നങ്ങളെ സേവിക്കുന്ന ആശുപത്രികൾ ഇന്നുണ്ടോ എന്നൊരു സംശയം ഉണ്ടായതിനാലാണ്, ഇതെഴുതാൻ തീരുമാനിച്ചത്. എന്താണു ഇക്കാലത്തു പ്രൈവറ്റ് ആശുപത്രികളിൽ നടക്കുന്നത്? പ്രത്യേകിച്ചു വലിയ വലിയ ആശുപത്രികളിൽ. ചികിത്സയെപ്പറ്റി ചോദിച്ചാൽ ശരിയായി ഉത്തരം പറയാൻ മടിക്കുന്ന ഡോക്ടർമാർ, ബില്ലിനെപ്പറ്റി ചോദിച്ചാൽ കണ്ണുരുട്ടുന്ന മാനേജ്‌മെന്റു, ആവശ്യത്തിനും അനാവശ്യത്തിനും ടെസ്റ്റുകളും സ്‌കാനിങ്ങുകളും നടത്തിക്കുന്ന അപ്പോത്തിക്കിരിമാർ എന്നു വേണ്ട, മനുഷ്യനെ വെറും നിർജ്ജീവ വസ്തുക്കളായി മാത്രം കാണുന്ന ആശുപത്രി സംവിധാനങ്ങളും അതിനനുകൂലമായ നിയമങ്ങളുമാണ് ഇപ്പോൾ നമ്മുടെ നാട്ടിലുള്ളതെന്നു തോന്നിപ്പോകുന്നു. അതാണല്ലോ നമ്മുടെ നാട്ടിലെ ആശുപത്രി ചികിത്സകളിൽ യാതൊരു സുതാര്യതയും ഇല്ലാത്തത്.

എന്നാണ് മനുഷ്യനു ആവശ്യവും യോജിക്കുന്നതുമായ ചികിത്സാ നിയമങ്ങൾ നമ്മുടെ ഭരണകർത്താക്കൾ ഉണ്ടാക്കാൻ പോകുന്നതു?

വളർത്തു മൃഗങ്ങൾക്കും വന്യമൃഗങ്ങൾക്കും വരെ നിയമങ്ങൾ ധാരാളമായി ഉണ്ടായിക്കഴിഞ്ഞു. മനുഷ്യനു യോജിച്ച നിയമങ്ങൾ മാത്രം ഉണ്ടാക്കാൻ ആർക്കും കഴിയുന്നില്ലേ?

രോഗിയെ ഐ സി യു എന്നൊരു ആശുപത്രി തടവറയിലേക്കു കടത്തിയാൽ പിന്നെ എല്ലാം തോന്നിയവാസമാണ് അരങ്ങേറുന്നത്. മണിക്കൂറുകൾ ഇടവിട്ട് മരുന്നുകളും ടെസ്റ്റുകളും മറ്റു ആവശ്യ വസ്തുക്കളും എന്നു വേണ്ട, ഒരു കുടുംബത്തെ മുഴുവൻ തെരുവിൽ ഇറക്കാൻ പര്യാപ്തമായ രീതിയിൽ രഹസ്യ ചികിത്സകൾ അവിടെ അരങ്ങേറി തുടങ്ങുകയായി. പണം മുഴുവൻ ഒറ്റ ചികിത്സയിൽ കൊള്ളയടിച്ചു കൊണ്ടു പൊയ്ക്കളയും. രോഗിയുടെ ജീവൻ പോയാലും വിടില്ല, ചികിത്സ തുടർന്നു കൊണ്ടേയിരിക്കും. മരിച്ചത് എപ്പോൾ എന്നുപോലും ബന്ധുക്കൾക്ക് ശരിയായി അറിയാൻ പറ്റില്ല. കാരണം ആർട്ടിഫിഷ്യൽ വെന്റിലേറ്ററും മറ്റു പല ഉപകരണങ്ങളും ഉപയോഗിച്ചു ശരീരം അനക്കി, ചലിപ്പിച്ചു കാണിക്കും. അതു എത്ര നാൾ വരെയും തുടരാം. കൊള്ളയടിച്ചു കൊള്ളയടിച്ചു ബന്ധുക്കളെ ഒരു പരുവത്തിൽ ആക്കുന്നതുവരെയും അതു തുടരും. രോഗി മരിച്ചു കഴിഞ്ഞാലും, മരിച്ച വിവരം ബന്ധുക്കളെ അറിയിക്കാതെ മരുന്നുകൾ തുടരെത്തുടരെ വാങ്ങിപ്പിക്കും. ഒരു സമയം പതിനായിരം മുതൽ മുപ്പതിനായിരം വരെ രൂപയ്ക്കുള്ള മരുന്നുകൾ വാങ്ങിപ്പിക്കും. അതൊക്കെ എവിടേക്കു പോകുന്നു എന്നു പോലും ബന്ധുക്കൾക്ക് അറിയാൻ പറ്റില്ല.

