന് മാന്വലായി അപേക്ഷ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.