സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാർഡ് നേടി കൊടുത്ത ഡോ. ബിജുവിന്റെ പേരറിയാത്തവർ എന്ന ചലച്ചിത്രം ഇന്ന് തീയറ്ററുകളിൽ എത്തുന്നു. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട് ഒട്ടനവധി പുരസ്‌ക്കാരങ്ങൾ നേടിയ ചിത്രം തിരുവനന്തപുരം , കൊച്ചി , തൃശൂർ , കോഴിക്കോട് എന്നിവിടങ്ങളിലെ നാല് തീയറ്ററുകളിൽ മാത്രമാണ് പ്രദർശനത്തിന് എത്തുന്നത്.

നാല് സ്‌ക്രീനുകളിലായി ദിവസേന അഞ്ച് പ്രദർശനങ്ങൾ മാത്രമാണ് ചിത്രത്തിനുള്ളത്.മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയ ചിത്രം ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ മേഖലകളിൽ പ്രദർശിപ്പിച്ചിരുന്നു. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അഡ്വ: അനിൽകുമാർ അമ്പലക്കര നിർമ്മിച്ച ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, കൃഷ്ണൻ ബാലകൃഷ്ണൻ, കലിംഗ ശശി, ചെമ്പിൽ അശോകൻ, സീമ.ജി.നായർ, സോന നായർ തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രം കാണാൻ ആഗ്രഹമുള്ള എല്ലാ സുഹൃത്തുക്കളും തങ്ങളുടെ അടുത്തുള്ള സ്ഥലങ്ങളിൽ ആദ്യ ദിവസത്തെ ഷോ തന്നെ കാണാൻ ശ്രമിക്കണമെന്ന് സംവിധായകൻ ഡോ. ബിജു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.

പേരറിയാത്ത ഒത്തിരി ആളുകൾ, ആദിവാസികൾ, കുടിയൊഴിപ്പിക്കപ്പെടുന്ന ആളുകൾ, മാലിന്യത്തിനെതിരേ സമരം ചെയ്യുന്ന ആളുകൾ, മാലിന്യ നിർമ്മാർജന തൊഴിലാളികൾ. ..അവരുടെയൊക്കെ ജീവിതവും മുഖ്യധാര കാണാതെ പോകുന്ന അവരുടെ രാഷ്ട്രീയവുമാണ് 'പേരറിയാത്തവർ'.

2013- ലാണ് പേരറിയാത്തവർ പൂർത്തിയാക്കിയത്. 2014- ലാണ് സുരാജിന് ദേശീയ അവാർഡ് ലഭിച്ചത്. നഗരസഭയിലെശുചീകരണ ത്തൊഴിലാളിയായാണ് സുരാജ് സിനിമയിലെത്തുന്നത്..രണ്ടു വർഷം കഴിഞ്ഞിട്ടും സുരാജിന്റെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് കാണാൻ അവസരം കിട്ടിയിരുന്നില്ല. പടം തിയേറ്ററുകളിലെത്താതെ പോയതിന്റെ വേദന സുരാജ് പല വേദികളിലും പങ്കുവച്ചിരുന്നു.