- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാ കുറ്റവാളികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ശിക്ഷിക്കണം'; പെരിയ കേസിൽ സിബിഐ അന്വേഷണം ശരിവെച്ച ഹൈക്കോടതി വിധിയറിഞ്ഞ് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം; പെരിയ കേസ് സിബിഐക്ക് വിട്ടതിൽ സന്തോഷമെന്നു സർക്കാരിന് തിരിച്ചടിയുടെ നാളുകളെന്നും ചെന്നിത്തല; ഡൽഹിയിലെ അഭിഭാഷകന് കൊടുത്ത തുക മുഖ്യമന്ത്രി തിരിച്ചടക്കണമെന്ന് ഷാഫി പറമ്പിൽ; കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരും പ്രതിപ്പട്ടികയിൽ എത്തണമെന്നും ഷാഫി
കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി വിധിയിൽ ആശ്വാസവും സന്തോഷവും ഉണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം. മാസങ്ങൾ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് സിബിഐ അന്വേഷണം ശരിവെച്ചത്. ഒടുവിൽ കേസ് അന്വേഷണത്തിന് സിബിഐ വരുന്നു എന്ന വാർത്ത പൊട്ടിക്കരഞ്ഞു കൊണ്ടാണ് കുടുംബം കേട്ടത്. കൃപേഷിനും ശരത് ലാലിനും ലഭിക്കേണ്ട നീതിക്ക് വേണ്ടി നടത്തുന്ന പോരാട്ടത്തിൽ ഒപ്പം നിൽക്കുന്ന കോൺഗ്രസ് പാർട്ടിക്ക് നന്ദിയുണ്ടെന്നും കുടുംബം പ്രതികരിച്ചു. കാസർകോട്ട് കൃപേഷിന്റേയും ശരത് ലാലിന്റേയും ശവകുടീരത്തിന് മുന്നിൽ നടത്തി വന്നിരുന്ന ഉപവാസ സമരവും കുടുംബം അവസാനിപ്പിച്ചു.
കോടിക്കണക്കിന് രൂപ ചെലവിട്ടാണ് സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ കേസിന് പോയത്. സിബിഐ വരുന്നതോടെ കേസിൽ നീതി കിട്ടുമെന്നാണ്പ്രതീക്ഷയെന്നും കുടുംബം പ്രതികരിച്ചു. ഒന്നും ഒളിച്ച് പിടിക്കാനില്ലെങ്കിൽ പിന്നെ സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്തിനെന്നും കുടുംബം ചോദിച്ചു.
പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സർക്കാരിന് ഓരോ ദിവസവും തിരിച്ചടിയുടെ നാളുകളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പെരിയ കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന ഹൈക്കോടതി വിധിയിൽ ആശ്വാസമുണ്ടെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയും പറഞ്ഞു. സിബിഐ അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്ത് വരും. കൊലപാതകികളെ മാത്രമല്ല കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരും പ്രേരണ നൽകിയവരുമെല്ലാം പ്രതിപ്പട്ടികയിലെത്തണം. കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണെന്ന് ഹൈക്കോടതി വിധിയെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.
സിബിഐ അന്വേഷണത്തെ ഏത് വിധേനയും എതിർക്കാനാണ് സർക്കാർ ശ്രമിച്ചത്. ഡൽഹിയിൽ നിന്ന് അഭിഭാഷകനെ വരെ വരുത്തി. കോടിക്കണക്കിന് രൂപ കേസ് നടത്തിപ്പിന് ചെലവിട്ടു. ഈ തുക അത്രയും ഖജനാവിലേക്ക് തിരിച്ചടക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതി പണമെടുത്താണ്സർക്കാർ ചെലവാക്കിയതെന്ന് ഓർക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പെരിയ കേസിൽ കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു. കൃപേഷ്, ശരത്ത് ലാൽ എന്നീ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വധിച്ച കേസിൽ സിപിഎമ്മാണ് പ്രതിസ്ഥാനത്ത് ഉള്ളത്. സിബിഐയുടെ തുടരന്വേഷണത്തിന് ശേഷമേ കേസിൽ വിചാരണ നടപടികൾ തുടങ്ങാനാകൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിബിഐക്ക് വേണമെങ്കിൽ കുറ്റപത്രത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്താം. ഒമ്പത് മാസവും ഒമ്പത് ദിവസവത്തിനും ശേഷമാണ് നിർണായക തീരുമാനം വരുന്നത്.
വിധി പറയാൻ വൈകിയ സാഹചര്യത്തിൽ മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഹർജി നൽകിയതിന് പിന്നാലെയാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പെരിയ കേസ് സിബിഐക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിലാണ് വിധി. ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കുകയും കേസ് സിബിഐ.ക്ക് കൈമാറുകയും ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ സമർപ്പിച്ച ഹർജിയാണ് ഡിവിഷൻ ബഞ്ച് തള്ളിയത് 2019 സെപ്റ്റംബർ 30-നാണ് സിംഗിൾ ബെഞ്ചിന്റെ വിധിയുണ്ടായത്.
അപ്പീൽ ഹർജിയിൽ ഒൻപതുമാസം മുൻപേ വാദം പൂർത്തിയായതാണ്. മുൻ സോളിസിറ്റർ ജനറൽ ഉൾപ്പെടെയുള്ള അഭിഭാഷകരെയാണ് സർക്കാർ ഹൈക്കോടതിയിൽ വാദിക്കാനായി എത്തിച്ചത്. ഇവർക്കായി ലക്ഷങ്ങൾ ഫീസ് സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നും നൽകേണ്ടിയും വന്നിരുന്നു. ഇതിനിടെ കേസിലെ മുഖ്യപ്രതി പീതാംബരനുൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം ജാമ്യഹർജി നൽകിയിരുന്നു. ഹൈക്കോടതി ഇത് പരിഗണിക്കവെ, ഡിവിഷൻ ബെഞ്ചിന്റെ വിധി വൈകുന്നതിനാൽ അന്വേഷണം തുടരാനാകുന്നില്ലെന്ന് സിബിഐ. അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. ശരത്ലാലിന്റെ വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു ഇരുവരും. രാത്രി 7.40-ഓടെ കല്യോട്ട് കൂരാങ്കര റോഡിൽ അക്രമികൾ ബൈക്ക് തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത്ലാൽ മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. സിപിഎം. മുൻ ലോക്കൽ സെക്രട്ടറി അയ്യങ്കാവ് വീട്ടിൽ പീതാംബരനാണ് ഒന്നാംപ്രതി. സിപിഎം. ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവരുൾപ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മണികണ്ഠനും ബാലകൃഷ്ണനുമുൾപ്പെടെ മൂന്നുപേർക്ക് ജാമ്യം ലഭിച്ചു. മറ്റുള്ളവർ റിമാൻഡിലാണ്.
കൊലനടന്ന് മൂന്നുമാസം പൂർത്തിയാകുന്നതിന് ഒരുദിവസം മുമ്പാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും ഗൂഢാലോചന നടത്തിയതിൽ നേതാക്കൾക്ക് പങ്കുണ്ടെന്നും കാണിച്ച് ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദം പൂർത്തിയായി ആറുമാസം കഴിഞ്ഞിട്ടും വിധി വന്നില്ലെങ്കിൽ ചീഫ് ജസ്റ്റിസിന് പ്രത്യേക ഹർജി നൽകാമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