കൊച്ചി: മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന തമിഴ് ചിത്രം പേരൻപിന്റെ ആദ്യ പ്രദർശനം ജനുവരി 27ന് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ.47-ാമത് റോട്ടർഡാം ചലച്ചിത്ര മേള ഈ മാസം 24 മുതൽ ഫെബ്രുവരി നാല് വരെയാണ് നടത്തുന്നത്.

റാം സംവിധാനം ചെയ്ത ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഇതിനകം ചിത്രത്തിലെ രംഗങ്ങൾ കണ്ട പ്രമുഖരിൽ നിന്ന് ഏറെ അഭിനന്ദനം നേടിക്കഴിഞ്ഞു. ഷൂട്ടിങ് പൂർത്തിയാക്കി ഏറെ നാളായ ചിത്രത്തിന്റെ റിലീസ് വൈകുന്നത് ആരാധകരിൽ നിരാശയുണ്ടാക്കിയിരുന്നു എങ്കിലും ആദ്യ പ്രദർശനം അന്താരാഷ്ട്ര തലത്തിലാണെന്നത് ആവേശത്തിന് വഴിവെക്കുന്നു.

സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമാണിത്. രണ്ടര വർഷം മുമ്പേ പേരൻപിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായാണ് പ്രദർശനത്തിനെത്തുക.

അഞ്ജലി, സമുദ്രക്കനി, അഞ്ജലി അമീർ എന്നിവരും പ്രധാന വേഷത്തിലുണ്ട്.പേരൻപിലൂടെ സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുകയാണ്. ദേശീയ പുരസ്‌കാര നേട്ടത്തിന് ശേഷം സുരാജ് ഗൗരവമുള്ള വേഷങ്ങളിലേക്ക് കൂടി ചുവടു മാറ്റുന്നതിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ തമിഴിലേക്കുള്ള രംഗപ്രവേശവും. ഒപ്പം മലയാളത്തിൽനിന്ന് സിദ്ദീഖും ഉണ്ട്. ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ യുവാൻ ശങ്കർ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വർ ക്യാമറയും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചു. കൊടൈക്കനാലിൽ ഒരുക്കിയ സെറ്റിലാണ് പേരൻപിന്റെ ചിത്രീകരണം നടന്നത്.

വർഷങ്ങൾക്കു ശേഷമാണ് മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്നത്. ദളപതി, അഴകൻ, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, ആനന്ദം എന്നിവയാണ് മമ്മൂട്ടിയുടെ തമിഴിലെ പ്രധാന ചിത്രങ്ങൾ. വന്ദേമാതരം എന്ന ചിത്രമാണ് മമ്മൂട്ടി അവസാനമായി തമിഴിൽ അഭിനയിച്ചത്.