ഐ സി യു വിലെ ചികിത്സയെപ്പറ്റി ഒരു റിപ്പോർട്ടു പോലും ആർക്കും കൊടുക്കേണ്ട. അത്രമാത്രം കൊള്ളയടിക്കാൻ ഉതകുന്ന സംവിധാനങ്ങളാണ് നമ്മുടെ നാട്ടിൽ.. അടുത്ത ബന്ധുക്കൾക്ക് പോലും രോഗിയെ ഒന്നു കാണണമെങ്കിൽ ഡോക്ടർ കനിയണം. മരിച്ചു കഴിഞ്ഞാലോ, മസ്തിഷ്‌ക മരണം, അല്ലാത്ത മരണം എന്നൊക്കെ പറഞ്ഞു മനുഷ്യരെ തുടർന്നും പറ്റിച്ചു കൊണ്ടേയിരിക്കും. ഒത്താൽ രോഗിയുടെ അവയവങ്ങൾകൂടി തട്ടിയെടുത്ത് അങ്ങനെയും കുറേ കാശുണ്ടാക്കാമല്ലോ എന്നാവും ചിന്ത.

ഇരുപത്തൊന്നാം നൂറ്റാണ്ടായി. എന്നിട്ടും ജനങ്ങൾക്കും അവരുടെ ചികിത്സയുടെ എല്ലാ വിവരങ്ങളും, ചോദിച്ചാലെങ്കിലും കൊടുത്തുകൂടേ? അതു കിട്ടാന്തക്ക നിയമങ്ങൾ ഇതുവരെയും ഇല്ലാത്തതു കൊണ്ടാണോ ആശുപത്രികളിൽ അത്തരം രഹസ്യസ്വഭാവം നിലനിൽക്കുന്നത്. നാം ഇന്ത്യാക്കാരായ ജനങ്ങളുടേത് എത്ര പരിതാപകരമായ അവസ്ഥ. അല്ലേ? ഇന്ത്യക്കാരന്റെങ ജീവന് ഒരു വിലയുമില്ലേ? ഇത്രമാത്രം രഹസ്യ സ്വഭാവം വേണോ, ഈ ചികിത്സകളിൽ. ഇത് നിര്ത്തയലാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

താഴെ പറയുന്ന ചില നിർദ്ദേശങ്ങൾ അധികൃതരുടെ ശ്രദ്ധയ്ക്ക് അതിനായി സമർപ്പിക്കുന്നു.

  • എല്ലാ ചികിത്സാവിവരങ്ങളും ആവശ്യപ്പെട്ടാലുടൻ രോഗിക്കോ, രോഗിയുടെ അടുത്ത ബന്ധുക്കൾക്കോ വിശദമായി നൽകാൻ വേണ്ട സംവിധാനം എല്ലാ ആശുപത്രികളിലും ഉണ്ടാവണം.
  • ടെസ്റ്റുകളും മറ്റു ചികിത്സാഉപകരണങ്ങളുടെ ഉപയോഗവും രോഗനിര്ണ യത്തിനു ആവശ്യമെന്നു രോഗിയെ അഥവാ ബന്ധുക്കളെ ബോധ്യപ്പെടുത്തണം.(ഇത് അനാവശ്യ ടെസ്റ്റുകൾ ഒഴിവാക്കാൻ ആവശ്യമാണ്.)
  • ഇൻ പേഷ്യന്റോ ചികിത്സയുടെ ഡിസ്ചാർജ് റിപ്പോർട്ടും ചാർജസും രോഗിക്കോ, രോഗിയുടെ അടുത്ത ബന്ധുക്കൾക്കോ ബോധ്യപ്പെടുത്തി നല്കണം.
  • ഐ സി യു എന്ന ആശുപത്രി തടവറ നിർത്തലാക്കി പകരം അതേ ചികിത്സാ സംവിധാനത്തിൽ ബന്ധുക്കൾക്കു കൂടി രോഗിയോടൊപ്പം നിൽക്കാനുള്ള മുറികൾ ഏർപ്പെടുത്തണം. അവിടെ നടക്കുന്നത് എന്താണെന്നു ബന്ധുക്കൾക്കും മനസ്സിലാക്കികൊടുക്കണം. അഥവാ ബന്ധുക്കൾക്കും രോഗിയോടൊപ്പം നില്ക്കാൻ അനുവാദമുള്ള ഇൻപേഷ്യന്റ് മുറികൾ കൊടുക്കണം.
  • ഐ സി യു ചികിത്സയുടെ വിശദമായ റിപ്പോർട്ടും വാങ്ങികൊടുത്ത ഉപകരണങ്ങളുടെയും മരുന്നുകളുടെയും മറ്റു സാധനങ്ങളുടെയും ഉപയോഗവും രോഗിയുടെ ബന്ധുക്കളെ ബോധ്യപ്പെടുത്തികൊടുക്കണം. (അവിടെയാണല്ലോ ഒരു ആശുപത്രിയിലെ ഏറ്റവും വലിയ കൊള്ള നടക്കുന്നത്.)
  • എല്ലാ ചികിത്സകൾക്കും ഈടാക്കാവുന്ന നിരക്കുകൾ സർക്കാർ മേല്‌നോട്ടത്തിൽ നിശ്ചയിക്കണം.
  • രോഗിക്കനുകൂലമായ മേല്പറഞ്ഞ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ച നിയമങ്ങൾ ഉണ്ടാക്കണം. എങ്കിലേ, എങ്കിൽ മാത്രമേ നല്ലൊരു ചികിത്സാരീതി നമ്മുടെ നാട്ടിലും ഉണ്ടാവുകയുള്ളൂ. അധികൃതർ വേണ്ടതു ചെയ്തിരുന്നെങ്കിൽ ജനങ്ങൾ എത്ര സന്തുഷ്ടരായെനേം.