'രൂപി കൗർ' ഈയിടെയായി നവമാദ്ധ്യമങ്ങൾ ഏറെ ചർച്ചചെയ്തുകൊണ്ടിരി ക്കുന്ന ഒരു വ്യക്തി. വാട്ടർലൂ സർവ്വകലാശാലയിൽ വിഷ്വൽ റൈറ്റിങ് കോഴ്‌സ് ചെയ്യുന്ന കവിയും കലാകാരിയുമായ ഇന്ത്യകാരി. പഠനത്തിന്റെ ഭാഗമായി ടൊറോന്റോയിൽ താമസിക്കുന്നു. തന്റെ കോഴ്‌സിന്റെ ഭാഗമായി ആർത്തവത്തെ സംബന്ധിക്കുന്ന ഫോട്ടോ സീരിസിന് വേണ്ടി എടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചു എന്നതിന്റെ പേരിൽ അവരത് നീക്കം ചെയ്തു. വീണ്ടും പോസ്റ്റ് ചെയ്തപ്പോഴും സമാനമായ അനുഭവം ഉണ്ടായതിനെ തുടർന്ന് ശക്തമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് ചിത്രങ്ങൾ ഫേസ്‌ബുക്കിലിട്ടു.

സോഷ്യൽ മീഡിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നിയമവിരുദ്ധ പ്രവർത്തി കളുടെയോ സ്വയം പീഡിപ്പിക്കുന്ന ചിത്രങ്ങളോ, നഗ്നചിത്രങ്ങളോ ഒക്കെയാണ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്ന ചിത്രങ്ങളുടെ പട്ടികയിൽ വരുന്നതെന്നി രിക്കേ ഒരു സ്ത്രീ പൂർണ്ണമായും വേഷം ധരിച്ച് രക്തം പുരണ്ട ബെഡ്ഷീറ്റിൽ കിടക്കുന്ന ചിത്രങ്ങൾ നീക്കം ചെയ്യേണ്ട കാര്യം എന്താണെന്നായിരുന്നു രുചിയുടെ ചോദ്യം. ആർത്തവചക്രം സ്ത്രീയുടെ ജീവിതത്തിലെ സാധാരണ സംഭവമാ ണെന്നും അതിൽ മാറ്റി നിർത്താനോ ലജ്ജിക്കാനോ ഒന്നുമില്ലെന്ന് സമൂഹത്തെ മനസ്സിലാക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും രുചി പറയുന്നു.

രൂപിയുടെ പോസ്റ്റിലെ വരികൾ ഇതായിരുന്നു: ''നന്ദി ഇൻസ്റ്റഗ്രാം എന്റെ ചിത്രങ്ങൾ വിമർശിക്കാനും ചർച്ച ചെയ്യപ്പെടാനും ആഗ്രഹിച്ചതുപോലെ തന്നെയായി നിങ്ങളുടെ പ്രതികരണം. ഇൻസ്റ്റഗ്രാമിൽ കൊച്ചു കുട്ടികളെ പോലും അശ്ലീലമായി ചിത്രീകരിക്കുന്ന രീതിയിലുള്ള നിരവധി അക്കൗണ്ടുകളും ഫോട്ടോകളുമുണ്ട്. സ്ത്രീകളെ മനുഷ്യരായിപോലും കണകാക്കാത്തതിന് നന്ദി''. രൂപിയുടെ പ്രതിഷേധം ഫലം കണ്ടു. നിരവധി ആളുകൾ അവർക്കനു കൂലമായി പ്രതികരിക്കാൻ തുടങ്ങിയതോടെ ക്ഷമാപണം നടത്തികൊണ്ട് ആ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിന് പുനഃസ്ഥാപിക്കേണ്ടി വന്നു.

