- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഗൂഢാലോചന ശരിവെച്ച് സിബിഐ; സിഐടിയു വിശ്രമകേന്ദ്രത്തിലും തന്ത്രമൊരുക്കി; ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലും യോഗം; ശരത്‌ലാലിനു 'പണി' കൊടുക്കണമെന്ന സംസാരവും; പെരിയയിൽ ഇനിയും പ്രതികളോ? സിപിഎം ആശങ്കയിൽ
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ കുറ്റപത്രം നൽകി കഴിഞ്ഞു. ഇത് സിപിഎമ്മിന് ആശ്വാസമാണ്. അപ്പോഴും ആശങ്ക പൂർണ്ണമായും മാറുന്നില്ല. പുതിയതായി പ്രതി ചേർത്ത 5 പേരുടെ അറസ്റ്റ് ഉണ്ടാകുമോ എന്ന കാര്യത്തിൽ അവ്യക്തത ഉള്ളതാണ് ഇതിന് കാരണം. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിനുള്ള സാധ്യതകളും സിപിഎം തേടുന്നുണ്ട്.
മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണു കോൺഗ്രസും കൊല്ലപ്പെട്ടവരുടെ കുടുംബവും ആവശ്യപ്പെടുന്നത്. അറസ്റ്റിനുള്ള നീക്കമൊന്നുമില്ലെന്നാണു സിബിഐ പറയുന്നതെങ്കിലും അതിനുള്ള സാധ്യത അന്വേഷണ സംഘം പൂർണമായും തള്ളിക്കളയുന്നുമില്ല. കുറ്റപത്രം നൽകിയതിനാൽ അന്വേഷണം പൂർത്തിയായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രതികളെ സിബിഐയ്ക്ക് കസ്റ്റഡിയിൽ ആവശ്യമില്ല. വേണമെങ്കിൽ അറസ്റ്റും ചെയ്യാം.
സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതരമായ വകുപ്പുകളാണ് ഉള്ളതെന്ന് സൂചനയുള്ളതിനാൽ അറസ്റ്റ് സിപിഎമ്മും ഭയക്കുന്നു. മുൻകൂർ ജാമ്യത്തിനു ശ്രമിക്കാമെന്നു നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ ഇതിനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ചെങ്കിലും ഗൂഢാലോചനയിലെ അന്വേഷണം തുടരുമെന്നും സൂചനയുണ്ട്. ഇതാണ് അറസ്റ്റ് ഭയത്തിന് കാരണം. ഗൂഢാലോചനാ അന്വേഷണത്തിൽ ഇനിയും സിബിഐ വ്യക്തത വരുത്തിയിട്ടില്ല,
കേസന്വേഷണത്തിന് ഹൈക്കോടതി നൽകിയ സമയപരിധി അവസാനിച്ചതിനാൽ തുടരന്വേഷണത്തിന് സിബിഐ കൂടുതൽ സമയം ചോദിക്കുമെന്നാണു വിവരം. കൊലയിൽ പങ്കാളികളായ 4 പേർ കൂടി നാട്ടിലുണ്ടെന്നു കൊല്ലപ്പെട്ടവരുടെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കെതിരെ തെളിവുകളും സിബിഐക്കു കൈമാറിയതാണ്. നടപടി വേണമെന്നാണു ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബം ആവശ്യപ്പെടുന്നത്. ഇതും സിബിഐയുടെ നിലപാടുകളെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
സിബിഐ. അന്വേഷണവും പ്രതികളെ കൂട്ടിച്ചേർത്തതുമെല്ലാം സ്വാഗതാർഹമാണെങ്കിലും പൂർണസംതൃപ്തരല്ലെന്ന് കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബം പ്രതികരിച്ചു. ''അന്വേഷണം ശരിയായ ദിശയിൽ നടന്നു. പക്ഷേ, ചില ലക്ഷ്യസ്ഥാനങ്ങളിലേക്കെത്തിയില്ല. അതിനാൽ ഹൈക്കോടതിയിൽ പുനരന്വേഷണഹർജി നൽകും'' -ശരത്‌ലാലിന്റെ അച്ഛൻ പി.കെ. സത്യനാരായണനും കൃപേഷിന്റെ അച്ഛൻ പി.വി. കൃഷ്ണനും വ്യക്തമാക്കി.
