- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരിക്കൂറിലെ കണക്ക് പേരാവൂരിൽ തീർക്കുമോ? സണ്ണി വക്കീലിന് പാരയാകുമോ എ ഗ്രൂപ്പുകാർ; പേരാവൂരിൽ സക്കീർ ഹുസൈനെന്ന ന്യൂജെൻ സ്ഥാനാർത്ഥി ഉയർത്തുന്നത് കടുത്ത വെല്ലുവിളി; കണ്ണൂരിലെ കുടിയേറ്റ കാർഷിക മേഖല ഇത്തവണ ആരു നേടും? അടിയൊഴുക്ക് നിർണ്ണായകം
കണ്ണൂർ: പേരാവൂരിൽ സണ്ണി ജോസഫിന് മൂന്നാംമൂഴം നേടണമെങ്കിൽ ഇക്കുറി നന്നായി വിയർക്കേണ്ടി വരുമെന്നാണ് അവസാന ലാപ്പിൽ തെളിയുന്ന ചിത്രം. മലയോര മണ്ഡലമായ പേരാവൂരിൽ എൽ.ഡി.എഫിന് അനുകൂലമായ ഓളമുണ്ടാക്കാൻ നവാഗത സ്ഥാനാർത്ഥിയായ സിപിഎമ്മിലെ സക്കീർ ഹുസൈന് കഴിഞ്ഞിട്ടുണ്ട്.
ഇഞ്ചോടിഞ്ച് പോരാട്ടമെന്നു വിശേഷിപ്പിക്കാവുന്ന ഏറ്റുമുട്ടലാണ് ഇക്കുറി പേരാവൂരിൽ നടന്നത്. സാധാരണ ഒരു നേരിയ ഭൂരിപക്ഷം യു.ഡി.എഫ് അവകാശപ്പെടാറുണ്ടെങ്കിലും നേതാക്കൾ ഇക്കുറി വാതുറന്നിട്ടില്ല. ഇരിക്കൂറിൽ എ വിഭാഗത്തിന് സീറ്റ് നിഷേധിച്ചത് പേരാവൂരിൽ കോൺഗ്രസിൽ അടിത്തട്ടിൽ വരെ അമർഷമുണ്ടാക്കിയിട്ടുണ്ട്. നേരത്തെ എഗ്രുപ്പുകാരുടെ തട്ടകമായിരുന്നു പേരാവൂർ. പത്തു വർഷം മുൻപ് കെ.സുധാകരന്റെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പ് എക്കാരിൽ നിന്നും ഏകപക്ഷീയമായി പിടിച്ചെടുത്ത് സ്വന്തമാക്കുകയായിരുന്നു. ഇപ്പോൾ അവശേഷിച്ച ഇരിക്കൂറും തങ്ങളുടെ കൈയിൽ നിന്നും പോയതോടെ കട്ട കലിപ്പിലാണ് എഗ്രൂപ്പ് പ്രവർത്തകരും നേതാക്കളും ഇവർ അൽപമൊന്നു മാറി ചിന്തിച്ചാൽ സണ്ണി ജോസഫിന് കാലിടറിയേക്കാം.
എൽ.ഡി.എഫ് എത്ര വോട്ടുകൾ പിടിക്കുന്നതെന്നല്ല പേരാവൂരിൽ ആര് ജയിക്കണമെന്ന് തീരുമാനിക്കുക കോൺഗ്രസിലെ എവിഭാഗം സ്വന്തം പാർട്ടിക്ക് വോട്ടു ചെയ്തുവോയെന്നതാണ്. ഇതു കൂടാതെ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ മലയോര മേഖലയിലുണ്ടായ കോൺഗ്രസിലെ പൊട്ടിത്തെറിയുടെ ബാക്കി ഭാഗങ്ങൾ ഇപ്പോഴും അണയാതെ കിടക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇത്തരം പ്രശ്നങ്ങൾ പരിഹസിക്കുന്നതിൽ ഡി.ഡി.സി ദയനീയമായി പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ 48 വർഷമായി തങ്ങൾ ഭരിച്ച കണിച്ചാർ ഗ്രാമപഞ്ചായത്ത് ഭരണം ഗ്രൂപ്പ് പോരിനാൽ കോൺഗ്രസ്സിന് നഷ്ടമായിരുന്നു. തങ്ങളുടെ കൈയിൽ നിന്നും പോയ കേളകം തിരിച്ചെടുക്കാനോ കഴിഞ്ഞില്ല. പരമ്പരാഗതമായി കോൺഗ്രസിന്റെ കോട്ടകളിലൊന്നായ കൊട്ടിയൂരിൽ ബലാബലമാവുകയും ചെയ്തു.
