തിരുവനന്തപുരം: അസാധുവാക്കിയ 500, 1000 രൂപയുടെ നോട്ടുകൾ മാറ്റി വാങ്ങുന്നതിനായി ഇന്നലെ മുതൽ ബാങ്കുകളിൽ വലിയ തോതിൽ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ 2000 രൂപ നോട്ടുകൾ പുറത്തിറക്കുകയും കൂടുതൽ സമയം ബാങ്കുകൾ പ്രവർത്തിക്കുകയും ചെയ്തതോടെ ഇപ്പോൽ ഒരു പരിധിവരെ എല്ലാം സാധാരണ നിലയിൽ ആയിട്ടുണ്ട്. ഏത് ബാങ്കിൽ ചെന്നാലും 4000 രൂപ വരെയുള്ള പണം മാറ്റിയെടുക്കാം എന്നതിനാൽ ജനങ്ങൾ അധികം ബുദ്ധിമുട്ടേണ്ടി വരില്ല. ഇന്ന് മുതൽ എടിഎമ്മുകളും തുറക്കും. എന്നാൽ എടിഎമ്മുകൾ വഴി ഒരു ദിവസം പരമാവധി 2000 രൂപ വരെയെ പിൻവലിക്കാൻ സാധിക്കുകയുള്ളു എന്നത് തിരിച്ചടിയാണ്. എങ്കിലും വരും ദിവസങ്ങളിൽ ഈ പ്രശ്‌നത്തിനും പരിഹാരം ആകുന്നതോടെ ഇടപാടുകളെല്ലാം സുഗമമായി മാറുമെന്നാണ് കരുതുന്നത്.

എടിഎമ്മുകളിൽ നിന്നും 2000 രൂപ വരെ പിൻവലിക്കാം

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ എടിഎമ്മുകൽ ഇന്ന് മുതൽ പ്രവർത്തന സജ്ജമാകുന്നതോടെ ജനങ്ങളുടെ ദുരിതത്തിന് അറുതിയാകുമെന്നാണ് കരുതുന്നത്. എന്നാൽ, 100 രൂപ നോട്ടിന്റെ ദൗർലഭ്യം ഇടപാടുകാരെ വലയ്ക്കുമോ എന്ന ആശങ്കയുണ്ട്. പണം നിക്ഷേപിക്കുന്ന ഡിപ്പോസിറ്റ് മെഷീനുകളും (സിഡിഎം) ഇന്നു മുതൽ പ്രവർത്തിക്കും. അസാധുവായ നോട്ടുകൾ ഇതിലൂടെ നിക്ഷേപിക്കാം. സംസ്ഥാനത്തെ 6,000 ബാങ്ക് ശാഖകളിലേക്ക് ഇന്നലെ ഒറ്റ ദിവസം കൊണ്ട് 3500 കോടി രൂപയുടെ അസാധു നോട്ടുകൾ വന്നെന്നാണു കണക്ക്. 100 രൂപയുടെയും 50 രൂപയുടെയും നോട്ടുകൾ മാത്രമാകും തൽക്കാലം എടിഎമ്മുകളിൽനിന്നു ലഭിക്കുക.

ഒരു ദിവസം പരമാവധി പിൻവലിക്കാവുന്നതു 2,000 രൂപയായി നിജപ്പെടുത്തി. 19 മുതൽ ദിവസേന 4,000 രൂപ വരെ പിൻവലിക്കാം. സോഫ്റ്റ്‌വെയർ പരിഷ്‌കരിക്കേണ്ടതിനാൽ 2000 രൂപയുടെ നോട്ട് തൽക്കാലം എടിഎമ്മുകളിൽ നിറയ്‌ക്കേണ്ടെന്നു റിസർവ് ബാങ്ക് നിർദ്ദേശം നൽകി. ചില ബാങ്കുകൾ 50 രൂപാ നോട്ട് എടിഎമ്മുകളിൽ കൈകാര്യം ചെയ്യാത്തിനാൽ അവിടെനിന്നു 100 രൂപ നോട്ടുകൾ മാത്രമേ ലഭിക്കൂ. 100 രൂപയുടെ ദൗർലഭ്യം കാരണം ഇന്നലെ ചില ശാഖകൾക്ക് ഉച്ചയ്ക്കു തന്നെ അസാധുവായ നോട്ടുകൾ മാറ്റിക്കൊടുക്കുന്നത് അവസാനിപ്പിക്കേണ്ടി വന്നു. എടിഎമ്മുകളിലും ആവശ്യത്തിനു നൂറിന്റെ നോട്ടുകൾ നിറയ്ക്കാനായിട്ടില്ല. ഇന്നലെ എസ്‌ബിഐ ശാഖകളിലായിരുന്നു വൻതിരക്ക്.

