തിരുവനന്തപുരം: നായകനെതിരെ ശബ്ദിക്കുന്ന നായികാ കഥാപാത്രം പോലും അപൂർവമായ ലോകമാണ് മലയാള സിനിമ. അങ്ങനെയുണ്ടെങ്കിൽത്തന്നെയും അന്തിമ വിജയം നായകന്റെതായിരിക്കും. നായിക അവന് കീഴ്‌പ്പെട്ടിട്ടും ഉണ്ടാകും. അഭ്രപാളികളിൽപ്പോലും കടുത്ത ആൺകോയ്മ വെച്ചുപുലർത്തുന്ന മലയാള സിനിമയിൽ, അതിനെതിരേ ശബ്ദിച്ചിട്ടുള്ളത് അപൂർവം ചില നടിമാർ മാത്രമാണ്. ശബ്ദിച്ചുപോയാൽ, അവർ സിനിമയിൽനിന്ന് വിലക്കപ്പെടും എന്നതിന് എത്രയോ ഉദാഹരണങ്ങൾ.

അടുത്തിടെ, മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധ നിലപാടുകളെക്കുറിച്ച് പൊതുവേദിയിൽ തുറന്ന് സംസാരിച്ച നടി പാർവതിക്കുനേരെയുണ്ടായ അധിക്ഷേപവും സോഷ്യൽ മീഡിയയിലൂടെ നടന്ന ആക്രമണവും ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ടേക്കോഫിലെ അത്യുജ്വല അഭിനയത്തിന് ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട പാർവതിയുടെ കരിയർ തന്നെ സംശയത്തിന്റെ നിഴലിലാകാൻ ഈ സംഭവം കാരണമായി.

തുറന്നുപറയുന്ന സ്ത്രീ അഹങ്കാരിയാണെന്ന് കരുതുന്ന ആരാധക വൃന്ദവും ഇവിടെയുണ്ട്. ഇത്തരമൊരു തുറന്നു പറച്ചിലിന്റെ ദൂഷ്യഫലം നേരിട്ടനുഭവിച്ച മറ്റൊരു നടികൂടിയുണ്ട്. ബാംഗ്ലൂർ ഡേയ്‌സ് എന്ന സിനിമയിൽ പാർവതിക്കൊപ്പം അഭിനയിച്ച നിത്യമേനോൻ. ഒട്ടേറെ മികകച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായ നിത്യ മേനോൻ കുറച്ചുനാളായി മലയാള സിനിമയിൽനിന്ന് അകന്നുനിൽക്കകുകയാണ്.

എന്നെ ബഹുമാനിക്കുന്നവർക്കൊപ്പം പ്രവർത്തിക്കാനാണ് താത്പര്യമെന്ന തുറന്നുപറഞ്ഞാണ് നിത്യ മേനോൻ മലയാള സിനിമയിലെ പുരുഷന്മാരുടെ ശത്രുത പിടിച്ചുവാങ്ങിയത്.. നിർമ്മാതാക്കളെ അംഗീകരിക്കാത്ത നടിയെന്നും അഹങ്കാരിയെന്നും അവർ മുദ്രകുത്തപ്പെട്ടു. ഏറെക്കുറെ ഔട്ടായി എന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ ഒരു മുഴുനീളെ കഥാപാത്രവുമായി നിത്യമേനോൻ തിരിച്ചുവരികയാണ്. പ്രാണ എന്ന വി.കെ.പ്രകാശ് ചിത്രത്തിൽ സമൂഹത്തിന്റെ അസഹിഷ്ണുതയെ നേരിടേണ്ടിവരുന്ന എഴുത്തുകാരിയുടെ വേഷമാണ് നിത്യക്ക്.