രൂപിയുടെ കാര്യം ഇവിടെ പറയേണ്ടിവന്നത് ഇതിന് സമാനമായ ഒരനുഭവം എനിക്കും ഉണ്ടായതുകൊണ്ടാണ്. കഴിഞ്ഞ ദിവസം ആർത്തവമാണെന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടപ്പോൾ ലഭിച്ച പ്രതികരണങ്ങൾ ഏറെക്കുറെ അമ്പരിപ്പിക്കുന്നവയായിരുന്നു. ചിലരത് പരസ്യമായി പറയാൻ ധൈര്യം കാണിച്ചപ്പോൾ ഇൻബോക്‌സിലൂടെ വന്ന മെസ്സേജുകൾ ദീർഘമായി ചിന്തിപ്പിക്കുകയും ഇത്തരമൊരു തുറന്നെഴുത്തിലേക്ക് നയിക്കുകയുമായിരുന്നു. നിമിഷനേരം കൊണ്ട് ഫേസ്‌ബുക്കിലതൊരു വലിയ സദാചാരപ്രശ്‌നമായി മാറുകയും ചെയ്തു.

വാസ്തവത്തിൽ ഒരു സ്ത്രീയുടെ ജീവിതത്തിൽ മൂടിവെയ്ക്കപ്പെടേണ്ട ഒന്നാണോ ആർത്തവം? അല്ലെങ്കിൽ എന്തെങ്കിലും തരത്തിൽ നികൃഷ്ടമായ ഒരു രോഗമാണോ? അത് സ്ത്രീയുടെ ഒരു ശാരീരികാവസ്ഥയാണ്. ഈയിടെയായി ഫേസ്‌ബുക്കിലും, സാമൂഹിക മാദ്ധ്യമങ്ങളിലുമൊക്കെ ഈ വിഷയത്തിൽ നടക്കുന്ന തുറന്ന ചർച്ചകൾ എന്റെ ഈ വരികൾക്ക് കരുത്ത് പകരുന്നുണ്ട്.

എന്റെ പേരിനുതാഴെ കമന്റായി ഒരു എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി ചോദിച്ചത് ഇങ്ങനെ: ''ചേഛീ വാട്ട് ഈസ് ആർത്തവം'' ''ഗോ ആൻഡ് ആസ്‌ക് യുവർ മദർ'' എന്ന് മറുപടിയിട്ടപ്പോൾ പോസ്റ്റും ഡീലിറ്റ് ചെയ്തു അയാൾ ഓടിക്കളഞ്ഞു എന്നത് സത്യം. എന്നാൽ ആ കുട്ടിയുടെ അറിവിലേയ്ക്കായി ആർത്തവം എന്താണെന്ന് വിശദീകരിക്കുകയാണ്.

പെൺകുട്ടി പ്രത്യുൽപ്പാദനശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം. അതോടുകൂടി അണ്ഡവിസർജ്ജനം ആരംഭിക്കുകയും ഗർഭാശയം ഗർഭധാരണത്തിനായി ഒരുങ്ങുകയും വളർച്ചയെത്തിയ അണ്ഡം പുറത്തുവന്നു പുരുഷബീജവുമായി ചേർന്ന് ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്ത്രീ ശരീരത്തിൽ കൗമാരത്തിൽ ആരംഭിക്കുകയും ചെയ്യുന്നു. ബീജസംയോഗമോ ഗർഭധാരണമോ നടക്കാതെ വരുമ്പോൾ ഈ മുന്നൊരുക്കങ്ങൾ അവസാനിക്കുന്നു. ഈ പ്രവർത്തിയുടെ ഫലമായി യോനീനാളത്തിലൂടെ ഉണ്ടാകുന്ന രക്തസ്രാവമാണ് ആർത്തവം. ഗർഭപാത്രത്തിന്റെ ഉൾപ്പാളി അടർന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം അല്ലെങ്കിൽ തീണ്ടാരി ആർത്തവ രക്തം. സാധാരണ രക്തം തന്നെയാണ് ആർത്തവം കഴിഞ്ഞ് ഇരുപത്തിയെട്ട് ദിവസമാകുമ്പോൾ ഗർഭപാത്രത്തിന്റെ ഏറ്റവും ഉള്ളിലായുള്ള എൻഡോമെട്രിയം എന്ന സ്തരം ഈസ്ട്രജൻ പ്രോജസ്‌ട്രോൺ ഹോർമോണുകളുടെ പ്രവർത്തനഫലമായി കട്ടപിടിച്ചുവരുന്നു. ഇങ്ങനെ കട്ടപിടിക്കുമ്പോൾ പെട്ടെന്ന് പ്രൊജസ്‌ട്രോൺ നിരക്ക് കുറഞ്ഞുവരികയും ഇതുമൂലം എൻഡോമെട്രിയത്തിന് അവിടെ പിടിച്ചു നിൽക്കാൻ കഴിയാതെ പുറത്തേക്കുവരികയും ചെയ്യുന്നു. ഇങ്ങനെയാണ് ഓരോ മാസവും ആർത്തവരക്തം കാണപ്പെടുന്നത്. ഹോർമോണുകളാണ് ആർത്തവരക്തത്തെ നിയന്ത്രിക്കുന്നത്. ഇത് സ്വാഭാവിക പരിവർത്തനമായതിനാൽ വൈദ്യശാസ്ത്രപരമായി ആർത്തവരക്തം അശുദ്ധരക്തമല്ല. ഈ പ്രക്രിയ എല്ലാ സസ്തനികളിലുമുണ്ട്.

