കൊച്ചി: 'പീപ്പിൾ എഗെയ്ൻസ്റ്റ് ഫാസിസം' എന്ന പേരിൽ ഈമാസം 19, 20 തീയ്യതികളിൽ കൊച്ചിയിൽ മനുഷ്യ സംഘടം സംഘടിപ്പിച്ചിരിക്കയാണ്. 40 ഓളം സംഘടനകൾ ചേർന്ന് സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമരത്തിൽ ആരൊക്കെ പങ്കെടുക്കണം എന്നതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചൂടൻ സംവാദം. പ്രമുഖ സാമൂഹ്യ പ്രവർത്തക മീന കന്ദസ്വാമിയാണ് ഇത്തരമൊരു ചർച്ചയ്ക്ക് ചുവടു പിടിച്ചത്. മുസ്ലിം സംഘടനകളെ പരിപാടിയിലേക്ക് ക്ഷണിക്കാത്ത സംഭവമാണ് വിവാദത്തിന് കാരണം. ഇതേക്കുറിച്ച് മീന കന്ദസ്വാമി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെ മീനയെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി.

മുസ്ലിം സംഘടനകളെയൊന്നും പരിപാടിയിൽ പങ്കെടുപ്പിക്കുന്നില്ലെന്ന സംഘാടകരുടെ നിലപാടിനെയാണ് മീന കന്തസ്വാമി ഫേസ്‌ബുക്കിൽ ചോദ്യം ചെയ്തത്. വിലക്കിനെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയെന്ന് മീന കന്തസ്വാമി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. എങ്ങനെയാണ് ഇത് ന്യായീകരിക്കപ്പെടുക. പരിപാടി സംഘടിപ്പിക്കുന്നത് ആർഎസ്എസ് അല്ലല്ലോ. പിന്നീട് പരിപാടിക്ക് നേതൃത്വം നൽകുന്ന രണ്ടുപേരെ കണ്ടപ്പോൾ ഇതേപ്പറ്റി അന്വേഷിച്ചു. എന്തുകൊണ്ടാണ് ഫാഷിസത്തിനെതിരായ സംഗമത്തിൽ മുസ്ലിം ലീഗ്, സോളിഡാരിറ്റി, എസ്ഡിപിഐ, പിഡിപി, ജമാഅത്ത് ഇസ്ലാമി തുടങ്ങിയ സംഘടനകളെ പങ്കെടുപ്പിക്കുന്നില്ല എന്നാണ് ഞാൻ ചോദിച്ചത്. ഒരാൾ അതിന് മറുപടി പറഞ്ഞില്ല. 40 ഓളം സംഘടനകൾ ചേർന്നാണ് സംഗമം സംഘടിപ്പിക്കുന്നത്. അവരുടെ പൊതു തീരുമാനമാണിത് എന്നാണ് രണ്ടാമത്തെയാൾ പറഞ്ഞത്.

ഫാസിസത്തെ കുറിച്ച് എന്ത് ധാരണയാണ് സംഘാടകർക്ക് ഉള്ളതെന്നും മീന കന്ദസ്വാമി ചോദിക്കുന്നു. ഇന്ത്യയിലെ ഫാസിസത്തിന്റെ ഇരകളല്ലേ മുസ്ലിംങ്ങളും എന്ന് ചോദിച്ച അവർ സവർണ്ണ സെക്യുലർ ഇസ്ലാമോഫോബിയയുടെ ഭാഗമാണോ ഇത്തരമൊരു സംഗമെന്നും ചോദിച്ചു. ദളിതുകളെയും ഒഴിവാക്കിയതായി ആരോപിച്ചു. എന്നാൽ, മീന കന്ദസ്വാമിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റോടെ വിഷയം ഏറ്റുപിടിച്ച് സംഘാടകർ അടക്കമുള്ളവർ എന്തുകൊണ്ടാണ് മുസ്ലിംസംഘടനകളെ ഒഴിവാക്കിയതെന്ന് വിശദീകരിച്ചു. കൂടാതെ മനുഷ്യരാരും ഇല്ലേയെന്ന മറുചോദ്യവും ഉന്നയിച്ചു.