പെരിയ കല്യോട്ടെ യൂത്തുകോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത് പത്തുപേർ ചേർന്നാണെന്നും കൊലയ്ക്കു മുമ്പ് രണ്ടു കേന്ദ്രങ്ങളിലായി മൂന്നുതവണ ഗൂഢാലോചന നടത്തിയെന്നും സിബിഐ. കുറ്റപത്രം വിശദീകരിക്കുന്നുണ്ട്. ഗൂഢാലോചനയിൽ സിപിഎം. ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുള്ളവരുണ്ട്. കൊല നടന്നതിനുശേഷം പ്രതികളെ ഒളിപ്പിക്കാനും മറ്റു സഹായംനൽകാനും പാർട്ടി ലോക്കൽ-ജില്ലാ നേതാക്കളെത്തി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞതും സിബിഐ. കൂടുതലായി കണ്ടെത്തിയതും ഉൾപ്പെടുത്തി ആയിരത്തിലധികം പേജുള്ള കുറ്റപത്രം എറണാകുളം സി.ജെ.എം. കോടതിയിൽ സമർപ്പിച്ചു.
325 സാക്ഷികളാണ് ഉള്ളത്. 200-ലധികം രേഖകളും കുറ്റപത്രത്തിനൊപ്പം ഹാജരാക്കി. സി. പി.എം. പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ. പീതാംബരനുൾപ്പെടെ എട്ടുപേർ ചേർന്നാണ് കൊലനടത്തിയതെന്നും ഏച്ചിലടുക്കം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ഗൂഢാലോചന നടന്നതെന്നുമായിരുന്നു ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിലുണ്ടായിരുന്നത്. പീതാംബരനുംശരത്ത് ലാലും തമ്മിലുള്ള കുടിപ്പകയാണ് കൊലയിലേക്കെത്തിയതെന്നുമായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സിബിഐ. ഈ എട്ടുപേർക്കൊപ്പം കഴിഞ്ഞ ദിവസം അറസ്റ്റിലായ സുരേന്ദ്രൻ, ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലെ പത്താമതായിരുന്ന കല്യോട്ട് കണ്ണോത്തെ രഞ്ജിത്ത് എന്നിവരെയും കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ഗൂഢാലോചനയും രാഷ്ട്രീയ കൊലപാതകവുമാണിതെന്ന് കുറ്റപത്രത്തിൽ എടുത്തുപറയുന്നു. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഗൂഢാലോചന സിബിഐ. ശരിവെച്ചിട്ടുണ്ട്. എന്നാൽ, ഇവിടെ മാത്രമല്ല പെരിയയിലെ സിഐ.ടി.യു. പ്രവർത്തകരുടെ വിശ്രമകേന്ദ്രത്തിൽകൂടി ഗൂഢാലോചന നടത്തി. മൂന്നു വട്ടമാണ് ഗൂഢാലോചന നടന്നത്. 2019 ഫെബ്രുവരി 17-ന് രാത്രി 7.36-നാണ് കല്യോട്ട് ശരത്ത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. ഫെബ്രുവരി 11-നായിരുന്നു പെരിയയിലെ സിഐ.ടി.യു. കേന്ദ്രത്തിലെ ഗൂഢാലോചനയെന്നാണ് സിബിഐ. കുറ്റപത്രത്തിൽ പറയുന്നത്. 14-ന് ഉച്ചയ്ക്ക് ഏച്ചിലടുക്കം ബസ് കാത്തിരിപ്പുകേന്ദ്രത്തിലും ഗൂഢാലോചന നടന്നു. കൊലനടത്തിയ ദിവസം വൈകീട്ട് സിപിഎം. ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ യോഗം നടന്നിരുന്നു. ഇതിൽ ശരത്‌ലാലിനു 'പണി'കൊടുക്കണമെന്നരീതിയിൽ സംസാരമുണ്ടായി. വൈകീട്ട് 5.30-ന് യോഗം അവസാനിച്ചു.
തുടർന്ന് പീതാംബരനും കൊലയിൽ നേരിട്ടുപങ്കെടുത്ത മറ്റുള്ളവരും ഏച്ചിലടുക്കം ബസ് കാത്തിരിപ്പുകേന്ദ്രത്തിലെത്തി. അന്ന് കല്യോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ട സ്വാഗതസംഘം ചേർന്ന ദിവസമായിരുന്നു. വൊളന്റിയറായിരുന്ന ശരത്‌ലാൽ വീട്ടിലേക്കു മടങ്ങുമ്പോൾ കൃത്യം നിർവഹിക്കാൻ തീരുമാനിച്ചു. രഞ്ജിത്തിനെയും സുരേന്ദ്രനെയും റോഡ് ജങ്ഷനിൽ നിർത്തി. മറ്റുള്ളവർ ശരത്‌ലാൽ വരുന്ന വഴിയിൽ കൂരാങ്കര റോഡരികിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. ശരത്‌ലാലും കൃപേഷും അമ്പലത്തിൽനിന്നു മടങ്ങുമ്പോൾ കൃപേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരും റോഡ് ജങ്ഷൻ കഴിഞ്ഞപ്പോൾ സുരേന്ദ്രൻ പീതാംബരനെയും രഞ്ജിത്ത് ശ്രീരാഗിനെയും വിളിച്ചു വിവരം ധരിപ്പിച്ചു. മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ. അനിൽകുമാർ, ഏഴാം പ്രതി അശ്വിൻ എന്നിവർ ചേർന്ന് ശരത്‌ലാലിനെ വെട്ടി. ശരത്‌ലാൽ നിലത്തുവീണപ്പോൾ അനിൽകുമാർ കൃപേഷിനെയും വെട്ടി. കൊലയ്ക്കുശേഷം മൂന്നു വാഹനങ്ങളിലായി പ്രതികൾ വെളുത്തോളിയെത്തി.
അപ്പോഴേക്കും അന്ന് സിപിഎം. ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന കെ. മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, 12-ാം പ്രതി ആലക്കോട് മണി, സിബിഐ. പ്രതിപ്പട്ടികയിൽ ചേർത്ത ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവർ സ്ഥലത്തെത്തി. പീതാംബരനുൾപ്പടെ നാലുപേരെ ചട്ടഞ്ചാലിലുള്ള പാർട്ടി ഏരിയാ കമ്മിറ്റി ഓഫീസിലെത്തിച്ചു. മറ്റുള്ളവർ വെളുത്തോളിയിലെ ആളൊഴിഞ്ഞ വീട്ടിൽ താമസിച്ചു. പിറ്റേന്ന് രാത്രി എല്ലാവരും വീണ്ടും വെളുത്തോളിയിൽ ഒരുമിച്ചപ്പോഴാണ് ബേക്കൽ പൊലീസ് രണ്ടാം പ്രതി സജി സി. ജോർജിനെ പിടിക്കുന്നത്. മറ്റുള്ളവർ ഓടിക്കളഞ്ഞു. സിപിഎം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. കുഞ്ഞിരാമൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, കെ. മണികണ്ഠൻ എന്നിവരെത്തി പൊലീസ് ജീപ്പിലുണ്ടായിരുന്ന സജിയെ ബലമായി മോചിപ്പിച്ചു എന്നും കുറ്റപത്രത്തിൽ പറയുന്നു.
പ്രതികൾ ഒന്നുമുതൽ 24 വരെ ക്രമപ്രകാരം: സിപിഎം. പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം ഏച്ചിലടുക്കത്തെ എ. പീതാംബരൻ, സജി സി. ജോർജ്, കെ.എം. സുരേഷ്, അനിൽകുമാർ, ഗിജിൻ കല്യോട്ട്, ശ്രീരാഗ്, അശ്വിൻ, സുബീഷ് വെളുത്തോളി, മുരളി തനിത്തോട്, രഞ്ജിത്ത് കണ്ണോട്ട്, പ്രദീപ് ഏച്ചിലടുക്കം, ആലക്കോട് മണി, സിപിഎം. പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, ഉദുമ മുൻ ഏരിയാ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠൻ, സിപിഎം. ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ്, കല്യോട്ടെ സുരേന്ദ്രൻ (വിഷ്ണു സുര), ശാസ്താ മധു, ഏച്ചിലടുക്കത്തെ റെജി വർഗീസ്, ഹരിപ്രസാദ് ഏച്ചിലടുക്കം, സിപിഎം. ജില്ലാ സെക്രട്ടേറിയറ്റംഗം മുൻ എംഎൽഎ. കെ.വി. കുഞ്ഞിരാമൻ, പാക്കം ലോക്കൽ സെക്രട്ടറിയും വ്യാപാരിവ്യവസായി സമിതി ജില്ലാ സെക്രട്ടറിയുമായ രാഘവൻ വെളുത്തോളി, കെ.വി. ഭാസ്‌കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി.
മറുനാടന് മലയാളി ബ്യൂറോ