ന്യൂഡൽഹി: വിദേശപര്യടന വേളകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിക്കുന്ന വസ്ത്രങ്ങൾ മുമ്പ് പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുകയും വൻ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമവരെ മോദിയുടെ ഡ്രസ് സെൻസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കുറി ആഫ്രിക്കൻ രാജ്യങ്ങളിൽ പര്യടനം നടത്തുന്ന മോദി ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോൾ ധരിച്ച വസ്തത്തെ കളിയാക്കി സോഷ്യൽമീഡിയയിൽ കമന്റുകൾ നിറയുകയാണ്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോൾ ധരിച്ച ഷർട്ടാണ് ഇപ്പോൾ ചർച്ചാവിഷയമായിട്ടുള്ളത്.

ചടങ്ങിൽ പങ്കെടുക്കാനായി നെൽസൻ മണ്ടേലയുടെ ഇഷ്ട വേഷമായ ബാറ്റിക്ക് സിൽക്ക് കുപ്പായമാണ് മോദി ധരിച്ചത്. ഇന്നലെ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ ജൊഹനാസ് ബർഗ്ഗിൽ ഒരുക്കിയ സ്വീകരണത്തിലായിരുന്നു വെള്ളിത്തിളക്കമുള്ള മാഡിബ ഷർട്ട് ധരിച്ച് മോദി എത്തിയത്. ഡാൻസുകാർ ധരിക്കുന്ന വേഷംപോലെയുണ്ടെന്നായിരുന്നു പലരുടേയും വിമർശനം. ഇതിന് യുനെസ്‌കോ ബെസ്റ്റ് ഷർട്ട് പുരസ്‌കാരം നൽകുമോ എന്ന ചോദ്യങ്ങളും നിരവധി.

മോദിയെ യുനെസ്‌കോ മികച്ച പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെന്നും മറ്റും വ്യാജ ട്വീറ്റുകൾ ദിവസങ്ങൾക്കുമുമ്പ് പ്രചരിച്ചത് വലിയ വാർത്തയായിരുന്നു. കേട്ടപാതി കേൾക്കാത്തപാതി പലരും ഇത് പ്രചരിപ്പിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ബില്യാഡ്‌സ് ചാമ്പ്യൻ പങ്കജ് അദാനിയും ഈ അബദ്ധം വിശ്വസിച്ച് ട്വീറ്റ് ആവർത്തിച്ചതോടെ വാർത്ത കാട്ടുതീപോലെ പ്രചരിച്ചു. ഇതിനെക്കൂടി കളിയാക്കിയാണ് മോദിയുടെ ഷർട്ടും യുനെസ്‌കോ മികച്ച ഷർട്ടായി തിരഞ്ഞെടുക്കുമോ എന്ന കളിയാക്കൽ ട്വിറ്ററിലും ഫേസ്‌ബുക്കിലും ആവർത്തിക്കപ്പെടുന്നത്. പുതിയ ടെക്‌സ്റ്റൈൽ മിനിസ്റ്റർ തുന്നിക്കൊടുത്തതാണോ എന്നാണ് മറ്റുചില വിരുതന്മാരുടെ ചോദ്യം. മേരാനാം ജോക്കറിലെ രാജ്കപൂറിന്റെ വേഷം പോലെയുണ്ടെന്നും അദ്ദേഹത്തിന്റെ ജോഹന്നസ് ബർഗ് പ്രസംഗത്തിനെക്കാളും ഷർട്ട് കൊള്ളാമെന്നുമെല്ലാം ചിലർ വച്ചുകാച്ചുന്നു.

മോദിയുടേത് ഡിസ്‌കോ ഷർട്ടാണെന്നും ഡാൻസറുടെ ഷർട്ടാണെന്നും മറ്റും പ്രചരണവുമായി കളിയാക്കൽ ഒരുവശത്തു നടക്കുമ്പോൾ അതിനെ എതിർത്തുകൊണ്ട് മോദി ആരാധകരും രംഗത്തെത്തിയതോടെ ഇക്കുറിയും മോദിയുടെ ഷർട്ട് വൻ ചർച്ചാവിഷയമായിരിക്കുകയാണ്. റിപ്പബ്ലിക് ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച സ്യൂട്ട് മുമ്പ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഈ സ്യൂട്ടിന് വൻ പ്രചാരം ലഭിച്ചതോടെ ഇതും മോദിക്ക് ലഭിച്ച 455ഓളം സമ്മാനങ്ങളും ലേലത്തിന് വയ്ക്കുകയും ചെയ്തിരുന്നു.

ഗംഗ ശുചീകരണത്തിനായി പണം കണ്ടെത്തുന്നതിനാണ് സ്യൂട്ട് ലേലത്തിൽ വിൽക്കുന്നതെന്നായിരുന്നു വിശദീകരണം. നരേന്ദ്ര ദാമോദർദാസ് മോദി എന്ന് ആയിരം തവണ സ്വർണ്ണനൂലിൽ തുന്നിയ സ്യൂട്ടായിരുന്നു ഇത്. ഒബാമയുമായുള്ള കൂടിക്കാഴ്ചയിൽ നരേന്ദ്ര മോദിയുടെ വേഷമിതായിരുന്നു. ഹോളണ്ടിലെയും ഷെറിയിലെയും പ്രശസ്ത വസ്ത്രനിർമ്മാതാക്കളാണ് സ്യൂട്ട് നിർമ്മിച്ച് നൽകിയത്.

പൊതുവേദികളിൽ വ്യത്യസ്തനായി മാത്രം പ്രത്യക്ഷപ്പെടാറുള്ള മോദിയുടെ വസ്ത്രധാരണം തുടക്കം മുതലേ ചർച്ച ചെയ്യപ്പെട്ടിരുന്നു . മോദിയുടെ വസ്ത്രശൈലിക്ക് അമേരിക്കയിൽ നിന്ന് വരെ അഭിനന്ദനങ്ങൾ വന്നിരുന്നു. ഇന്ത്യയുടെ ഫാഷൻ ഐക്കണാണ് മോദിയെന്ന് ഒബാമയുടെ സാക്ഷ്യപത്രവും ലഭിച്ചു. എന്നാൽ ഒബാമയെ ഞെട്ടിക്കാൻ മോദി ധരിച്ച ആഡംബരസ്യൂട്ട് മാത്രം കുറച്ച് കടന്നുപോയെന്ന് വിമർശമുയർന്നു. ചായക്കടക്കാരനെന്ന ലേബലിൽ സാധാരണക്കാരനിൽ സാധാരണക്കാരനായി അധികാരമേറ്റ പ്രധാനമന്ത്രി ആഡംബരസ്യൂട്ട് ധരിച്ചതിനെ ചൊല്ലിയായിരുന്നു അന്ന് ചർച്ചകൾ കൊഴുത്തത്.