മനുഷ്യസംഗമാണ് നടക്കുന്നത് ഇതിലേക്ക് മുസ്ലിംലീഗിനെയും വെൽഫെയർ പാർട്ടിയെയും എസ്ഡിപിഐയെയും പോലുള്ളവരെ ക്ഷണിക്കേണ്ട ആവശ്യമുണ്ടോ എന്നാണ് ഇവർ ചോദിച്ചത്. മുസ്ലിം മൗലികവാദം വച്ചുപുലർത്തുന്നവർ എന്ന നിലയിലാണ് ഇവരെ ഒഴിവാക്കിയതെന്നാണ് സംഘാടകരുടെ വിശദീകരണം. ഈ വിവാദത്തെ കുറിച്ച് സോഷ്യൽ ആക്ടിവിസ്റ്റും വിദ്യാർത്ഥിയുമായി അരുന്ധതി വിശദീകരിച്ചത് ഇങ്ങനെ:

വിമർശനം ഉയരുന്നത് ഒഴിവാക്കപ്പെട്ട ചില പേരുകളെക്കുറിച്ചാണ്. ഇസ്ലാമിസ്റ്റുകളെ പരസ്യമായി തള്ളിപ്പറഞ്ഞ മുസ്ലിം ലീഗിനെ പോപ്പുലർ ഫ്രണ്ടിനും ജമാ അത്തെ ഇസ്ലാമിക്കുമൊപ്പം പ്രതിഷ്ഠിച്ചതിന് ലീഗ് കന്തസാമിക്ക് മാപ്പ് കൊടുക്കട്ടെ. ചോദ്യം മുസ്ലിം സംഘടനകളുടെ പ്രാതിനിധ്യത്തെക്കുറിച്ചാണെങ്കിൽ ജമാ അത്തിനെക്കാളും എസ് ഡി പി ഐ യെക്കാളും ജനപങ്കാളിത്തമുള്ള മുസ്ലിം സംഘടനകളുടെ പേരുകൾ എന്തേ കടന്നുവരുന്നില്ല? മുസ്ലിം സ്വത്വത്തിന്റെ മൊത്തക്കച്ചവടക്കാരായി സ്വയം അവതരിപ്പിക്കുന്നവരുടെ പേരുകൾ മാത്രം ഉയർന്നു കേൾക്കുന്നതിൽ തന്നെ പ്രശ്‌നമുണ്ട്. ഇനിയീ കേൾക്കുന്ന പേരുകളെക്കുറിച്ച്, മതേതരത്വം എന്ന ആശയത്തെ നിഷേധിക്കുന്ന, ഒരു തെറി വാക്ക് പോലെ തള്ളുന്ന, മത രാഷ്ട്രത്തിനു വേണ്ടി വാദിക്കുന്ന, ലിംഗ നീതി നിഷേധിക്കുന്ന പ്രത്യയശാസ്ത്രമാണ് ഇവയ്‌ക്കൊക്കെയും പൊതുവായുള്ളത്. എന്താണ് ഇവരും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസം? അധികാരം. Hindutva - Political Power = Islamists. ഈ വ്യത്യാസം കൊണ്ടുതന്നെ ഹിന്ദുത്വ ഫാസിസം കൂടുതൽ എതിർക്കപ്പെടെണ്ടിയിരിക്കുന്നു. ഒരു മതത്തിന്റെ വർഗീയതയെ മറ്റൊരു മതത്തിന്റെ വർഗീയത എതിർക്കുക സ്വാഭാവികം. അതുകൊണ്ടവരെ സ്വീകരിച്ചാനയിക്കുന്നത് വിഡ്ഢിത്തം. ഇനിയതല്ല, ഫാസിസ്റ്റ് പ്രവണതകൾ കാട്ടിയാലും ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന സംഘടനകൾ ആയതുകൊണ്ട് വേദി നല്കണമെന്നാണെങ്കിൽ രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന 'സാംസ്‌കാരിക' സംഘടനയെയും ക്ഷണിക്കേണ്ടി വരും. ചുംബന സമരത്തിനെതിരെ ഹനുമാൻ സേനക്കൊപ്പം നടന്ന് പോത്തുകളെ തെളിച്ച എസ്.ഡി.പി.ഐ ഫാസിസത്തിനെതിരെ സംഗമിക്കുന്നതിനോളം മനുഷ്യത്വ വിരുദ്ധമായെന്തുണ്ട്?

