ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ലോക്സഭാ അംഗങ്ങളിൽ ഏറ്റവും കൂടുതൽ ഹാജർനില വടകരയിലെ കോൺഗ്രസ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്. നാലാം വർഷത്തിലേക്ക് കടക്കുന്ന പതിനാറാം ലോക്സഭയിൽ 92 ശതമാനം ഹാജറുള്ള മുല്ലപ്പള്ളി 467 ചോദ്യങ്ങളും ചോദിക്കുകയും 61 ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു. പത്ത് സ്വകാര്യബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആലത്തൂർ എംപി പികെ ബിജുവും (89 ശതമാനം) ഇടുക്കി എംപി ജോയ്സ് ജോർജുമാണ് (87 ശതമാനം) മുല്ലപ്പള്ളിക്ക് തൊട്ടുപിന്നിലുള്ളത്. നിയമനിർമ്മാണസഭകളിലെ അംഗങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കുന്ന പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ച് എന്ന സന്നദ്ധസംഘടന പുറത്തു വിട്ട കണക്കുകളിലാണ് കേരളാ എംപിമാരുടെ സഭയിലെ സാന്നിധ്യവും പ്രകടനവും വിലയിരുത്തപ്പെട്ടത്.

കണക്കുകൾ പ്രകാരം 16-ാം ലോക്സഭയിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച കേരളാ എംപി പത്തനംതിട്ടയിൽ നിന്നുള്ള ആന്റോ ആന്റണിയാണ്. 487 ചോദ്യങ്ങൾ. രണ്ടാം സ്ഥാനം മുല്ലപ്പള്ളിക്ക് (467 ചോദ്യങ്ങൾ). 413 ചോദ്യങ്ങളുമായി കൊടിക്കുന്നിൽ സുരേഷ് മൂന്നാം സ്ഥാനത്തുണ്ട്. ലോക്സഭയിലെ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ പികെ ബിജുവാണ് മിടുക്കൻ. 232 ചർച്ചകളിൽ അദ്ദേഹം ഇതുവരെ പങ്കെടുത്തു. എൻ.കെ.പ്രേമചന്ദ്രൻ 207 ചർച്ചകളിലും ജോയ്സ് ജോർജ് 202 ചർച്ചകളിലും പങ്കു ചേർന്നു.

സ്വകാര്യബില്ലുകളുടെ അവതരണത്തിൽ കോഴിക്കോട് എംപി എം.കെ രാഘവൻ ബഹുദൂരം മുന്നിലാണ്. 15 സ്വകാര്യബില്ലുകളാണ് അദ്ദേഹം ഇതുവരെ അവതരിപ്പിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രൻ 10 ബില്ലുകൾ കൊണ്ടു വന്നു. 11 കേരള എംപിമാർ ഒരു സ്വകാര്യ ബിൽ പോലും അവതരിപ്പിച്ചിട്ടില്ല.

അന്തരിച്ച മുസ്ലിംലീഗ് നേതാവ് ഇ.അഹമ്മദിനും നടൻ ഇന്നസെന്റിനും വയനാട് എംപി എംഐ ഷാനവാസിനും 70 ശതമാനത്തിൽ താഴെയാണ് ഹാജർ. ചോദ്യങ്ങൾ ചോദിച്ചതിലും ഇവരാണ് പിറകിൽ. ഏറ്റവും കുറവ് ചർച്ചകളിൽ പങ്കെടുത്തത് അഹമ്മദും ഇന്നസെന്റും കെവി തോമസുമാണ്.

തൊട്ടുമുൻപുള്ള ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള എംപിമാരിൽ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച്ച വച്ചത്. ഇടുക്കിയിൽ നിന്നുള്ള കോൺഗ്രസ് എംപി പി.ടി. തോമസായിരുന്നു. അഞ്ച് വർഷം നീണ്ട സഭാ കാലയളവിൽ 96 ശതമാനം ഹാജർ നിലയുണ്ടായിരുന്ന അദ്ദേഹം 128 ചർച്ചകളിൽ പങ്കെടുക്കുകയും 502 ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. എംപി ഫണ്ട് ചെലവാക്കുന്നതിലും അദ്ദേഹം ഒന്നാം സ്ഥാനത്തുണ്ടായിരുന്നു.

കണക്കുകൾ പ്രകാരം ഉത്തർപ്രദേശിലെ ബാന്തയിൽനിന്നുള്ള ഭൈരോൺ പ്രസാദ് മിശ്രയാണ് പാർലമെന്റിലെ മികച്ച എംപി. ലോകസഭ എംപിമാരിൽ ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്തയാൾ ഇദ്ദേഹമാണ്. 1,468 ചർച്ചകളിൽ, 100 ശതമാനം ഹാജരും ബിജെപിക്കാരനായ ഭൈരോൺ പ്രസാദിനുണ്ട്. ഭൈരോൺ പ്രസാദിനെ കൂടാതെ ബിജെഡി എംപി കുൽമണി സമൽ, ബിജെപി എംപിമാരായ ഗോപാൽ ഷെട്ടി, കിരിത് സോളങ്കി, രമേഷ് ചന്ദർ കൗശിക് എന്നിവർക്കും നൂറു ശതമാനം ഹാജരുണ്ട്.

545 എംപിമാരിൽ 133 പേർക്ക് (25 ശതമാനം) മാത്രമാണ് 90 ശതമാനം ഹാജർനിലയുള്ളത്. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ വീരപ്പ മൊയ്‌ലി, മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങിയവർക്ക് 90 ശതമാനത്തിനു മേൽ ഹാജരുണ്ട്. 22 എംപിമാർ പകുതി ലോക്‌സഭാ സമ്മേളനങ്ങളിൽ മാത്രമാണ് പങ്കെടുത്തത്.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയേക്കാൾ മികച്ച ഹാജർ നിലയാണ് സഭയിൽ കോൺഗ്രസ് അധ്യക്ഷയും മാതാവുമായ സോണിയാ ഗാന്ധിക്കുള്ളത്. സോണിയ ഗാന്ധിക്ക് 59 ശതമാനവും രാഹുൽ ഗാന്ധിക്ക് 54 ശതമാനം ഹാജരുമാണുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിലാണ് പല ദിവസങ്ങളിലും സോണിയയ്ക്ക് സഭയിൽ ഹാജരാകാൻ സാധിക്കാതിരുന്നത്. ലോക്‌സഭയിൽ നടന്ന ചർച്ചകളിൽ സോണിയ ഗാന്ധി അഞ്ച് ചർച്ചകളിലും രാഹുൽഗാന്ധി 11 എണ്ണത്തിലും പങ്കെടുത്തു.

പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും സഭയിൽ ഹാജരാകണമെന്ന കാര്യത്തിൽ നിർബന്ധമില്ലാത്തതിനാൽ അവരുടെ ഹാജർ നില ലഭ്യമല്ല. പ്രതിപക്ഷ നേതാവിനും ഇളവുണ്ട്.