സൂപ്പർ മാർക്കറ്റുകളിലും മറ്റും പോകുമ്പോൾ 'സാനിട്ടറി നാപ്കിൻസ്' എടുക്കുന്ന ഭാഗത്ത് എത്തുന്ന സ്ത്രീകൾ തിടുക്കത്തിൽ എന്തോ അപരാധം ചെയ്യുന്നതുപോലെ പാഡും എടുത്ത് വേഗത്തിൽ പോകുന്നത് കാണാൻ ഇടവന്നിട്ടുണ്ട്. എന്തായിരിക്കാം അവരുടെ ആ മാനസികാവസ്ഥ എന്ന് മുൻപും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ആർത്തവം ഒളിച്ചുവെയ്ക്കപ്പെടേണ്ടതാണെന്ന മാനസിക ധാരണയിൽ നിന്നാകാം ആ പെരുമാറ്റം. കാലം മാറി എന്നും തൊഴിൽ മേഖലയിൽ ഉൾപ്പെടെ സ്ത്രീകൾ മുന്നേറി എന്നൊക്കെ വീരവാദം മുഴക്കുന്ന ഈ കാലഘട്ടത്തിലും സ്വന്തം ശാരീരികാവസ്ഥകൾ ഒളിച്ചുവെയ്ക്കണമെന്ന വാദം എന്നെ അസ്വസ്ഥയാക്കുന്നു.

എല്ലാം മൂടിവെയ്ക്കപ്പെടുന്ന അല്ലെങ്കിൽ മൂടിവെയ്ക്കപ്പെടേണ്ടിവരുന്ന ഒരു സാമൂഹികാവസ്ഥയിൽ നിന്ന് പൊളിച്ചെഴുത്തലുകൾ നടത്താൻ നമുക്കിനിയു മായിട്ടില്ല. 'ആർത്തവം', 'സ്തനം', 'ലിംഗം', 'ലൈംഗികത' തുടങ്ങിയ വാക്കുകളും അവ ചർച്ചചെയ്യപ്പെടുന്നതും അപരാധമാണെന്ന് സമൂഹത്തിലെ വലിയൊരു വിഭാഗം കരുതുന്നു. പലപ്പോഴും എഴുത്തുകളിലും വാക്കുകളിലും 'ലൈംഗികത' എന്ന പദം പോലും ഉപയോഗിക്കാൻ പലരും മടിക്കുന്നു. പകരം ഇംഗ്ലീഷിലെ 'സെക്‌സ്' എന്ന വാക്ക് ഉപയോഗിക്കുന്നു.


ഈ ഒളിച്ചുവെയ്ക്കലുകളിലാണ് നമ്മുടെ സമൂഹത്തിലെ പല പ്രശ്‌നങ്ങളും ചുറ്റിപിണഞ്ഞ് കിടക്കുന്നത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇന്ന് പിഞ്ചുകുഞ്ഞുങ്ങളിലേക്കും വയോധികരിലേക്കുമൊക്കെ വ്യാപിക്കുമ്പോൾ, ഗാർഹിക പീഡനങ്ങൾ അടിക്കടി വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്ക് എന്തുചെയ്യാൻ സാധിക്കുന്നു?

