- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ്കും സാമൂഹിക അകലവുമില്ലാതെ പേരാമ്പ്ര മാർക്കറ്റിൽ നടന്നത് ഓണത്തല്ല്; മത്സ്യവിൽപനയുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് സിപിഎമ്മും ലീഗും തമ്മിലുള്ള കയ്യാങ്കളിയും പോരിലേക്കും; പ്രശ്നത്തിന് വഴിവെച്ചത് ലീഗ് വിട്ട് സി.പിഎമ്മിൽ ചേർന്ന് കച്ചവടക്കാർ മത്സ്യവിൽപ്പനയ്ക്ക് എത്തിയതോടെ; വിൽപന വിലക്കിയത് തർക്കവും കയ്യാങ്കളിയുമായി; കൂട്ടത്തല്ലിൽ നിരവധി പേർക്ക് പരിക്ക്; എല്ലാവരും ക്വാറന്റൈൻ പോകാൻ നിർദേശിച്ച് ജില്ലാ കളക്ടറും
കോഴിക്കോട്: കോവിഡ് കാലത്ത് ആലപ്പുഴ പാട്ടുകുളങ്ങരയിൽ അയൽവാസികൾ തമ്മിലുണ്ടായ കൂട്ടത്തല്ല് അടുത്തിടെ സംസ്ഥാനത്ത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് പേരാമ്പ്രയിൽ സി പി എം- മുസ്ലിം ലീഗ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ. ആലപ്പുഴയിൽ വഴിത്തർക്കമായിരുന്നെങ്കിൽ മത്സ്യവിൽപ്പനയെച്ചൊല്ലിയാണ് പേരാമ്പ്രയിലെ സംഘർഷം. മാസ്കിനെപ്പറ്റിയും സാമൂഹ്യ അകലത്തെപ്പറ്റിയുമെല്ലാം സർക്കാർ ഓർമ്മപ്പെടുത്തുമ്പോഴാണ് സി പി എം -ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിത്.
പേരാമ്പ്ര മത്സ്യമാർക്കറ്റിൽ എസ് ടി യു നേതൃത്വത്തിൽ സംയുക്ത മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് മത്സ്യം വിൽപ്പന നടത്തുന്നത്. നേരത്തെ രണ്ട് ബിജെപിക്കാർ ഉണ്ടായിരുന്നെങ്കിലും അവർ പിന്നീട് നിർത്തിപ്പോയി. മറ്റു സംഘടനകൾക്കൊന്നും മാർക്കറ്റിൽ കടന്നുകയറാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ലീഗിൽ നിന്നും രാജിവെച്ച് കുറച്ചുപേർ സി പി എമ്മിലെത്തിയത്. സി ഐ ടി യു പ്രവർത്തകർ ഗുഡ്സ് ഓട്ടോറിക്ഷയിൽ മത്സ്യവുമായി മാർക്കറ്റിൽ മത്സ്യവിൽപ്പനക്കെത്തിയപ്പോൾ എസ് ടി യു പ്രവർത്തകർ തടയുകയായിരുന്നു.
ഇതാണ് പിന്നീട് കൂട്ടത്തല്ലിൽ കലാശിച്ചത്. സി പി എം- ഡി വൈ എഫ് ഐ പ്രവർത്തകരും സി ഐ ടി യു വിന് പിന്തുണയുമായി എത്തിയിരുന്നു. മാർക്കറ്റിൽ രാവിലെ നടന്ന സംഘർഷത്തിൽ ഇരുവിഭാഗത്തിലും പെട്ട പത്തോളം പേർക്ക് പരിക്കേറ്റു. സംഘർഷത്തിൽ പരിക്കേറ്റ കൂളിക്കണ്ടി മുജീബ്, വി പി അഷ്റഫ്, നിയാസ് കക്കാട് എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡ് ഭീതിയിൽ നാടൊന്നടങ്കം ആശങ്കയിൽ നിൽക്കുമ്പോഴായിരുന്നു വടിയും കല്ലുമെല്ലാം ഉപയോഗിച്ച് നടുറോഡിൽ പ്രവർത്തകർ അഴിഞ്ഞാടിയത്. രാവിലെ ഏഴുമണിയോടെയാണ് സംഘർഷം ആരംഭിച്ചത്. തുടർന്ന് റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു. സംഭവം അറിഞ്ഞ് നിരവധി പേരാണ് പേരാമ്പ്ര അങ്ങാടിയിലേക്കെത്തിയത്.
കുറേ ആളുകൾ ഇരുമ്പു ദണ്ഡ്, കല്ല്, പൈപ്പ് എന്നിവയുമായി വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ചികിത്സയിൽ കഴിയുന്ന ഒരു മത്സ്യവിൽപ്പനക്കാരൻ പറഞ്ഞു. ഇതേ സമയം മറ്റാരെയും മാർക്കറ്റിൽ കച്ചവടം ചെയ്യാൻ ലീഗുകാർ അനുവദിക്കില്ലെന്നാണ് സി പി എം പ്രവർത്തകർ പറയുന്നത്. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. അക്രമത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് പേരാമ്പ്ര ടൗണിൽ ഹർത്താൽ നടത്തുകയാണ്.
പേരാമ്പ്ര സംഘർഷം:മുഴുവൻ പേരും ക്വാറന്റീനിൽ പ്രവേശിക്കണം
കോവിഡ് രോഗവ്യാപനത്തിന്റെ സാഹചരും നിലനിൽക്കവെ പേരാമ്പ്രയിൽ സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സംഘർഷ പ്രദേശത്ത് ഉണ്ടായിരുന മുഴുവൻ ആളുകളും റൂം ക്വാറന്റീനിൽ പ്രവേശിക്കേണ്ടതാണ്. ഇവർ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധം പുലർത്തേണ്ടതും ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതുമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.