മുംബൈ: നോട്ടുനിരോധനം ജനങ്ങളെ ആകെ ദുരിതത്തിലാക്കിയതിന്റെ പശ്ചാത്തലത്തിൽ നോട്ടുമാറാൻ ഒരവസരം കൂടി നൽകാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. നിശ്ചിത പരിധി വച്ചു നോട്ടു മാറിയെടുക്കാൻ ഒരവസരം കൂടി നൽകുമെന്ന സൂചനയാണു പുറത്തുവരുന്നത്.

2000 രൂപ വരെയൊക്കെ ഇത്തരത്തിൽ മാറ്റിയെടുക്കാനായേക്കും. ഓരോ സമയം പണം മാറ്റിയെടുക്കാനാൻ എത്തുന്നവരെ കൂടുതൽ ശ്രദ്ധിക്കാനായി അധിക കൗണ്ടറുകൾ തുറക്കുമെന്നും സൂചനയുണ്ട്. നോട്ട് നിരോധനത്തെ തുടർന്ന് പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ മാറ്റാൻ ഡിസംബർ 30 വരെയാണ് സമയം കൊടുത്തിരുന്നത്. ഈ ദിവസം കഴിഞ്ഞതോടെ നിരവധി പേരാണ് പരാതിയുമായി എത്തിയത്.

നിരോധനത്തെ കുറിച്ച് അറിയാതിരുന്നവർ, വിദേശത്തായിരുന്നവർ, വയോധികർ ഇങ്ങനെ നിരവധി പേർ പരാതിയുമായി എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 8ന് നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോൾ പിൻവലിക്കപ്പെട്ടത് ഉപയോഗത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളാണ്. ഇതിൽ ബഹുഭൂരിപക്ഷവും ബാങ്കിൽ തിരികെ എത്തിക്കഴിഞ്ഞു.