മനാമ: പീപ്പിൾസ് ഫോറം ബഹ്റൈന്റെ 47 മത് ദേശീയ ദിനാഘോഷവും വർണ്ണജാലകം'18 സീസൺ-2 വിന്റെ ഫലപ്രഖ്യാപനവും സമ്മാനദാനവും സഗയാ റസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു. അന്തരിച്ച രാജകുടുംബാംഗം ഹൈനസ് ഷെയ്ഖ് നൂറാ ബിന്ത് ഇസാ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ അനുശോചനത്തോടും, പ്രാർത്ഥനയോടും കൂടി ആരംഭിച്ച ചടങ്ങുകൾക്ക് പ്രസിഡന്റ് ആസാദ് ജെ.പി അദ്ധ്യക്ഷത വഹിച്ചു.

ബഹ്റൈനിലെ സാമൂഹിക സേവകനും ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് അംഗവുമായ അജയകൃഷ്ണൻ ഉത്ഘാടനവും, വർണ്ണജാലകം'18 സീസൺ-2 വിന്റെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.

ബഹറിനിലെ പ്രശസ്ത ചിത്രകാരന്മാരായ സതീഷ് പോളിന്റേയും, രമേശ് പയ്യന്നൂരിന്റെയും നേതൃത്വത്തിൽ മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ എ ഗ്രൂപ്പിൽ ഗൗതവ് നക്ഷത് ഒന്നാം സ്ഥാനവും, മനുകൃഷ്ണാ മനീഷ് രണ്ടാം സ്ഥാനവും, അവ്‌നി എബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബി ഗ്രൂപ്പിൽ പത്മപ്രിയാ പ്രിയദർശനി ഒന്നാം സ്ഥാനവും, അൽബിൻ തോമസ് എബി രണ്ടാം സ്ഥാനവും, അർപ്പിത എലിസബത്ത് സാം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സി ഗ്രൂപ്പിൽ സ്വാത്വിവികാ എസ് ഒന്നാം സ്ഥാനവും മിയാ മറിയം അലക്‌സ് രണ്ടാം സ്ഥാനവും നന്ദന സന്തോഷ്, അനഘാ പൊതിവയൽ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബഹ്റൈൻ കൂടുതൽ അഭിവൃദ്ധി കൈവരികട്ടെയെന്നും, രാജകുടുംബാംഗങ്ങളുടെ ഉറവ വറ്റാത്ത കാരുണ്യത്തിനും, കരുതലിനും, സ്‌നേഹത്തിനും, എത്ര നന്ദി പറഞ്ഞാലും മതിയാകുകയില്ലെന്നും, എല്ലാ വിജയികൾക്കും ആശംസകൾ അറിയിക്കുന്നതായും പീപ്പിൾസ് ഫോറം മുഖ്യരക്ഷാധികാരി പമ്പാവാസൻ നായർ അറിയിച്ചു.

അദ്ധ്യാപിക നിഷാ ബൈജുവിന്റെ നേതൃത്വത്തിൽനടന്ന ബഹ്റൈനെ നെഞ്ചോടു ചേർക്കാൻ എന്ന സെമിനാറും അതോടൊപ്പം കുട്ടികൾക്കായി നടന്ന ക്വിസ് മത്സരവും പ്രോഗ്രാം കൂടുതൽ മികവുറ്റതാക്കി. ക്വിസ് മത്സരവിജയികൾക്ക് സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു. സെക്രട്ടറി ബിജു കുമാർ വി. വി സ്വാഗതവും വൈസ് പ്രസിഡന്റ് ജയശീൽ നന്ദിയും, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശ്രീജൻ, മനീഷ്, ദിലീപ്, രമേശ് പരോൾ, നിഖിൽ, ശങ്കുണ്ണി, രജനി ബിജു, സഞ്ജനാ ദിലീപ് എന്നിവർ നേതൃത്വവും നൽകി.