ചെറുപ്പം മുതൽ ആൺകുട്ടിയേയും പെൺകുട്ടിയേയും ക്ലാസ്സ് മുറിയിൽ പോലും വേർതിരിച്ച് ഇരുത്തുന്ന രീതി ഇന്നും തുടരുകയാണ്. സ്ത്രീ അകറ്റി നിർത്തപ്പെടേണ്ടവളാണെന്ന ബോധം ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. ഇതുകൊണ്ടാണ് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണ മെന്ന ആവശ്യം ഉയരുന്നത്. എന്നാൽ ഇത്തരം കാര്യങ്ങളോട് സന്ധി ചെയ്യാൻ നമ്മുടെ സമൂഹം ഇനിയും മാനസികമായി തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.

പരസ്യമായി ഇത്തരം കാര്യങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുകയും രഹസ്യമായി ഇതെല്ലാം ആസ്വദിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി നാം മാറിയിരിക്കുന്നു. പോൺ സൈറ്റുകളും മറ്റും സേർച്ച് ചെയ്യുന്ന മലയാളികളുടെ ശരാശരി രാജ്യത്തുതന്നെ വളരെ മുൻപന്തിയിലാണെന്ന് ഈയിടെ പുറത്തുവന്ന ഒരു പഠനം വെളിവാക്കുന്നു.

എന്റെ ഫേസ് ബുക്ക് പോസ്റ്റ് ഒത്തിരി ആളുകളുടെ സദാചാരചിന്തകളെ മുറിവേൽപ്പിച്ചിരിക്കുന്നു എന്നു ഞാൻ മനസ്സിലാക്കുന്നു. ''നിങ്ങളെപ്പോലെ ഒരാളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്നാണ് പലരും പ്രതികരിച്ചത്''. ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. ഒരു ശാരീരികാവസ്ഥ തുറന്ന് പറഞ്ഞതാണ് തെറ്റെങ്കിൽ ശരി നിങ്ങളുടെ പക്ഷത്തായിരിക്കാം. പക്ഷേ എന്റെ ശരി ഇതാണ്. എന്റെ വാക്കുകളെ ഞാൻ തെല്ലും ഭയപ്പെടുന്നില്ല. പ്ലാബ്ലോ നെരൂദ പറഞ്ഞതുപോലെ.[BLURB#1-VL]''നിങ്ങൾക്ക് പൂക്കളെ നുള്ളിയെറിയാൻ സാധിച്ചേക്കാം. പക്ഷേ വസന്തത്തിന്റെ വരവിനെ തടയാനാകില്ല''. 

അതുകൊണ്ടുതന്നെ നിങ്ങൾ ഒളിച്ചുവെയ്ക്കാൻ ആഗ്രഹിക്കുകയും പറയാൻ മടിക്കുന്നതുമായ ചില കാര്യങ്ങൾ മറുനാടനിലെ ഈ വേദിയിലൂടെ തുറന്ന ചർച്ചയാക്കാൻ ശ്രമിക്കുകയാണ്.

രൂപി കൗറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ അവസാന വരികൾ ഇതായിരുന്നു. ''എനിക്ക് ആർത്തവം തുടങ്ങുംമുൻപേ അതേക്കുറിച്ച് നാണിക്കാൻ എന്നെ പ്രേരിപ്പിച്ചിരുന്നു. അതു തുടങ്ങിയപ്പോൾ സമൂഹം അതിന്റെ നാണംകൂടി എന്റെ മേൽ അടിച്ചേൽപ്പിക്കാൻ തുടങ്ങി. എന്തിനാണ് സമൂഹത്തിന് ഇത്ര പേടി, ആർത്തവത്തോട് ഈ അയിത്തം? സ്ത്രീകളുടെ രതിവൽക്കരിക്കപ്പെട്ട ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കാണിക്കാമെങ്കിൽ ആർത്തവം എന്തുകൊണ്ട് മറച്ചുപിടിക്കണം?

രൂപിയുടെ വാക്കുകൾ നവമാദ്ധ്യമങ്ങളിലും സമൂഹത്തിലും ഒരു തുറന്ന സമരത്തിന്റെ തുടക്കമാകുകയാണ്. ശാരീരികാവസ്ഥകളോടുള്ള രഹസ്യ സമീപനവും മാറ്റിനിർത്തപ്പെടലും ഇല്ലാതാക്കാനുള്ള ശ്രമം. എന്നാൽ രൂപി കൗറിന്റെ വാക്കുകൾ തുറന്ന സമീപനത്തോടെ കാണുവാൻ നമ്മുടെ സമൂഹം തയ്യാറാകുമോ?