കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ മൂന്ന് പ്രതികൾ കോടതിയിൽ ഹാജരായില്ല. കെ വി കുഞ്ഞിരാമനു പുറമേ സിപിഎം നേതാക്കളായ കെ.വി.ഭാസ്‌കരൻ , ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരും എറണാകുളം സിജെഎം കോടതിയിൽ ഹാജരായില്ല.

നോട്ടീസ് ലഭിച്ചത് താമസിച്ചതിനാൽ മറ്റൊരു ദിവസം ഹാജരാകാൻ അനുമതി നൽകണമെന്ന് കുഞ്ഞിരാമന്റെ അഭിഭാഷകൻ കോടതിയോട് അപേക്ഷിച്ചു. ഇന്ന് ഹാജരാകാത്തവരോട് ഈ മാസം 22ന് ഹാജരാകാനും കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും 29ന് പരിഗണിക്കും.

നിലവിൽ ജയിലിലുള്ള പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടി. ജാമ്യത്തിലിറങ്ങിയ മൂന്ന് പേർ എറണാകുളം സിജെഎം കോടതിയിൽ ഹാജരായിരുന്നു. അവർക്ക് ജാമ്യത്തിൽ തുടരാനുള്ള അനുമതി നൽകി.

രാഘവൻ വെളുത്തോളി, ഇപ്പോൾ ജാമ്യത്തിലുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം ബാലകൃഷ്ണൻ, മണി എന്നിവരാണ് നേരിട്ട് ഹാജരായത്. രാഘവൻ വെളുത്തോളിക്കും ഇന്ന് ജാമ്യം അനുവദിച്ചു. ജയിലിൽ കഴിയുന്ന പ്രതികളെല്ലാം വീഡിയോ കോൺഫറൻസിങ് വഴി ഹാജരായി.

കേസിൽ ആകെ 24 പ്രതികളാണുള്ളത്. ഇതിൽ 19 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ സന്ദീപ് ഇപ്പോൾ ഗൾഫിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സിബിഐ. ഈ മാസം 3നാണ് പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്‌പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്.

ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുത്തത്. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരാണ് ഒന്നാം പ്രതി. പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്താൻ കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

യുവാക്കൾക്കിടയിൽ ശരത്ത് ലാലിനുണ്ടായിരുന്ന സ്വാധീനം അവസാനിപ്പിക്കാൻ സിപിഎം പ്രാദേശിക നേതാക്കൾ തീരുമാനിച്ചിരുന്നു. സിപിഎം പശ്ചാത്തമുള്ള കുടുംബത്തിലെ കൃപേഷ് ശരത്ത് ലാലിന്റെ അടുത്ത അനുയായി മാറിയതും സിപിഎം നേതാക്കളെ അസ്വസ്ഥപ്പെടുത്തി. 2019 ഫെബ്രുവരി 17നാണ് പെരിയയിൽ യുവാക്കളെ കൊലപ്പെടുത്തുന്നത്.

ശരത് ലാലും സിപിഎം പ്രവർത്തകരും തമ്മിൽ നിരവധി പ്രാവശ്യം ഏറ്റമുട്ടലുകളുണ്ടായിട്ടുണ്ട്. ഇതിനിടെയാണ് പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ ശരത്ത് ലാൽ മർദ്ദിക്കുന്നത്. ഇതിന് ശേഷം കൊലപാതക ഗൂഢാലോചന സിപിഎം തുടങ്ങിയെന്ന് സിബിഐ പറയുന്നു. കൊലപാതകം, തെളിവു നശിപ്പിക്കൽ സംഘം ചേരൽ, ഗൂഢാലോചന തുടങ്ങിയവയാണ് പ്രതികൾക്കെതിരായ കുറ്റങ്ങൾ.

പെരിയ ഇരട്ടക്കൊല സിപിഎം. പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ. പീതാംബരനും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത്‌ലാലും തമ്മിലുള്ള കുടിപ്പകയിൽനിന്ന് ഉണ്ടായതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ട്. എന്നാൽ വ്യക്തമായ രാഷ്ട്രീയ കൊലപാതകമാണെന്ന കണ്ടെത്തലിലാണ് സിബിഐ. അന്വേഷണമെത്തിയത്. പ്രതിപ്പട്ടികയിൽ സിപിഎം. ബ്രാഞ്ച് സെക്രട്ടറിമുതൽ ജില്ലാ സെക്രട്ടേറിയറ്റംഗംവരെ ഉൾപ്പെട്ടു.

ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ വ്യാഴാഴ്ച പ്രതിചേർക്കപ്പെട്ട അഞ്ചുപേരിൽ ഒരാൾപോലും ക്രൈംബ്രാഞ്ചിന്റെ പട്ടികയിലില്ല. കല്യോട്ട് ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ്, പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ. പീതാംബരൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, അന്ന് ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന കെ. മണികണ്ഠൻ, കെ.വി. കുഞ്ഞിരാമൻ എന്നിങ്ങനെ സിപിഎമ്മിന്റെ കീഴ്ഘടകംമുതൽ ജില്ലാഘടകംവരെയുള്ള സമിതികളിലെ താക്കോൽസ്ഥാനക്കാർ പ്രതിപ്പട്ടികയിലായി.

കൊലയ്ക്കു പിറ്റേന്ന് 2019 ഫെബ്രുവരി 18-ന് രാത്രി പാക്കം വെളുത്തോളി ചാലിൽ രണ്ടാംപ്രതി സജി സി.ജോർജിനെ ബേക്കൽ പൊലീസ് സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ സമയം ഒരുസംഘം ഇവിടെയെത്തി ഇയാളെ പൊലീസ് ജീപ്പിൽനിന്ന് ബലമായി മോചിപ്പിച്ചു.

കെ.വി. കുഞ്ഞിരാമൻ, കെ. മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്‌കരൻ എന്നിവരാണ് ആ സംഘത്തിൽ ഉണ്ടായിരുന്നതെന്ന് സിബിഐ. കണ്ടെത്തി. സജി സി.ജോർജിനെ മോചിപ്പിക്കുന്നതിന് ദൃക്‌സാക്ഷിയായ ആൾ എറണാകുളം സി.ജെ.എം. കോടതിയിൽ രഹസ്യമൊഴി നൽകുകയും ചെയ്തു. കൊല നടന്നുവെന്ന് അറിഞ്ഞശേഷമാണ് ഇവർ സജിയെ മോചിപ്പിച്ചതെന്നും ഏഴുവർഷംവരെ ശിക്ഷ കിട്ടാവുന്ന 225-ാം വകുപ്പ് ഉൾപ്പെടുത്തിയാണ് ഇവരെ പ്രതികളാക്കിയതെന്നും സിബിഐ. ഡിവൈ.എസ്‌പി. ടി.പി. അനന്തകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

മണികണ്ഠനെയും ബാലകൃഷ്ണനെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിരുന്നു. സജിയെ മോചിപ്പിച്ച സംഭവത്തിലല്ല, പ്രതികൾക്ക് നിയമസഹായം ലഭ്യമാക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ഇവർക്കെതിരേ കേസെടുത്തത്.