പെൻ റിത്ത്: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തി ജീവിതത്തിന്റെ നാനാമേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നഷ്ടപ്പെട്ടുപോയ ഗൃഹാതുരതയുടെ തുയിലുണർത്തലും, ഓർമ്മപ്പെടുത്തലുമായി പെൻ റിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം . വാദ്യമേളങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ പരമ്പരാഗതമായ രീതിയിലായിലായിരുന്നു കൂട്ടായ്മയുടെ ഓണാഘോഷം.

സെപ്റ്റംബർ 10 ശനിയാഴ്ച കിക്ക്‌സ് വുഡ് ഗവൺമെന്റ് സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടന്നത്. കൂട്ടായ്മ പ്രസിഡന്റ് സണ്ണി മാത്യു, സെക്രട്ടറി മഹേഷ് പണിക്കർ, ട്രഷറർ ചെറിയാൻ മാത്യു എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു.

സുനിതാ സുരേഷിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ കമ്മിറ്റിയംഗമായ അജി ടി ജി സ്വാഗതം ആശംസിച്ചു. ജെയ്‌മോൻ ജോസഫ് ഓണസന്ദേശം നൽകി. തുടർന്ന് കാണികളെ മുഴുവൻ അത്ഭുതത്തിന്റെയും ആവേശത്തിന്റെയും കൊടുമുടിയിൽ എത്തിച്ച് തോമസ് കുരുവിള അവതരിപ്പിച്ച് മാജിക് ഷോ ഓണപ്പാട്ടുമായി എത്തിയ ജോയി ജേക്കബ് അലക്‌സ് ജെമിനി തരകൻ എന്നിവർ വേദിയെ ഉണർത്തി.

തിരുവാതിര, കേരളീയം ഡാൻസ്, ഡ്രാമ, സിനിമാറ്റിക് ഡാൻസ്, ഭരതനാട്യം, ഹാസ്യാവിഷ്‌കാരം, കേരളീയ ഗാനങ്ങൾ എന്നിവയുമായി നിരവധി പ്രതിഭകൾ രംഗത്തെത്തി. മീര ജോയി, മഞ്ജു സുരേഷ്, ലക്ഷ്മി സുജിത്, സാജമ്മ ബെന്നി, നമിതാ സതീഷ് എന്നിവർ വിവിധ പരിപാടികൾക്ക് കോറിയോഗ്രാഫി നിർവ്വഹിച്ചു.

സുരവാദ്യത്തിന്റെ മേളപ്പെരുക്കവുമായി ഇൻഡോഓസിറിഥത്തന്റെ ചെണ്ടമേളത്തിനൊപ്പം കേരളീയ മങ്കമാരുടെയും, ബാലികാ ബാലന്മാരുടെയും അകമ്പടിയോടെ മാവേലി വേദിയിലെത്തി എല്ലാവരെയും സന്ദർശിക്കുകയും, ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് വേദിയിൽ അവതരിപ്പിച് ശിങ്കാരിമേളം ആഘോഷമേളയ്ക്ക് ഉത്സവഛായ പകർന്നു.

പരമ്പരാഗതമായ ചിട്ടവട്ടങ്ങളോടെ തന്നെ 550 തോളം പേർ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യ നടത്തി. ഓണാഘോഷത്തിനോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയകളായവർക്കുള്ള സമ്മാനദാനം, സദ്യവട്ടത്തിനു ശേഷം നടത്തിയ വിനോദ പരിപാടികൾ എല്ലാം തന്നെ കൂട്ടായ്മയുടെ ഉത്സവമായിരുന്നു.

ആഘോഷപരിപാടികൾക്ക് സുരേഷ് പൂക്കോട്ട്, ഷിബു മാളിയേക്കൽ, ജോബി അലക്‌സ്, ജോയി ജേക്കബ്, റിഥോയി പോൾ, ജിനു വർഗ്ഗീസ്, പ്രവീൺ അധികാരം എന്നിവർ നേതൃത്വം നൽകി. കേരളീയ സംസ്‌കാരത്തിന്റെ ലാളിത്യവും, ജാതിമതവർണ്ണ ഭേദങ്ങൾക്കപ്പുറം മനുഷ്യരെല്ലാം ഒന്നാണെന്ന് സന്ദേശം വരും തലമുറയ്ക്ക് പകരാനും, കേരളത്തിനുപ്പുറം, കേരളീയ കലകളുടെ വികാസത്തിനുള്ള വേദിയായി കഴിഞ്ഞിരിക്കുന്നു പെൻ റിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികൾ.