കോഴിക്കോട്: അടച്ചിട്ടിട്ട് തുറക്കുമ്പോൾ വൻജനപ്രവാഹം. അതാണ് കേരളത്തിലെ തെരുവുകളിലും മാർക്കറ്റുകളിലും ഇപ്പോഴത്തെ പതിവ് കാഴ്ച. വെള്ളിയാഴ്ചയും, തിങ്കളാഴ്ചയും വൻ തിരക്ക്. വാരാന്ത്യ ലോക്ഡൗൺ അശാസ്ത്രീയമെന്ന് ഒരുസംഘം വിദഗ്ദ്ധർ പറയുമ്പോൾ മറ്റൊരു വിഭാഗം അതാണ് രോഗനിയന്ത്രണം സാധ്യമാക്കുന്നതെന്ന് പറയുന്നു. ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ലെങ്കിലും, ജനം തെരുവിലിറങ്ങുകയാണ്. പലപ്പോഴും സാമൂഹിക അകലം പാലിക്കാതെ. കോഴിക്കോട് മിഠായി തെരുവിലെയും മറ്റും കാഴ്ചകൾ ഈ കോവിഡ് കാലത്ത് ഭീതിജനകമാണ്. കാറ്റഗറി സി വിഭാഗത്തിൽ പെടുന്ന ഇവിടെ ഒരുദിവസമാണ് കടകൾ തുറക്കുന്നത്. അതുകൊണ്ട്തന്നെ ആ ദിവസം വൻജനനതിരക്കാണ്. മൂന്നാം തരംഗത്തിന്റെ വേഗം കൂട്ടുന്ന തിരക്ക്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ പോസ്റ്റ് വായിച്ചാൽ, വരാനിരിക്കുന്ന അപകടത്തിന്റെ തെളിഞ്ഞ സൂചന കാണാം.

പി.പി.ദിവ്യയുടെ പോസ്റ്റ്:

ഉറക്കമില്ലാത്ത രാത്രികൾ വീണ്ടും വരും .. ശ്മശാനപറമ്പിനു മുൻപിലും ഈ തിരക്കുണ്ടാവും....

ആഘോഷങ്ങൾ ആഹ്‌ളാദം നൽകേണ്ടതാണ് .വെള്ള പുതച്ചു കിടക്കാനുള്ള അവസരമാവാതിരിക്കട്ടെ .. കോവിഡ് ഒന്നും രണ്ടും ഘട്ടം കഴിയുമ്പോൾ സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരുമൊക്കെയായി നിരവധിയാളുകളുടെ ജീവനാണ് കവർന്നത് .. പരിചിതരും ,അപരിചിതരുമായ നിരവധി പേരാണ് രാത്രിയെന്നോ പകലെന്നോയില്ലാതെ വിളിച്ചത് .ഉറക്കം നഷ്ടമായ കുറെ ദിനങ്ങളിൽ കിടക്കാൻ ഒരു ബെഡ് ഇല്ലാതെ ,ഐ.സി .യു ആവശ്യമായവർ, വെന്റിലേറ്റർ കിട്ടാതെ ആശുപത്രി വരാന്തയിൽ നിന്നു കരഞ്ഞവർ .... വീണ്ടും വരുമോ ആ ദിവസങ്ങൾ എന്നാശങ്കയുണ്ട് .ശ്മശാന പറമ്പിനു പുറത്ത് മൃതദേഹവുമായി കാത്തു നിന്നത് ആരും മറന്നിട്ടുണ്ടാവില്ല .കഴിഞ്ഞ ഒന്നര വർഷമായി വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് ആരോഗ്യ പ്രവർത്തകൾ ,പൊലീസ് ,വാർഡ് മെമ്പർമാർ മുതൽ മുഖ്യമന്ത്രി വരെ .ആവശ്യത്തിന് ഓക്‌സിജൻ കിട്ടാതെ നമ്മുടെ ആശുപത്രികൾ ഓക്‌സിജൻ ടാങ്കറുകൾക്ക് വേണ്ടി കാത്തിരുന്നു ഒരു ജീവൻ പോലും നഷ്ടപ്പെടാതിരിക്കാൻ .വീണ്ടും ഈ രംഗങ്ങൾ ആവർത്തിക്കണോ ... എല്ലാം സർക്കാരിന്റെ ഉത്തരവാദിത്തമെന്നു പറയുന്നവർ അറിയണം സർക്കാർ എന്നാൽ ജനങ്ങൾ തന്നെയാണ്. പൂമ്പാറ്റയെപ്പോലെ പറന്നു നടക്കാൻ ഇത്തിരി കൂടി കാത്തിരിക്കൂ ... ജീവനെക്കാളും വലുതല്ല നമുക്ക് മറ്റൊന്നും .

