തിരുവനന്തപുരം: നായകനെതിരെ ശബ്ദിക്കുന്ന നായികാ കഥാപാത്രം പോലും അപൂർവമായ ലോകമാണ് മലയാള സിനിമ. അങ്ങനെയുണ്ടെങ്കിൽത്തന്നെയും അന്തിമ വിജയം നായകന്റെതായിരിക്കും. നായിക അവന് കീഴ്‌പ്പെട്ടിട്ടും ഉണ്ടാകും. അഭ്രപാളികളിൽപ്പോലും കടുത്ത ആൺകോയ്മ വെച്ചുപുലർത്തുന്ന മലയാള സിനിമയിൽ, അതിനെതിരേ ശബ്ദിച്ചിട്ടുള്ളത് അപൂർവം ചില നടിമാർ മാത്രമാണ്. ശബ്ദിച്ചുപോയാൽ, അവർ സിനിമയിൽനിന്ന് വിലക്കപ്പെടും എന്നതിന് എത്രയോ ഉദാഹരണങ്ങൾ.

അടുത്തിടെ, മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധ നിലപാടുകളെക്കുറിച്ച് പൊതുവേദിയിൽ തുറന്ന് സംസാരിച്ച നടി പാർവതിക്കുനേരെയുണ്ടായ അധിക്ഷേപവും സോഷ്യൽ മീഡിയയിലൂടെ നടന്ന ആക്രമണവും ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ടേക്കോഫിലെ അത്യുജ്വല അഭിനയത്തിന് ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട പാർവതിയുടെ കരിയർ തന്നെ സംശയത്തിന്റെ നിഴലിലാകാൻ ഈ സംഭവം കാരണമായി.

തുറന്നുപറയുന്ന സ്ത്രീ അഹങ്കാരിയാണെന്ന് കരുതുന്ന ആരാധക വൃന്ദവും ഇവിടെയുണ്ട്. ഇത്തരമൊരു തുറന്നു പറച്ചിലിന്റെ ദൂഷ്യഫലം നേരിട്ടനുഭവിച്ച മറ്റൊരു നടികൂടിയുണ്ട്. ബാംഗ്ലൂർ ഡേയ്‌സ് എന്ന സിനിമയിൽ പാർവതിക്കൊപ്പം അഭിനയിച്ച നിത്യമേനോൻ. ഒട്ടേറെ മികകച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായ നിത്യ മേനോൻ കുറച്ചുനാളായി മലയാള സിനിമയിൽനിന്ന് അകന്നുനിൽക്കകുകയാണ്.