- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയരാജൻ വിരട്ടിയതോടെ കളി മാറി; കേസുകൊടുക്കുമെന്ന് ഭീഷണി മുഴക്കിയപ്പോൾ ചിട്ടി തുടങ്ങിയത് ജയരാജന്റെ അനുമതിയോടെ എന്ന പരാമർശം തിരുത്തി; പേരാവൂർ ചിട്ടി തട്ടിപ്പിൽ ബാങ്ക് സെക്രട്ടറി പി.വി.ഹരിദാസിന്റെ മലക്കം മറിച്ചിൽ; സിപിഎം ഹരിദാസിനെ ബലിയാടാക്കുന്നോ?
കണ്ണൂർ: പേരാവൂർ ചിട്ടി തട്ടി തട്ടിപ്പിൽ, പി.ജയരാജൻ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഹൗസിങ് സൊസൈറ്റി സെക്രട്ടറി പി.വി.ഹരിദാസ് പരാമർശം പിൻവലിച്ചു. സൊസൈറ്റി ചിട്ടി ആരംഭിച്ചത് പി ജയരാജന്റെ അനുമതിയോടെയെന്ന് എന്നാണ് പി വി ഹരിദാസ് നേരത്തെ പറഞ്ഞത്. എന്നാൽ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ പറയുന്ന പി വി ഹരിദാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജയരാജൻ തിരിച്ചടിച്ചതോടെ പ്രസ്താവന പിൻവലിക്കുകയാണെന്ന് ഹരിദാസ് വ്യക്തമാക്കി.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ജയരാജൻ ചിട്ടി നടത്തുന്നതിന് അനുമതി നൽകിയിരുന്നെന്ന് പി വി ഹരിദാസ് പറഞ്ഞിരുന്നു. ചിട്ടി നടത്തരുതെന്ന് വിലക്കിയതായുള്ള പാർട്ടിയുടെ വാദം തെറ്റാണെന്നും തന്നെ ബലിയാടാക്കി രക്ഷപ്പെടാനാണ് മറ്റ് ജീവനക്കാർ ശ്രമിക്കുന്നതെന്നും ഹരിദാസ് ആരോപിച്ചു. ചിട്ടി തട്ടിപ്പിന്റെ ഉത്തരവാദിത്തം സി പി എം നിയന്ത്രണത്തിലുള്ള ഭരണ സമിതിക്കാണ്. നടന്ന എല്ലാകാര്യങ്ങളും ഇപ്പോൾ വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യം തനിക്കില്ല. പാർട്ടി തനിക്കൊപ്പം ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും ഹരിദാസ് പറഞ്ഞിരുന്നു.
എന്നാൽ പേരാവൂർ സൊസൈറ്റിയിൽ ചിട്ടി നടത്താൻ അനുമതി നൽകിയിട്ടില്ലെന്നും അനാവശ്യമായി തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കേണ്ടെന്നും പറഞ്ഞ ജയരാജൻ ഹരിദാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഇതിനെതുടർന്ന് ജയരാജൻ അനുമതി നൽകിയിട്ടില്ലെന്ന് മനസിലായെന്നും കേട്ടറിവിന്റെ അടിസ്ഥാനത്തിലായിരുന്നു പരാമർശമെന്നും നേരത്തെ പറഞ്ഞ കാര്യങ്ങൾ തിരുത്തുകയാണെന്നും ഹരിദാസ് മാധ്യമങ്ങളോട് വ്യക്തമാക്കി. താൻ നേരിട്ട് പി ജയരാജനെ കണ്ട് അപേക്ഷ നൽകി അനുമതി വാങ്ങി എന്നായിരുന്നു സെക്രട്ടറി ആദ്യം വെളിപ്പെടുത്തിയത്. സിപിഎമ്മിന്റെ സമ്മതത്തോടെ ചിട്ടി നടത്തിയതെന്നും ജില്ലാ സെക്രട്ടറി ആയിരിക്കെ പി ജയരാജനാണ് അനുമതി നൽകിയത് എന്നുമാണ് പി വി ഹരികുമാർ ആദ്യം പറഞ്ഞത്. ചിട്ടിപ്പണം ശമ്പളത്തിനും മറ്റ് ചെലവുകൾക്കും ഉപയോഗിച്ചതാണ് പ്രതിസന്ധിയായത്. ഇതിന്റെ ഉത്തരവാദിത്തം സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി ഭരണ സമിതിക്കാണെന്നും ഹരിദാസ് പറഞ്ഞിരുന്നു.
തട്ടിപ്പ് വെളിച്ചത്ത് വന്നതോടെ പി വി ഹരിദാസിനെ ഭരണ സമിതി സസ്പെൻഡ് ചെയ്തിരുന്നു. സൊസൈറ്റിയിൽ 2017ൽ തുടങ്ങിയ ചിട്ടിയിലാണ് തട്ടിപ്പ് നടന്നത്. 1,85,00000 രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് നിക്ഷേപകരുടെ പരാതി. ചിട്ടി നടത്തിയത് സഹകരണ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചിട്ടി അവസാനിപ്പിക്കാനും നിക്ഷേപകർക്ക് പണം തിരികെ നൽകാനും സഹകരണ വകുപ്പ് നിർദ്ദേശിച്ചിരുന്നു.
