- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരവല്ലയിലെ കൊലപാതകത്തിന് പിന്നാലെ പെരിന്തൽമണ്ണയിലെ പെട്രോൾ ബോംബ് ഏറ്; പ്രചാരകനെ വകവരുത്താനുള്ള ഗൂഢാലോചനയെന്ന് ആർഎസ്എസ്; തലശ്ശേരിക്കും പാലക്കാടിനും പിന്നാലെ സംഘർഷം മലപ്പുറത്തേക്കും; പൊലീസ് അതീവ ജാഗ്രതയിൽ
പെരിന്തൽമണ്ണ: തലശ്ശേരി സംഘർഷത്തിലാണ്. തിരുവല്ലയിൽ സന്ദീപിന്റെ കൊല. പാലക്കാട്ടും സഞ്ജിത്തിന്റെ കൊല നീറി പുകയുകയാണ്. ഇതിനൊപ്പം പെരന്തൽമണ്ണയും സംഘർഷത്തിലേക്ക്. പൊലീസ് എങ്ങും ജാഗ്രതയിലാണ്. പെരിന്തൽമണ്ണയിലെ ആർഎസ്എസ്. കാര്യാലയത്തിലേക്ക് വ്യാഴാഴ്ച അർധരാത്രിയിൽ പെട്രോൾ ബോംബ് എറിഞ്ഞതാണ് പ്രശ്‌നത്തിന് കാരണം. വീടിന്റെ ജനൽച്ചില്ല് പൂർണമായി തകർന്നു. കട്ടിളയ്ക്ക് തീപിടിച്ചു. മേൽക്കൂരയുടെ മൂലയിൽ നാട്ടിയ കൊടിയുടെ ഭാഗവും കത്തിനശിച്ചു.
പെരിന്തൽമണ്ണ പട്ടാമ്പി റോഡിലെ പുത്തൂർ സ്ട്രീറ്റിൽ വ്യാഴാഴ്ച രാത്രി 12-ന് ശേഷമാണ് സംഭവം. പെട്രോൾ നിറച്ച രണ്ട് ചില്ലുകുപ്പികളാണ് എറിഞ്ഞത്. ഈസമയം ആർഎസ്എസ്. പ്രചാരക് തിരുവനന്തപുരം സ്വദേശി അർജുൻ രാജ് (26) മുകൾനിലയിലുണ്ടായിരുന്നു. രണ്ടുതവണ സ്‌ഫോടനശബ്ദംകേട്ട് താഴെയിറങ്ങിവന്നപ്പോൾ രണ്ടുപേർ ഓടിപ്പോകുന്നതും മുറിക്കകത്ത് തീ കത്തുന്നതും കണ്ടതായി അദ്ദേഹം പറഞ്ഞു. അർജുനെ വകവരുത്താനായിരുന്നു ബോംബാക്രമണമെന്ന് ആർഎസ്എസ് ആരോപിക്കുന്നു.
റോഡിൽനിന്ന് പത്തുമീറ്ററോളം മാറിയാണ് കാര്യാലയം പ്രവർത്തിച്ചിരുന്ന വാടകവീട്. കുപ്പിയുടെ തിരിയും പെട്രോളും അകത്തുവീണ് കത്തിയിട്ടുണ്ട്. ഒരുകുപ്പി കൊടികുത്തിയ ഭാഗത്തെ ഓടുതകർത്തുവീണ നിലയിലാണ്. കുപ്പിച്ചീളും ഓടിനുള്ളിലുണ്ട്. മറ്റൊരു കുപ്പിയാണ് ജനൽച്ചില്ല് തകർത്തത്. ആർഎസ്എസ്. പെരിന്തൽമണ്ണ ഖണ്ഡ് കാര്യവാഹകിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളിൽക്കണ്ട ബൈക്കുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. പെരിന്തൽമണ്ണ ഡിവൈ.എസ്‌പി. എം. സന്തോഷ്‌കുമാർ, സ്‌പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്‌പി. കെ.എം. ബിജു, ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ തുടങ്ങിയവർ സ്ഥലംസന്ദർശിച്ചു. തിരൂരിൽനിന്നു ഫൊറൻസിക് സംഘമെത്തി തെളിവെടുത്തു.
പ്രചാരകിനെ വധിക്കാനുള്ള ശ്രമമാണ് നടന്നതെന്നും സംഘടനയുടെ പ്രവർത്തനം അടുത്തകാലത്ത് ഊർജിതമായതിൽ അസ്വസ്ഥരായ എതിരാളികളാണ് സംഭവത്തിന് പിന്നിലെന്നുമെന്ന് ആർഎസ്എസ്. ആരോപിച്ചു. പ്രവർത്തകർ ടൗണിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. അതിനിടെ തിരുവല്ലയിൽ സിപിഎം. നേതാവിന്റെ കൊലപാതകത്തിനും പെരിന്തൽമണ്ണയിലെ ആർഎസ്എസ്. കാര്യാലയം ആക്രമണത്തിനും പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് ബിജെപി. സംസ്ഥാന വക്താവ് സന്ദീപ് വാരിയർ പറയുന്നു. രണ്ടും ഏതാണ്ട് ഒരേ സമയമാണ് നടന്നതെന്നതാണ് വസ്തുത.
തിരുവല്ല കൊലപാതകം മുൻവൈരാഗ്യമാണെന്ന് പൊലീസ് തന്നെ വ്യക്തമാക്കി. വ്യക്തിപരമായ വിഷയത്തിന്റെ പേരിലുണ്ടായ ഈ സംഭവം ആർ.എസ്.എസിന്റെയും ബിജെപി.യുടെയും തലയിൽ കെട്ടിവെക്കാനാണ് സിപിഎം. ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ ശ്രമിച്ചത്. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ ജില്ലയായ മലപ്പുറത്ത് കാര്യാലയത്തിനു നേരെ ആക്രമണമുണ്ടായത്. ഇതെല്ലാം കേരളത്തിലുടനീളം അക്രമം അഴിച്ചുവിടാനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