സിപിഎം ഏരിയാ സെക്രട്ടറിയായ സക്കീർ ഹുസൈനിലൂടെ ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് നവാഗത സ്ഥാനാർത്ഥിയെന്ന നിലയിൽ മണ്ഡലം ഇളക്കിമറിച്ചുള്ള പ്രചാരണം നടത്താൻ സക്കീർ ഹുസൈന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷക്കാലം മണ്ഡലത്തിലുണ്ടായ വികസന മുരടിപ്പാണ് സക്കീറും എൽ.ഡി.എഫും പ്രചാരണ വിഷയമാക്കിയത്. മാത്രമല്ല ബാരാപോൾ പദ്ധതിയിലടക്കമുള്ള അഴിമതി ആരോപണങ്ങൾ എംഎൽഎയ്ക്കെതിരെ ഉന്നയിക്കാനും കഴിഞ്ഞു. എന്നാൽ തികച്ചും പ്രതിരോധത്തിലായിരുന്നു യു.ഡി.എഫ് കളിച്ചത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ചുണ്ടികാട്ടിയാണ് സണ്ണി ജോസഫ് വോട്ടു പിടിച്ചത്.
കുടിയേറ്റ കർഷക മേഖലയായ പേരാവൂരിൽ തങ്ങൾക്ക് അനുകൂലമായി വോട്ടു വീഴുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ഏറ്റവും ചുരുങ്ങിയത്അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തോടെയെങ്കിൽ സണ്ണി ജോസഫ് ജയിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ . മണ്ഡലത്തിന്റെ ചരിത്രമെടുത്ത് പരിശോധിച്ചാൽ യു.ഡി.എഫിനോടെന്നും ചേർന്നു നിന്ന ചരിത്രമാണ് പേരാവൂരിന് പറയാനുള്ളത്. 1957 മുതൽ 77 വരെ ഇരിക്കൂർ മണ്ഡലത്തിന്റെ ഭാഗമായപ്പോഴും 77 മുതൽ പേരാവൂർ മണ്ഡലമായപ്പോഴും യു.ഡി.എഫിന് തന്നെയായിരുന്നു അപ്രമാദിത്വം. 1977 ൽ മണ്ഡലം രൂപീകരിച്ചതു മുതൽ 1991 വരെ കോൺഗ്രസ് നേതാവ് കെ.പി നൂറുദ്ദീനാണ് ഇവിടെ നിന്നും ജയിച്ചത്.
1996 ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസ് എസിലെ കെ.ടി കുഞ്ഞുമുഹമ്മദിനോട് 186 വോട്ടുകൾക്ക് നൂറുദ്ദീൻ പരാജയപെട്ടു. 2001 ൽ വീണ്ടും അങ്കത്തിനിറങ്ങിയ നൂറുദ്ദീന് ഐ ഗ്രൂപ്പിലെ എ.ഡി. മുസ്തഫയ്ക്കായി വഴിമാറേണ്ടിവന്നു. കെ.കരുണാകരന്റെ കടുംപിടുത്തമായിരുന്നു കാരണം. എങ്കിലും മുസ്തഫ 1173 വോട്ടുകളുടെ വിജയം നേടി. എന്നാൽ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായി ഇറങ്ങിയ കെ.കെ.ശൈലജയ്ക്കു മുൻപിൽ യു.ഡി.എഫിന് കാലിടറി.
എങ്കിലും 2011ലെ മണ്ഡലം പുനർനിർണയത്തോടെ യു.ഡി.എഫ് സ്വാധീന പ്രദേശങ്ങളായ കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ പേരാവൂരിനൊപ്പം ചേർത്തു. ഇതേ വർഷം നടന്ന തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫ് കെ.കെ ശൈലജയെ 3340 വോട്ടിന് തോൽപ്പിച്ചു. പിന്നീട് 2016 ൽ ബിനോയ് കുര്യനെ തോൽപ്പിച്ചും സണ്ണി ജോസഫ് വിജയമാവർത്തിച്ചു. എന്നാൽ ഭൂരിപക്ഷം കുറഞ്ഞ് രണ്ടായിരത്തിലെത്തി. ഇക്കുറി സക്കീർ ഹുസൈനെ നേരിട്ട് വിജയ പടവുകൾ കയറാൻ സണ്ണി ജോസഫിനെ കാത്തിരിക്കുന്നത് വൻ വെല്ലുവിളികളാണ്.
സ്വന്തം പാർട്ടിയിൽ നിന്നും വോട്ടു ചേരാതെയിരിക്കുകയും യു.ഡി.എഫ് സ്വാധീന പ്രദേശങ്ങളിൽ നിന്നും വോട്ടു നിലനിർത്തുകയും വേണം. ഇതോടൊപ്പം എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്താൽ മാത്രമേ പേരാവൂരിൽ സണ്ണി ജോസഫ് ഹാട്രിക്ക് വിജയം പ്രതീക്ഷിക്കേണ്ടതുള്ളൂ.എൻ.ഡി.എയ്ക്കു വേണ്ടി ജ യാ മോഹനാണ് പേരാവൂരിൽ മത്സരിച്ചത്.ബിജെപി ശക്തികേന്ദ്രങ്ങളായ ഇരിട്ടി, പുന്നാട് ,ചാവശേരി, കാക്കയങ്ങാട്, തില്ലങ്കേരി, പേരാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പരമാവധി വോട്ട് സമാഹരിക്കാൻ ജയാ മോഹന് കഴിഞ്ഞിട്ടുണ്ട്.