ഉത്തരവാദിത്വം ഭരണസമിതിക്ക് എന്ന് ഓഡിറ്റ് റിപ്പോർട്ട്
ഓഡിറ്റ് റിപ്പോർട്ട് പുറത്തു വന്നതോടെ ഉത്തരവാദിത്വത്തിൽ നിന്നൊഴിയാനുള്ള ഭരണ സമിതിയുടെ നീക്കത്തിന് തിരിച്ചടിയായി. ബാധ്യതകളുടെ ഉത്തരവാദിത്വം ഭരണ സമിതിക്കെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 2017-18 ലെ ഓഡിറ്റ് റിപ്പോർട്ട് സഹകരണ സംഘം പൂഴ്ത്തിയിരുന്നു.2017ലാണ് ധനതരംഗ് എന്ന പേരിൽ പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടി ആരംഭിക്കുന്നത്. രണ്ടായിരം രൂപ മാസ തവണയിൽ 50 മാസം കൊണ്ട് അവസാനിക്കുന്ന രീതിയിലായിരുന്നു ചിട്ടി. എഴുന്നൂറോളം പേരാണ് ചിട്ടിയിൽ ചേർന്നത്. നറുക്ക് ലഭിക്കുന്നയാളുകൾ പിന്നീട് പണം നൽകേണ്ടതില്ല എന്നായിരുന്നു ചിട്ടിയിലെ പ്രധാന വ്യവസ്ഥ. ഈ വ്യവസ്ഥ സഹകരണ സംഘം ആക്ടിന് വിരുദ്ധമാണ്. ചിട്ടി ആരംഭിച്ചതിനു പിന്നാലെ ചിട്ടി നിയമവിരുദ്ധമാണെന്നും അവസാനിപ്പിക്കണമെന്നും കാണിച്ച് സഹകരണ വകുപ്പ് ഇവർക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഭരണസമിതിയും സെക്രട്ടറിയും നോട്ടീസിനു മറുപടി പോലും അയച്ചിരുന്നില്ലെന്ന് സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു . പിരിഞ്ഞു കിട്ടിയ തുക വകമാറ്റി ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കാലാവധി പൂർത്തിയായിട്ടും നിക്ഷേപകർക്ക് പണം ലഭിക്കാതായതോടെ ഇവർ പ്രതിഷേധവുമായി രംഗത്തെത്തി. നിക്ഷേപകർക്ക് തിരിച്ച് നൽകാനുള്ളത് രണ്ട് കോടി എഴുപത് ലക്ഷം രൂപയാണെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു.വിഷയത്തിൽ ഇടപെട്ട സി പി എം പ്രാദേശിക നേതൃത്വം സൊസൈറ്റി സെക്രട്ടറി പി വി ഹരിദാസിന്റെ ആസ്തികൾ ഈടായി നൽകാമെന്ന് നിക്ഷേപകർക്ക് ഉറപ്പ് നൽകി. തുടർന്നാണ് പ്രതിഷേധം താത്കാലികമായി അവസാനിച്ചത്. എന്നാൽ തൊട്ട് പിന്നാലെ സെക്രട്ടറി ഒളിവിൽ പോയി.
ഇതിനിടെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ചിട്ടി നടത്തിയിരുന്നതെന്നും ഇതിനെതിരെ 2018 മുതൽ നോട്ടീസ് നൽകിയിരുന്നെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്നും സഹകരണ സംഘം അസി.രജിസ്ട്രാർ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ചിട്ടി നടത്തിയ വകയിൽ രണ്ട് കോടി എഴുപത് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇതിനിടെ പാർട്ടി നിയന്ത്രണത്തിലുള്ള ഭരണ സമിതിയെ തള്ളി സി പി എം ജില്ലാ നേതൃത്വം രംഗത്തെത്തി. സെക്രട്ടറിയെ കാണാതായതോടെ ഇയാളുടെ വീടിന് മുന്നിൽ സമരം ആരംഭിച്ചിരിക്കുകയാണ് നിക്ഷേപകർ.
പിരിച്ചെടുത്ത തുക വക മാറ്റി ചെലവഴിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.നിക്ഷേപ തുക വക മാറ്റി ജീവനക്കാർക്ക് ശമ്പളമായി നൽകരുതെന്ന 2013 ലെ സർക്കുലറും സംഘത്തിന്റെ മുതൽ സൂക്ഷിക്കാതിരുന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഭരണ സമിതിക്കായിരിക്കുമെന്ന റിപ്പോർട്ടിലെ മുന്നറിയിപ്പും സഹകരണ സംഘം മുഖവിലയ്ക്കെടുത്തില്ല. സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പിന്റെ ഉത്തരവാദിത്വം സെക്രട്ടറിയുടെ മേൽ ചാരി രക്ഷപെടാനുള്ള ഭരണ സമിതിയുടെയും സി പി എമ്മിന്റെയും നീക്കം കൂടിയാണ് ഈ ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വരുന്നതിലൂടെ തകരുന്നത്.
മറുനാടന് മലയാളി ബ്യൂറോ