- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
347 തപാൽ വോട്ടുകൾ മുഴുവൻ എണ്ണിയില്ലെന്ന് ആക്ഷേപം; കവറിന് പുറത്ത് സീൽ ഉണ്ടായിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം; യുഡിഎഫ് അനുകൂല ഉദ്യോഗസ്ഥർ മനഃപൂർവ്വം സീൽ ചെയ്യാതിരുന്നതാണോ എന്ന് സംശയം; പെരിന്തൽമണ്ണയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കോടതിയിലേക്ക്
മലപ്പുറം: പെരിന്തൽമണ്ണയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനെതിരെ ഇടതു സ്ഥാനാർത്ഥി കോടതിയിലേക്ക്. പോസ്റ്റൽ വോട്ടുകൾ പൂർണമായും എണ്ണിയില്ലെന്നാരോപിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി നിയമനടപടിക്ക് ഒരുങ്ങുന്നത്. പ്രായമായവരുടെ വിഭാഗത്തിൽ പെടുന്ന 347 പോസ്റ്റൽ വോട്ടുകൾ എണ്ണിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും ഇടതു സ്ഥാനാർത്ഥി കെ.പി.എം മുസ്തഫ പറഞ്ഞു. മുസ്ലിം ലീഗിലെ നജീബ് കാന്തപുരം 38 വോട്ടുകൾക്കാണിവിടെ വിജയിച്ചത്.
കവറിന് പുറത്ത് സീൽ ഉണ്ടായിരുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. യു.ഡി.എഫ് അനുകൂല ഉദ്യോഗസ്ഥർ മനഃപൂർവ്വം സീൽ ചെയ്യാതിരുന്നതാണോയെന്ന് സംശയമുണ്ടെന്നും കെപിഎം മുസ്തഫ പറഞ്ഞു. തപാൽ വോട്ടുകളുടെ കവറിനു പുറത്ത് സീലടിക്കേണ്ട ഉത്തരവാദിത്വം തനിക്കല്ലെന്നും ഉദ്യോഗസ്ഥന്മാർക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി മനപ്പൂർവം സീൽ ചെയ്യാതിരുന്നതാണോ എന്നതാണ് സംശയമെന്നും അദ്ദേഹം ആരോപിക്കുന്നു.
347 വോട്ടുകൾ എണ്ണിയാൽ എൽ.ഡി.എഫ് സർക്കാർ 100 തികയ്ക്കുമെന്ന് ഉറപ്പാണെന്നും ഉടനെ നിയമനടപടി സ്വീകരിക്കുമെന്നും കെ.പി.എം മുസ്തഫ അറിയിച്ചു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ റിപ്പോർട്ട് പ്രകാരം 76,530 വോട്ടുകളാണ് നജീബ് കാന്തപുരം നേടിയത്. കെ.പി മുസ്തഫ നേടിയത് 76,492 വോട്ടും. 2016ൽ മഞ്ഞളാംകുഴി അലിയും വി. ശശികുമാറും തമ്മിൽ നടന്ന മത്സരത്തിലും വീറും വാശിയും അരങ്ങേറിയിരുന്നു. അന്ന് 579 വോട്ടിനാണ് അലി വിജയിച്ചിരുന്നത്.
മണ്ഡലത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. ശശികുമാറോ മുൻ നഗരസഭാ അധ്യക്ഷൻ എം. മുഹമ്മദ് സലീമോ ആണ് സ്ഥാനാർത്ഥികളാവുകയെന്നാണ് സിപിഎം അണികളിൽ തുടക്കം മുതലുണ്ടായിരുന്ന ധാരണ. ഇത് തകിടം മറിച്ചാണ് വ്യവസായി കൂടിയായ മുൻ ലീഗ്കാരൻ കെ.പി.എം. മുസ്തഫയെ സ്ഥാനാർത്ഥിയാക്കിയത്. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതുമുതൽ ഇടത് ക്യാമ്പ് ഏറെ നിരാശയിലുമായിരുന്നു. ഇതിനിടയിലും സംസ്ഥാനത്ത് തുടർഭരണ പ്രതീക്ഷ നിലനിന്നതിനാൽ ആ ഓളത്തിൽ പെരിന്തൽമണ്ണയിൽ അട്ടിമറി വിജയം വേടുമെന്നാണ് സിപിഎം പ്രതീക്ഷിച്ചിരുന്നത്. അതേസമയം, കെ.പി. മുഹമ്മദ് മുസ്തഫയുടെ മൂന്ന് അപരാന്മാർ ചേർന്ന് പിടിച്ചത് 1972 വോട്ടാണ്. അപരന്മാരുടെ ഈ 'ചതി'യും എൽ.ഡി.എഫിന് പാരയായി. നജീബ് കാന്തപുരത്തിന്റെ അപരന് 828 വോട്ടാണ് ലഭിച്ചത്.
മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മാധ്യമ പ്രവർത്തകനും മുൻ കോഴിക്കോട് ജില്ല പഞ്ചായത്ത് അംഗവുമായ നജീബ് കാന്തപുരം കോഴിക്കോട് ജില്ലയിൽ മലയോര മേഖലയിൽ കാന്തപുരം സ്വദേശിയാണ്. പാർട്ടി അനുകൂല വോട്ടിനു പുറമെ നിഷ്ക്ഷ വോട്ട് പെരിന്തൽമണ്ണയിൽ ഇടതുമുന്നണിക്ക് ലഭിച്ചില്ല. ഈ വോട്ട് ഇത്തവണ നജീബ് കാന്തപുരത്തിന് ലഭിച്ചതായാണ് വിലയിരുത്തൽ. മുൻ ലീഗുകാരൻ എന്ന നിലയിൽ ഇടത് സ്ഥാനാർത്ഥി കെ.പി.എം. മുസ്തഫ വ്യക്തിപരമായി വോട്ട് നേടുമെന്നാണ് കരുതിയിരുന്നതെങ്കിലും അതും വേണ്ടത്രയുണ്ടായില്ല.
എന്നു മാത്രമല്ല, സ്ഥാനാർത്ഥി നിർണയത്തിൽ വേണ്ടത്ര കൂടിയാലോചനയില്ലാത്തത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയുമായി. ഉറച്ച പാർട്ടി പ്രവർത്തകർ വോട്ടു ചെയ്തെങ്കിലും പാർട്ടി സ്ഥാനാർത്ഥികൾക്ക് വേണ്ടി തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്ന മാതൃകയിൽ രംഗത്തുണ്ടായിരുന്നില്ല. പണം നൽകി സീറ്റ് വിൽപന നടത്തിയെന്ന യു.ഡി.എഫ് പ്രചാരണത്തെ മറികടക്കാൻ പെരിന്തൽമണ്ണയിൽ സിപിഎമ്മിന് കഴിഞ്ഞതുമില്ല.
മറുനാടന് മലയാളി ബ്യൂറോ