തന്റെ മുൻനിലപാടുകളിൽ തെല്ലും മാറ്റമില്ലെന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് നിത്യയുടെ തിരിച്ചുവരവ്. സിനിമയിലും സമൂഹത്തിലുമുള്ളത് ലിംഗപരമായ വിവേചനം മാത്രമല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ നിത്യമേനോൻ പറയുന്നു. വളരെ നല്ലവരായ പുരുഷന്മാരെയും അസഹനീയരായ സ്ത്രീകളെയും താൻ കണ്ടിട്ടുണ്ട്. അതുപോലെ, ആകർഷിക്കുന്ന സ്ത്രീകളെയും വെറുക്കപ്പെടുന്ന പുരുഷന്മാരെയും. ഇത്തരം നല്ല-ചീത്ത ബ്രാൻഡുകളിൽ ഏതെങ്കിലും ഒരു ലിംഗത്തിലുള്ളവരെ മാത്രം കൊണ്ടുവരാനാകില്ലെന്ന് നിത്യ പറയുന്നു.

പാർവതി ഉയർത്തിക്കൊണ്ടുവന്ന പ്രശ്‌നത്തെ സിനിമയിലേക്ക് മാത്രം ചുരുക്കാനാവില്ലെന്നും നിത്യ പറയുന്നു. ലോകത്തെല്ലായിടത്തും അതുണ്ട്്. വലിയൊരു കേക്കിന്റെ ചെറിയൊരു കഷ്ണം മാത്രമാണ് ഫിലിം ഇൻഡസ്ട്രി. സമൂഹത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളതിൽനിന്നും വ്യത്യസ്തമായി മറ്റൊന്നും ഫിലിം ഇൻഡസ്ട്രിയിലില്ല. പുരുഷകേന്ദ്രീകൃതമായ സമൂഹത്തിൽ പുരുഷന്മാർക്ക് പ്രാധാന്യമുള്ളതുപോലെതന്നെ സിനിമയിലും ഉണ്ട്. സ്ത്രീകൾക്ക് മറ്റുള്ളവരിൽനിന്ന് ബഹുമാനം ആർജിക്കാൻ അൽപം ബുദ്ധിമുട്ടാണെന്നും നിത്യ പറയുന്നു.

ഔന്നത്യമുള്ള സമൂഹം സ്ത്രീകൾക്ക് ബഹുമാനം കൽപിക്കുന്നതാണെന്ന് നിത്യ പറയുന്നു. സ്ത്രീത്വത്തിന്റെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. അതിനെ തുറന്ന് പ്രകടിപ്പിക്കാനുള്ള ശക്തിയും ആർജവവുമാണ് സ്ത്രീകൾ കാണിക്കേണ്ടത്. സ്ത്രീകൾ സ്ത്രീത്വത്തിന്റെ ശക്തിയെന്താണെന്നും അത് ബഹുമാനിക്കപ്പെടേണ്ടതെങ്ങനെയാണെന്നുമാണ് ലോകത്തിന് കാണിച്ചുകൊടുക്കേണ്ടത്. സത്രീകൾക്കുമാത്രമായ രീതിയിൽ കാര്യങ്ങൾ എങ്ങനെ ചെയ്യാനാവുമെന്ന് കാണിച്ചുകൊടുക്കണം-നിത്യ പറയുന്നു.

സിനിമയിൽനിന്ന് അകന്നുനിന്നതല്ലെന്നും ജീവിതത്തിന് കൂടുതൽ പ്രാമുഖം കൽപിക്കുന്നതിനാൽ ഇടയ്ക്ക് സ്വം പിന്മാറിയതാണെന്നും അവർ പറയുന്നു. കരിയറിനെക്കാൾ ജീവിതത്തിനാണ് ഞാൻ പ്രാധാന്യം കൽപിക്കുന്നത്. ജോലി ചെയ്യുമ്പോൾത്തന്നെ നിങ്ങളുടെ ആരോഗ്യമുൾ്‌പ്പെടെയുള്ള കാര്യങ്ങളും ആലോചിക്കണം. ഇത്തരം ഇടവേളകളിൽ ഞാൻ തിരക്കഥകൾ കേൾക്കാനായാണ് ഉപയോഗിക്കുന്നത്. കരിയറിനെക്കുറിച്ച് ആലോചിച്ച് തലപുണ്ണാക്കുകയല്ല അത്തരം സന്ദർഭങ്ങളിൽ ചെയ്യുന്നത്. മറിച്ച്, അപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് ചേർന്ന വിധത്തിൽ ജീവിക്കുകയെന്നതാണ്-നിത്യ പറഞ്ഞു.