പഴയ നോട്ടുകൾ സഹകരണ ബാങ്കിൽ നിക്ഷേപമാക്കാം

500ന്റെയും 1000ത്തിന്റെയും നോട്ടുകൾ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും ഇന്ന് സ്വീകരിക്കും. എന്നാൽ ഇവ നിക്ഷേപമായാണ് സ്വീകരിക്കുക. ഇതിന് റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ട്. പിൻവലിച്ച കറൻസി ബാങ്കുകളിൽ നൽകാമെന്ന് റിസർവ് ബാങ്ക് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നെങ്കിലും സഹകരണബാങ്കുകൾക്ക് ഇതുസംബന്ധിച്ച നിർദേശമൊന്നും ലഭിച്ചിരുന്നില്ല. അതിനാൽ, കേരളത്തിലെ സഹകരണബാങ്കുകൾ ഈ പണം സ്വീകരിച്ചില്ല. ഇതുമൂലം ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടുകൾ സംസ്ഥാനസർക്കാർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് നോട്ട് സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയത്.

പിൻവലിച്ച കറൻസികൾ സഹകരണബാങ്കുകൾ നിക്ഷേപമായേ സ്വീകരിക്കൂ. വാണിജ്യബാങ്കുകൾ ചെയ്യുന്നതുപോലെ പകരം വേറെ കറൻസി നൽകില്ല. ഈ പണവും നിക്ഷേപത്തിന്റെ വിവരങ്ങളും സഹകരണബാങ്കുകൾ റിസർവ് ബാങ്കിന് കൈമാറണം. ജില്ലാ സഹകരണബാങ്കുകൾമുതൽ താഴോട്ടുള്ള സംഘങ്ങൾക്ക് ഇത് ബാധകമാണ്.

ബാങ്ക് അല്ലാത്ത കേന്ദ്രങ്ങളിൽ നിക്ഷേപം ഇന്ന് രാത്രി വരെ മാത്രം

ബാങ്ക് അല്ലാത്ത നിർദേശിക്കപ്പെട്ട കേന്ദ്രങ്ങളിൽ പഴയ നോട്ടുകൾ സ്വീകരിക്കുന്നതു ഇന്നു രാത്രി 12 മണി വരെ മാത്രമാണ്. അതിന് ശേഷം ബാങ്കുകളിൽ ഡിസംബർ 30 വരെ മാറ്റാം. സർക്കാർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ഫീസ്, പിഴ, നികുതി എന്നിവയ്ക്ക് ഇന്നു കൂടി പഴയ നോട്ട് സ്വീകരിക്കും. വൈദ്യുതിജല ബില്ലുകൾ അടയ്ക്കാനും പഴയ നോട്ട് ഉപയോഗിക്കാം. 14 ാം തിയതി വരെ ചെക്ക് ഉപയോഗിച്ച് പിൻവലിക്കാവുന്നതു ദിവസം 10,000 രൂപ. ഇത് ആഴ്ചയിൽ 20,000 രൂപയിൽ കൂടാൻ പാടില്ല. എടിഎമ്മിൽനിന്നു പിൻവലിക്കുന്ന പണവും ഇതിലുൾപ്പെടും. തിരക്ക് കണക്കിലെടുത്ത് ഇന്നും നാളെയും രാത്രി ഒൻപതു മണി വരെ തുറക്കാൻ ബാങ്കുകൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. എടിഎം ഇടപാടിനു ഈടാക്കുന്ന സർവീസ് നിരക്ക് പല ബാങ്കുകളും ഡിസംബർ 31 വരെ റദ്ദാക്കിയത് ഇടപാടുകാർക്ക് ആശ്വാസമായി.

ബാങ്കിൽ നിക്ഷേപിക്കാവുന്ന തുകയ്ക്കു പരിധിയില്ല

ബാങ്കുകളിൽ പഴയ തുക നിക്ഷേപിക്കുന്നതിന് പരിധി ഏർപ്പെടുത്തിയിട്ടില്ല. ബാങ്കുകളിലെത്തി സ്വന്തം അക്കൗണ്ടിലേക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടതില്ല.. തിരിച്ചറിയൽ രേഖയോ സത്യവാങ്മൂലമോ വേണ്ട. അതേസമയം അക്കൗണ്ടില്ലാത്തവർക്കും അത്യാവശ്യക്കാർക്കും ഏതു ബാങ്ക് ശാഖയിലുമെത്തി തിരിച്ചറിയൽ കാർഡും സത്യവാങ്മൂലവും നൽകി 4000 രൂപ വരെ മാറ്റി വാങ്ങാനാകും. അക്കൗണ്ടില്ലാത്തവർക്ക് വേഗം അക്കൗണ്ട് തുടങ്ങി എത്ര തുക വേണമെങ്കിലും അക്കൗണ്ടിൽ നിക്ഷേപിക്കാം. ആവശ്യമായ തിരിച്ചറിയൽ രേഖകളും ഫോട്ടോയും ഇതിനായി നൽകണം. കാഷ് ഡിപ്പോസിറ്റു മെഷീനുകൾ നാളെ മുതൽക്കേ വീണ്ടും പ്രവർത്തിച്ചു തുടങ്ങൂ. അപ്പോൾ ഓരോ ബാങ്കും എത്ര തുകയാണോ മെഷീൻ വഴി നിക്ഷേപിക്കാൻ പരിമിതപ്പെടുത്തിയിരിക്കുന്നത് അത്രയും തുക പഴയതു പോലെ നിക്ഷേപിക്കാം.

