- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി പറഞ്ഞിട്ടും പെരിയ കേസിൽ സംസ്ഥാന സർക്കാറിന് കടുംപിടിത്തം; സർക്കാർ കേസിലെ രേഖകൾ നൽകാത്തതിനാൽ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് സിബിഐ; സിബിഐ അന്വേഷണവുമായി മുന്നോട്ട് പോകുകയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ അപ്പീലിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: പെരിയ ഇരട്ടകൊലപാതക കേസിൽ സംസ്ഥാന സർക്കാർ കടുംപിടുത്തത്തിൽ തന്നെ. കേസിലെ രേഖകൾ കൈമാറണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടും ഇക്കാര്യത്തിൽ കടുംപിടുത്തം തുടരുകയാണ് സർക്കാർ. കേസിലെ രേഖകൾ ഒന്നും തന്നെ കൈമാറാതെ വന്നതോടെ പെരിയ കേസ് മുന്നോട്ടു പോകാൻ സാധിക്കാത്ത അവസ്ഥയിലാണിപ്പോൾ. ഇരട്ട കൊലപാതക കേസിൽ 2019 ഒക്ടോബറിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നതായി സി ബി ഐ സുപ്രീം കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി.
സംസ്ഥാന സർക്കാർ കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറാത്തതിനാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും സി ബി ഐ സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളതായാണ് സൂചന. അതേസമയം കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാറിന്റെ നിലപാട്. ഇതോടെ കേസിൽ സംസ്ഥാന സർക്കാർ ശരിയും വെട്ടിലായ അവസ്ഥയിലാണ്.
പെരിയ ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിൾ ബെഞ്ച് കൈമാറിയതിന് പിന്നാലെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു എന്നാണ് സി ബി ഐ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. സി ബി ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും വീടുകൾ സന്ദർശിച്ച് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയെന്നും സി ബി ഐ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളതായാണ് സൂചന.
പ്രതികളുടെയും സാക്ഷികളുടെയും കേസുമായി ബന്ധപെട്ടവരുടെയും ഉൾപ്പെടെ മുപ്പതിലധികം പേരുടെ ഫോൺ കോൾ രേഖകളും ശേഖരിച്ചതായി സി ബി ഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് പ്രത്യേക സി ബി ഐ കോടതിക്ക് ഫെബ്രുവരിയിൽ കൈമാറി. ഇതിനിടയിൽ സി ബി ഐ അന്വേഷണത്തിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സംസ്ഥാന സർക്കാർ സമീപിച്ചു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സി ബി ഐ അന്വേഷണത്തിന് അനുകൂലമായി വിധിച്ചതോടെ കേസിന്റെ രേഖകൾ കൈമാറാൻ സംസ്ഥാന സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രേഖകൾ ഇത് വരെയും കൈമാറിയിട്ടില്ല. അതിനാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും സി ബി ഐ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമര്ശിച്ചിട്ടുള്ളതായാണ് സൂചന. മുദ്ര വച്ച കവറിൽ സി ബി ഐ നൽകിയ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് നാളെ ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
സി ബി ഐ യ്ക്ക് വേണ്ടി നാളെ കോടതിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകും. സി ബി ഐ അന്വേഷണവുമായി മുന്നോട്ട് പോകുകയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ അപ്പീലിൽ ഇടപെടില്ല എന്ന് നേരത്തെ തന്നെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