- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി; ജാസ്മിനെയും കുട്ടികളെയും കയറ്റി ഓട്ടോ പൂട്ടി തീയിട്ടു; 'ഞങ്ങളെ കൊല്ലാൻ പോകുന്നു'വെന്ന് ഫോണിൽ കുട്ടികളിലൊരാൾ; പിന്നാലെ ഓട്ടോ രണ്ടു തവണ പൊട്ടിത്തെറിച്ചു: വിറങ്ങലിച്ച് നാട്ടുകാർ
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പിൽ ഭാര്യയെയും കുട്ടികളെയും വിളിച്ചുവരുത്തി ഗുഡ്സ് ഓട്ടോറിക്ഷയിൽ പൂട്ടിയിട്ട ശേഷം സ്ഫോടനമുണ്ടാക്കിയ സംഭവം ആസൂത്രിതമെന്നു സൂചന. ഭാര്യയേയും മക്കളേയും വിളിച്ചുവരുത്തി ഓട്ടോയിൽ പൂട്ടിയിട്ട ശേഷം ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. കുടുംബ പ്രശ്നം പറഞ്ഞു പരിഹരിക്കാമെന്നു പറഞ്ഞാണ് ഭാര്യ ജാസ്മിനെ(37)യും രണ്ടു കുട്ടികളെയും വിളിച്ചുവരുത്തി മുഹമ്മദ് (52) സ്ഫോടനമുണ്ടാക്കിയതെന്നാണ് സൂചന.
സ്ഫോടക വസ്തുക്കൾ നിറച്ച ഓട്ടോ പൊട്ടിത്തെറിച്ചതിന് പിന്നാലെ ഭർത്താവ് മാമ്പുഴ മുഹമ്മദ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തു. പാണ്ടിക്കാട്-പെരിന്തൽമണ്ണ റോഡിലുള്ള കൊണ്ടിപ്പറമ്പിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സംഭവം നടന്നത്. ഓട്ടോയിൽ സ്ഫോടന വസ്തുക്കളും ഉണ്ടായിരുന്നതായി വിവരമുണ്ട്. 40 മിനിറ്റിലേറെ സമയമെടുത്താണ് ആളിപ്പടർന്ന തീ അണയ്ക്കാൻ നാട്ടുകാർക്ക് സാധിച്ചത്.
അപ്പോഴേക്കും മുഹമ്മദിന്റെ ഭാര്യ ജാസ്മിൻ മകൾ 11 വയസുകാരി ഫാത്തിമത്ത് സഫയും മരിച്ചിരുന്നു. ഇരുവരുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്. ഗുരുതരമായി പൊള്ളലേറ്റ് മറ്റൊരു മകൾ അഞ്ചു വയസുകാരി ഷിഫാനയെ ആശുപത്രിയിലേക്ക് മാറ്റി.
പെരുന്നാളിനോടനുബന്ധിച്ച് ജാസ്മിന്റെ വീട്ടിലായിരുന്നു ഭാര്യയും കുട്ടികളും. വ്യാഴാഴ്ച ഉച്ചയോടെ സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോയുമായെത്തിയ മുഹമ്മദ്, ജാസ്മിനെയും കുട്ടികളെയും അടുത്തേക്ക് വിളിച്ചുവരുത്തി. ഇവരെ ഓട്ടോയിൽ കയറ്റി ഇരുത്തിയശേഷം പുറത്തുനിന്ന് പൂട്ടി. തുടർന്ന് പെട്രോളോ ഡീസലോ ഉപേയാഗിച്ച് തീ കൊളുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
എന്തുപയോഗിച്ചാണു തീ കൊളുത്തിയതെന്നു ശാസ്ത്രീയ പരിശോധനയിലേ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു. തീ കൊളുത്തുന്നതിനിടെ കുട്ടികളിലൊരാൾ ജാസ്മിന്റെ സഹോദരിയെ ഫോണിൽ വിളിച്ച് 'ഞങ്ങളെ കൊല്ലാൻ പോകുകയാണ്' എന്ന് അറിയിച്ചിരുന്നു. പിന്നാലെ ജാസ്മിന്റെ സഹോദരി ഓടിയെത്തി ഒരു കുട്ടിയെ ഓട്ടോയിൽനിന്ന് വലിച്ച് പുറത്തേക്കിട്ടു. ഇതിനിടെ, ദേഹത്തേക്കു തീ പടർന്നപ്പോൾ മുഹമ്മദ് സമീപത്തെ കിണറ്റിലേക്കു ചാടി. ഓട്ടോ രണ്ടു തവണ പൊട്ടിത്തെറിച്ചെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
ജാസ്മിന്റെയും മരിച്ച കുട്ടിയുടെയും മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ മറ്റൊരു കുട്ടി വീട്ടിനകത്തായിരുന്നു. സ്ഥലത്തുനിന്ന് ചെറിയ ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.
കുടുംബ വഴക്കാണ് ഇത്തരത്തിലൊരു ദാരുണസംഭവത്തിന് പിന്നിലെന്നാണ് വിവരം. കാസർകോട് സ്വദേശിയായ മുഹമ്മദ് കരുവാരക്കുണ്ട് മാമ്പുഴയിലാണ് താമസിച്ചിരുന്നത്. വഴിയരികിലെ കിണറിന് സമീപത്തായാണ് ഓട്ടോനിർത്തിയിരുന്നത്. മുഹമ്മദ് കൃത്യം നടത്തിയ ശേഷം കിണറ്റിൽ ചാടി ജീവനൊടുക്കിയതാണോ അതോ സ്വന്തം ദേഹത്തേക്ക് തീപടർന്നപ്പോൾ കിണറ്റിലേക്ക് ചാടിയതാണോ എന്ന് വ്യക്തമല്ല
സ്ഫോടക വസ്തുക്കൾ ഓട്ടോയിൽ ഉണ്ടായിരുന്നതാണ് തീ അണയ്ക്കുന്നതിന് താമസം നേരിട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ഉൾപ്രദേശമായിരുന്നെങ്കിലും സ്ഫോടനം ശബ്ദം കേട്ട ഉടൻ നാട്ടുകാർ ഇങ്ങോട്ടേക്ക് ഓടിയെത്തി. തീ ആളിപടരുന്ന ദൃശ്യമാണ് കണ്ടത്.
നാട്ടുകാർക്ക് നിസ്സഹായരായി നോക്കി നിൽക്കാനെ സാധിച്ചിരുന്നുള്ളൂ. ഓട്ടോ കത്തി ചാമ്പലായി. ജാസ്മിന്റേയും സഫയുടേയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് നാട്ടുകാർ കണ്ടെടുത്തത്. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് പരിശോധന നടത്തി വരികയാണ്.
പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അഞ്ച് വയസ്സുകാരി ഷിഫാനയുടെ ആരോഗ്യ നില അതീവ ഗുരുതരമാണ്. 75 ശതമാനം മുതൽ 80 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. കുട്ടി പീഡിയാട്രിക് സർജറി വിഭാഗത്തിൽ ചികിത്സയിലാണ്. അയൽവാസികളാണ് കുട്ടിയെ ആംബുലൻസിൽ മഞ്ചേരിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
മറുനാടന് മലയാളി ബ്യൂറോ