- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലാൻ ഒരു ടീം; നിരീക്ഷിക്കാൻ മറ്റൊരു കൂട്ടർ; ആയുധം കൊണ്ടു കൊടുത്തത് മൂന്നാം കൂട്ടർ; തെളിവ് നശിപ്പിക്കാൻ പ്രത്യേക ടീം; പ്രതികളെ സംരക്ഷിക്കാൻ അഞ്ചാം ഗ്രൂപ്പും; പെരിയയിൽ എല്ലാം കൃത്യമായ ആസൂത്രണം; പ്രൊഫഷണൽ രാഷ്ട്രീയ കൊലപാതകമെന്ന് സിബിഐ; എതിർത്ത് സിപിഎമ്മും
കാസർകോട്: പെരിയാ കൊലയിൽ വീണ്ടും രാഷ്ട്രീയ ചർച്ച. പെരിയ ഇരട്ടക്കൊലക്കേസിൽ ഓരോ പ്രതികൾക്കും കൃത്യമായ പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള പദ്ധതി മുൻകൂട്ടി തയ്യാറാക്കിയെന്ന് കണ്ടെത്തലാണ് സിബിഐയുടേത്. ആദ്യ സംഘം കൊല നടത്തി. ഇരകളെ നിരീക്ഷിക്കാനും പിന്തുടർന്നു വിവരങ്ങൾ കൊലയാളി സംഘത്തിനു കൈമാറാനുമുള്ള ചുമതലയായിരുന്നു രണ്ടാമത്തെ സംഘത്തിന്. ആയുധങ്ങൾ കൈമാറാനും കൊലയ്ക്കു ശേഷം പ്രതികൾക്കു കടന്നുകളയാനുള്ള വാഹനം തയാറാക്കാനും മൂന്നാമത്തെ സംഘം.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഉന്നത നേതാക്കളുമായി അടുപ്പമുള്ള പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്കു ജാമ്യം അനുവദിച്ചാൽ അവർ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിക്കുമെന്നു സിബിഐ, അന്വേഷണത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയെ അറിയിച്ചു.
രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ച് തെളിവ് നശിപ്പിക്കാൻ നാലാമതൊരു സംഘം. പിടിക്കപ്പെടുന്ന പ്രതികളെ ബലം പ്രയോഗിച്ചു പൊലീസ് കസ്റ്റഡിയിൽ നിന്നു മോചിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനും അഞ്ചാമത്തെ സംഘം. ആദ്യം അറസ്റ്റിലായ 14 പ്രതികളിൽ അന്വേഷണം അവസാനിപ്പിക്കാനുള്ള മുഴുവൻ നീക്കവും ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾ നടത്തിയിരുന്നു. രാഘവൻ വെളുത്തോളി, കെ.വി.ഭാസ്‌കരൻ എന്നിവർക്കൊപ്പം പ്രതി സജി ജോർജിനെ പൊലീസ് കസ്റ്റഡിയിൽനിന്നു മോചിപ്പിച്ചത് ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനായിരുന്നു.
ഗോപൻ വെളുത്തോളിയാണ് കൊലയാളി സംഘത്തിനു സഞ്ചരിക്കാനുള്ള വാഹനവും മറ്റുസഹായവും എത്തിച്ചത്. കൊലയ്ക്കു ശേഷം മാറി ധരിക്കാനുള്ള വസ്ത്രങ്ങളും ഒളിസങ്കേതവും ഒരുക്കി. 13ാം പ്രതി ബാലകൃഷ്ണൻ കൊലപാതക ദിവസവും തലേന്നും തങ്ങിയതു ഗോപകുമാറിന്റെ വീട്ടിലാണ്. 9ാം പ്രതി മുരളിയുടെ കാറിൽ 24ാം പ്രതി സന്ദീപിനൊപ്പം കൊലയാളികളെ സിപിഎം പാർട്ടി ഓഫിസിലെത്തിച്ചു. 12ാം പ്രതി ആലക്കോട് മണിയാണു (മണികണ്ഠൻ) കാറോടിച്ചത്.
സന്ദീപ് വെളുത്തോളി പ്രതികളെ പാർട്ടി ഓഫിസിൽ എത്തിക്കാൻ പോയി. 23ാം പ്രതി ഗോപകുമാറിനൊപ്പം പ്രതികളുടെ സുരക്ഷ ഉറപ്പാക്കാൻ ബൈക്കിൽ പിന്തുടർന്നു. കൊലപാതകത്തിനു ശേഷം പ്രതികളുടെ വസ്ത്രങ്ങൾ കത്തിച്ചു തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നു. യുഎഇയിലേക്കു കടക്കാനായി 8ാം പ്രതി സുബീഷിനെ ബെംഗളൂരുവിൽ എത്തിച്ചു.
ഗൂഢാലോചനയിൽ പങ്കെടുത്തവർ മുതൽ കൊലയ്ക്കു ശേഷം പ്രതികളെ കടത്തിക്കൊണ്ടു പോകാനും രക്തംപുരണ്ട ഇവരുടെ വസ്ത്രങ്ങൾ കത്തിച്ചു തെളിവു നശിപ്പിക്കാനും ശ്രമിച്ച പ്രതികളെയാണ് സിബിഐ ഇതുവരെ അറസ്റ്റ് ചെയ്തത്. അതിനിടെ ഒന്നുമറിയാത്ത പാവങ്ങളെയാണു സിബിഐ പ്രതികളാക്കിയതെന്നു സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണൻ പ്രതികരിച്ചു.
''അറസ്റ്റിലായ എല്ലാവരും സിപിഎം പ്രവർത്തകരല്ല. കോൺഗ്രസ് പറഞ്ഞവരെയെല്ലാം പ്രതികളാക്കുകയാണു ചെയ്തിരിക്കുന്നത്. പാർട്ടി സഖാക്കളും നേതാക്കന്മാരും പ്രതികളായാൽ കയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയില്ല. നിയമപരമായി നേരിടും. കൊലപാതകം പാർട്ടി അറിഞ്ഞതല്ല'' ബാലകൃഷ്ണൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