കൊച്ചി: പെരിയാ കേസിൽ നിർണ്ണായ നീക്കവുമായി സിബിഐ. കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമനെ സിബിഐ പ്രതിചേർത്തു. ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. ഇതോടെ സിപിഎം നേരിട്ട് നടത്തിയതാണ് പെരിയാ കൊലപാതകമെന്ന വിലയിരുത്തലിലേക്ക് കാര്യങ്ങളെത്തും. കേസിൽ ഇരുപതാം പ്രതിയാണ് കുഞ്ഞിരാമൻ.

പെരിയ ഇരട്ടക്കൊല കേസിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സിപിഎം. പ്രവർത്തകരെ സിബിഐ. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കല്യോട്ട് ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് (38), കല്യോട്ടെ സുരേന്ദ്രൻ(വിഷ്ണു സുര-47), കല്യോട്ടെ ശാസ്താ മധു (40), ഏച്ചിലടുക്കത്തെ റെജി വർഗീസ് (44), ഹരിപ്രസാദ് ഏച്ചിലടുക്കം (31) എന്നിവരെയാണ് ഡിവൈ.എസ്‌പി. ടി.പി. അനന്തകൃഷ്ണൻ അറസ്റ്റ് ചെയ്തത്. അഞ്ചുപേരും കൊലനടത്താനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തെന്നും കൊലനടത്തിയവർക്ക് സഹായം ചെയ്തെന്നും വ്യക്തമായതായി ഡിവൈ.എസ്‌പി. പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.

പുതുതായി പത്ത് പേരെ കേസിൽ പ്രതചേർത്തു. ഇതിൽ അഞ്ചു പേരെ അറസ്റ്റു ചെയ്തു. ബാക്കിയുള്ള അഞ്ചു പേരിൽ ഒരാളാണ് കുഞ്ഞിരാമൻ. ഇന്ന് കോടതിയിൽ സിബിഐ അറിയിച്ചതാണ് ഇത്. ഇതോടെ ഈ കേസിൽ കുഞ്ഞിരാമനേയും അറസ്റ്റ് ചെയ്യാൻ സാധ്യത കൂടി. ഒരു വർഷംമുൻപ് കേസ് സിബിഐ. ഏറ്റെടുത്ത ശേഷമുള്ള ആദ്യ അറസ്റ്റാണ് കഴിഞ്ഞ ദിവസം നടന്നത്. നേരത്തേ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പ്രതികളുടെ എണ്ണം 24 ആയി.

2019 ഫെബ്രുവരി 17-നാണ് ഇരട്ടക്കൊല നടന്നത്. അന്ന് സിപിഎമ്മിന്റെ ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള പാർട്ടി അംഗമായിരുന്നു രാജേഷ്. ഈ ഓഫീസിൽ ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. കൊല നടക്കുന്നതിന് തൊട്ടുമുൻപ് ഒന്നാം പ്രതി എ. പീതാംബരന്റെ ഫോണിലേക്ക് വന്ന വിളി സുരേന്ദ്രന്റേതായിരുന്നു. പ്രതികളെത്തിയ വാഹനം നിർത്തിയിട്ടത് ശാസ്താ മധുവിന്റെ വീട്ടിലാണ്. മധുവിനും ഹരിപ്രസാദിനും കൊല നടത്തുന്നത് നേരത്തേ അറിയാമെന്ന് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത പ്രതികളിലൊരാളായ മുരളിയുടെ മൊഴിയിലുണ്ടായിരുന്നു.

പ്രതികൾക്ക് രക്ഷപ്പെടാൻ വാഹനമെത്തിച്ചത് ഹരിപ്രസാദാണെന്നും എന്നാൽ, ഈ വാഹനത്തിലല്ല പ്രതികൾ രക്ഷപ്പെട്ടതെന്നും വ്യക്തമായതായി സിബിഐ. ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾക്ക് ഇരുമ്പുപൈപ്പ് നൽകിയെന്നാണ് ഗൂഢാലോചനയ്ക്കുപുറമേ, റെജി വർഗീസിന്റെ പേരിലുള്ള കേസ്. ഇന്ത്യൻ ശിക്ഷാനിയമം 302, 120 (ബി), 118 വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്. ഈമാസം നാലിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി സിബിഐ.ക്ക് നിർദ്ദേശം നൽകിയിരുന്നു.

സിപിഎം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി.കുഞ്ഞിരാമനെയും പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെയും ബുധനാഴ്ച സി.ബി. ഐ. ഉദ്യോഗസ്ഥർ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇവരെ പ്രതിചേർത്തത്. 2019 ഫെബ്രുവരി 17-നാണ് കാസർകോട് പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിൽ സിപിഎം. ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി കേസ് സിബിഐ.യ്ക്ക് വിടുകയായിരുന്നു. ഇത് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു.

പെരിയ കല്ല്യോട്ടെ ഇരട്ടക്കൊല- നാൾവഴികളിലൂടെ...

2019 ഫെബ്രുവരി 17: രാത്രി 7.36 യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടു
2019 ഫെബ്രുവരി 19: സിപിഎം. ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരനെ അറസ്റ്റ് ചെയ്തു
2019 ഫെബ്രുവരി 20: സിപിഎം. പ്രവർത്തകൻ സജി സി. ജോർജിനെ അറസ്റ്റ് ചെയ്തു
2019 ഫെബ്രുവരി 21: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. അഞ്ച് സിപിഎം. പ്രവർത്തകർകൂടി അറസ്റ്റിൽ
2019 മെയ്‌ 14: സിപിഎം. ഏരിയ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും അറസ്റ്റിൽ
2019 മെയ്‌ 20: ക്രൈംബ്രാഞ്ച് ഹൊസ്ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
2019 ജൂലായ് 17: കേസിന്റെ വിചാരണ കാസർകോട് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി
2019 സെപ്റ്റംബർ 30: ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് അന്വേഷണം സിബിഐ.ക്ക് വിട്ടു
2019 ഒക്ടോബർ 24: സിബിഐ. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു
2019 ഒക്ടോബർ 26: അന്വേഷണം സിബിഐ.ക്ക് വിട്ടതിനെതിരേ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി
2019 ഒക്ടോബർ 29: സിബിഐ.ക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. കേസ് ഡയറി ഹാജരാക്കാൻ നിർദ്ദേശം
2020 ജനുവരി 8: പത്ത് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
2020 ഓഗസ്റ്റ് 25: ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് ശരിവെച്ചു
2020 സെപ്റ്റംബർ 12: ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരേ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളും സുപ്രീംകോടതിയെ സമീപിച്ചു
2020 ഡിസംബർ ഒന്ന്: സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി. സിബിഐ. അന്വേഷണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവെച്ചു.
2021 ഡിസംബർ ഒന്ന്: അഞ്ചു പേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ
2021 ഡിസംബർ രണ്ട്: കെവി കുഞ്ഞിരാമനെ പ്രതിചേർത്തു