മാഹി: മതവിദ്വേഷവും വർഗീയതയും പഠിപ്പിക്കുന്നുവെന്ന് ആരോപണത്തെ തുടർന്നാണ് എറാണാകുളത്തെ പീസ് ഇന്റർനാഷണൽ സ്‌കൂൾ പൂട്ടാൻ സർക്കാർ തീരുമാനിച്ചത്. രണ്ടാം ക്ലാസിൽ പോലും മതവിദ്വേഷം കുത്തി വയക്കുന്ന പാഠഭാഗങ്ങളുണ്ടെന്ന വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. ഇതിന് പിന്നാലെ മാഹി പെരിങ്ങാടിയിലെ ഇന്ത്യൻ പബ്ലിക് സ്‌ക്കൂളിന് നേരേയും സമാന ആരോപണം ഉയർന്നിരിക്കുകയാണ്.

സ്‌കൂളിൽ വർഗ്ഗീയതയും മതവിദ്വേഷവും കുത്തി വയ്ക്കുന്ന പാഠങ്ങൾ പഠിപ്പിക്കുന്നുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് നാട്ടുകാർ ന്യൂമാഹി പൊലീസിന് പരാതി നൽകിയിരിക്കയാണ്.മത സൗഹാർദ്ദം കാത്തു സൂക്ഷിക്കുന്ന പാരമ്പര്യവാദികളെ തള്ളി പറഞ്ഞു കൊണ്ട് പുതിയ ഇസ്ലാമിക ഭാഷയും പഠനവുമാണ് ഇവിടെ ഒരു അദ്ധ്യാപകൻ പിന്തുടരുന്നതെന്ന് നാട്ടുകാരും രക്ഷിതാക്കളും ആരോപിക്കുന്നു. സംഭവം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ നാട്ടുകാരും രക്ഷിതാക്കളും സ്‌ക്കൂൾ പ്രിൻസിപ്പലിനേയും മാനേജരേയും കണ്ട് പരാതി പറഞ്ഞെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

വിദ്യാർത്ഥികൾ അവരുടെ വീടുകളിലെത്തി രക്ഷിതാക്കളോട് കാര്യങ്ങൾ പറഞ്ഞാൽ ക്ലാസ് മുറികളിൽ വെച്ച് അവരെ ശാസിക്കുന്നതും ഇവിടെ പതിവാണ്. അതുകൊണ്ടു തന്നെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സ്‌ക്കൂളിലെ കാര്യങ്ങൾ വീട്ടുകാരെ ധരിപ്പിക്കാറില്ല.

മത സൗഹാർദ്ദം നില നിൽക്കുന്ന പെരിങ്ങാടി പ്രദേശത്ത് വിഭാഗീയത സൃഷ്ടിക്കാൻ സ്‌കൂൾ പ്രവർത്തിക്കുന്നത് ഭാവിയിൽ പ്രശ്നങ്ങൾ വരുത്തുമെന്ന് കണ്ടാണ് രക്ഷിതാക്കളും ഒരു കൂട്ടം നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയത്. സ്‌ക്കൂളിലെ അക്കാദമിക്ക് സമയത്തു തന്നെ വർഗ്ഗീയത കുത്തിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പരാതിക്കാരനായ അഹമ്മദ് അബ്ദുൾ സലാം മറുനാടൻ മലയാളിയോട് പറഞ്ഞു.

വർഗ്ഗീയ പാഠങ്ങൾ പഠിക്കാൻ താത്പര്യമില്ലാത്തെ കുട്ടികളെ ചെകുത്താനെന്ന് ആക്ഷേപിക്കും. പരീക്ഷയിൽ തോൽക്കുമെന്ന് ഭീഷണിപ്പെടുത്തും. സ്‌കൂൾ അധികൃതരെ നേരിൽ കണ്ട് പരാതി നൽകിയെങ്കിലും ഷഫീക്ക് എന്ന ആരോപണവിധേയനായ അദ്ധ്യാപകൻ അദ്ദേഹത്തിന്റെ പ്രചാരണവുമായ മുന്നോട്ട് പോവുകയാണ്.

അതുകൊണ്ടാണ് തങ്ങൾ പരാതിയുമായി മുന്നോട്ട് പോയതെന്ന് അബ്ദുൾ സലാം പറയുന്നു. പരാതിക്കാരെ കുടുംബപരമായി അപമാനിക്കാനും കുട്ടികൾക്കു മുമ്പിൽ വെച്ച് പരസ്യമായി ആക്ഷേപിക്കാനും സ്‌ക്കൂൾ അധികൃതർ ശ്രമിച്ചെന്നും പരാതിയുണ്ട്. പ്രശ്നപരിഹാരത്തിന് ന്യൂമാഹി പൊലീസ് ഇടപെട്ടിട്ടുണ്ട്.