പണം കൈയിലില്ലാത്തവർ മറ്റുള്ളവർക്ക് പണം കൈമാറാൻ ഇന്റർനെറ്റ് ബാങ്കിങ്, ചെക്ക് തുടങ്ങിയവയെ ഉപയോഗിക്കാവുന്നതാണ്. 4,000 രൂപ വരെ ഏത് ബാങ്ക് ശാഖയിലുമെത്തി തിരിച്ചറിയൽ കാർഡ് നൽകി പണം മാറ്റി വാങ്ങാമെന്നത് സൗകര്യപ്രദമാണ്. 4000 രൂപയ്ക്കു മേലുള്ള തുകയാണെങ്കിൽ അക്കൗണ്ടിലേക്കു നിക്ഷേപിക്കാനേ കഴിയൂ. മറ്റു ബാങ്കുകളുടെ ശാഖയിലെത്തി 4000 രൂപയ്ക്കു മുകളിലുള്ള തുക നൽകിയാൽ അക്കൗണ്ടിലേക്കു ഇലക്ട്രോണിക് ട്രാൻസ്ഫർ സംവിധാനം വഴി കൈമാറും.പണം നിക്ഷേപിക്കാൻ അക്കൗണ്ട് ഉടമ ബാങ്കിൽ നേരിട്ട് എത്തുന്നതാണ് ഉചിതം. എന്നാൽ, അതിനു കഴിയാത്തവർക്ക് അനുമതി പത്രം നൽകി പ്രതിനിധിയെ ബാങ്കിലേക്ക് അയയ്ക്കാം. ബാങ്കിലെത്തുന്നയാൾ തിരിച്ചറിയൽ രേഖ കരുതിയിരിക്കണം.

വിദേശത്തുള്ളവർ എങ്ങനെ പണം മാറ്റും?

വിദേശത്തുള്ളവർക്ക് പണം ബാങ്കിലെത്തിക്കാൻ നാട്ടിലുള്ള ആരെയെങ്കിലും അധികാരപത്രം നൽകി ചുമതലപ്പെടുത്തുകയാണ് വേണ്ടത്. അയാൾ തിരിച്ചറിയൽ കാർഡും അധികാരപത്രവുമായി ബാങ്കിലെത്തി അക്കൗണ്ടിൽ പണം നിക്ഷേപിക്കണം. സർക്കാർ ആശുപത്രികളിലും ഫാർമസികളിലും അസാധുവായ നോട്ടുകൾ നാളെ വരെ സ്വീകരിക്കും. ബസ്, ട്രെയിൻ, വിമാന ടിക്കറ്റുകൾക്കും ഇന്ധനം നിറയ്ക്കുന്നതിനും പഴയ നോട്ട് നൽകാം. ആധാർ, ഡ്രൈവിങ് ലൈസൻസ്, വോട്ടർ കാർഡ്, പാസ്‌പോർട്ട്, പാൻകാർഡ്, സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ജീവനക്കാർക്കു നൽകുന്ന തിരിച്ചറിയൽ രേഖകൾ എന്നിവ ഹാജരാക്കി കറൻസി മാറ്റിയെടുക്കാം.

പണം മാറ്റിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു ചില വിവരങ്ങൾ

  • നിക്ഷേപിക്കുന്ന പണത്തിന് മൂല്യം കുറയില്ല. കമ്മിഷനില്ല. മറ്റു ശാഖകളിലാണു നിക്ഷേപിക്കുന്നതെങ്കിൽ ഓരോ ബാങ്കും നിശ്ചയിച്ചിട്ടുള്ള തുക മുൻപുള്ളതു പോലെ കമ്മിഷനായി ഈടാക്കും.
  • ബാങ്കിൽ നേരിട്ടെത്തിയാൽ ഒരു ദിവസം 10,000 രൂപയും ഒരാഴ്ച ആകെ 20,000 രൂപയും പിൻവലിക്കാം.
  • പോസ്റ്റ് ഓഫിസുകളിലെത്തി തിരിച്ചറിയൽ കാർഡും സത്യവാങ്മൂലവും നൽകി 4,000 രൂപ വരെ മാറിയെടുക്കാം. സ്വന്തം പേരിലെ പോസ്റ്റ് ഓഫിസ് അക്കൗണ്ടിലേക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.
  • ബാങ്കിൽ കൊടുക്കാൻ കയ്യിൽ ഇതിന്റെ ഉറവിട രേഖകളില്ലെങ്കിൽ പണം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ് നല്ലത്.
  • പഴയ നോട്ട് ഉപയോഗിച്ച് ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയും.
  • എടിഎം കാർഡ് ഉപയോഗിച്ച് ബിൽ അടയ്ക്കുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും പരിധിയില്ല.