ഇടവിട്ടുള്ള ദിവസങ്ങളിലെ നിയന്ത്രണങ്ങളും വാരാന്ത്യ ലോക്ഡൗണും തിരക്ക് കൂട്ടാൻ കാരമാകുന്നുവെന്നാണ് വിദഗ്ധരുടെ വിമർശനം. ടിപിആർ കണക്കാക്കുന്ന രീതിയേക്കുറിച്ചും ആക്ഷേപമുണ്ട്. വെള്ളിയാഴ്ചയും, തിങ്കളാഴ്ചയും ബസ്റ്റാന്റിലും കടകളിലും പൊതു നിരത്തിലുമെല്ലാം ഒരു സാധാരണ ദിവസത്തേക്കാൾ തിരക്ക് കാണാം. രണ്ടിദിവസം ട്രിപ്പിൾ ലോക്ഡൗൺ ആയതിനാൽ സാധനങ്ങൾ വാങ്ങാനും മറ്റും തിരക്കു കൂട്ടിയിറങ്ങിയവർ. സ്ഥാപനങ്ങൾ തുറക്കുന്ന സമയം കൂട്ടി നൽകി ഒരേസമയം കുറച്ചാളുകൾ വരുന്ന രീതിയിലേയ്ക്ക് മാറണമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്.

അതേപോലെ, ബക്രീദ് പ്രമാണിച്ചു നാളെ മുതൽ 3 ദിവസം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരി-വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതിനു പിന്നാലെയാണു 18,19,20 തീയതികളിൽ ഇളവു നൽകാൻ തീരുമാനിച്ചത്. ബക്രീദിന് ലോക്ക്ഡൗണിൽ ഇളവ് നൽകുകയും ഓണത്തിനും ക്രിസ്തുമസിനും അടച്ചിടുകയും ചെയ്യുന്നതാണ് സംസ്ഥാനത്തെ രീതിയെന്നും ഇത് ശരിയല്ലെന്നും ഉള്ള കേന്ദ്രമന്ത്രി വി.മുരളീധരന്റെ വിമർശനവും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നുണ്ട്. സർക്കാർ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

.അശാസ്ത്രീയമായ സമീപനമല്ല എടുക്കേണ്ടത്. ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര സർക്കാരിന്റേയും നിർദ്ദേശങ്ങളുണ്ട്. പ്രധാനമന്ത്രി ഇന്നലേയും മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഇക്കാര്യം പ്രത്യേകമായി സൂചിപ്പിച്ചു. ശനിയും ഞായറും അടച്ചിടുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.ഞങ്ങൾ പ്രത്യേകമായ രീതിയിലാണ് കൊവിഡിനെ നേരിടുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. ആ രീതി സമ്പൂർണമായി പരാജയപ്പെട്ടെന്ന് ബോദ്ധ്യമായെന്നും മുരളീധരൻ വിമർശിച്ചു.

മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ സംഭവിച്ചേക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ കണക്കുകൂട്ടൽ ശരിയെങ്കിൽ, തെരുവുകളിലെ ഈ തിരക്ക് നൽകുന്നത് ശുഭ സന്ദേശമല്ല.