സംഘാടകരായ 40 കൂട്ടങ്ങളിൽ കേരളമുസ്ലിം മഹിള ആന്ദോളനും നിസയുമുണ്ട്. മുസ്ലിം സമുദായത്തിനകത്തുനിന്ന്!, വിശ്വാസികളായ മുസ്ലിം സ്ത്രീകൾ നയിക്കുന്ന സംഘടനകളാണിവ. അയിത്തം മുസ്ലീമിനോടല്ല എന്ന് വ്യക്തം. ഒഴിവാക്കപ്പെട്ടത് മതമല്ല, വർഗീയതയാണ്. ഇസ്ലാമിസ്റ്റുകൾ = മുസ്ലിം എന്ന സമവാക്യം ബോധപൂർവമായി സൃഷ്ടിക്കാൻ ശ്രമിച്ച് സംഗമത്തെ ഇസ്ലാമോഫോബിക് ആക്കി മുദ്ര കുത്തുമ്പോൾ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെക്കൂടിയാണ് -അരുദ്ധതി വ്യക്തമാക്കി.

അതേസമയം മറുവാദം ഉന്നയിക്കുന്നവർ കാമ്പുണ്ട് എന്ന വാദക്കാരാണ്. എ എ ബേബി, കാനം രാജേന്ദ്രൻ, എം ബി രാജേഷ്, സുനിൽകുമാർ, ചന്ദ്രപിള്ള, രാജാജി മാത്യു തോമസ് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളെ സംഗമത്തിൽ പങ്കെടുപ്പിക്കുമ്പോൾ കോൺഗ്രസ്സിൽ നിന്ന് ആരേയും പങ്കെടുപ്പിക്കാത്തത് എന്തുകൊണ്ടാണെന്നും ഇവർ ചോദിക്കുന്നു. ഫാസിസത്തിനെതിരെ നിലപാടെടുക്കുന്ന വി ടി ബൽറാമിന്റേയോ വി എം സുധീരന്റേയോ ഉൾപ്പെടുത്താത്താണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അതുമല്ലെങ്കിൽ കമ്യൂണിസ്റ്റ് തന്നെയായ സി പി ജോണിന്റെ. എന്തുകൊണ്ട് ഇവരെയെല്ലാം ഒഴിവാക്കി എന്നത് അത്ഭുതകരമായിരിക്കുന്നു. കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷം ഫാസിസ്റ്റ് വിരുദ്ധവും മറുപക്ഷം ഫാസിസ്റ്റുമാണോ? എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.

കൊച്ചിയിൽ സംഘടിപ്പിച്ചിരിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയിൽ എല്ലാരും ആടണ് എന്ന പേരിൽ കൂട്ടയാട്ടവും സംഘടിപ്പിക്കുന്നുണ്ട്. ചലച്ചിത്രതാരം റീമാ കല്ലിങ്കലിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന കൂട്ടയാട്ടമാണ് സംഗമത്തിലെ പ്രധാന പരിപാടി. ആട്ടത്തിനുള്ള ചുവടുകളും സംഘാടകർ പുറത്തുവിട്ടുകഴിഞ്ഞു. റിമ കല്ലിങ്കലിന്റെ ഫേസ്‌ബുക്ക് പേജിൽ കൂട്ടയാട്ടത്തിന്റെ ചുവടുകളുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഭയ് സാഹു, എം.എ.ബേബി, കാനം രാജേന്ദ്രൻ,ഷാനിമോൾ ഉസ്മാൻ, എൻ.എസ്.മാധവൻ, എം.എൻ.രാവുണ്ണി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാസംസ്‌കാരിക മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.