- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുള്ള തിരിച്ചടി; സർക്കാരിന്റെ കള്ളക്കളി പൊളിഞ്ഞു; കോടതി വിധി ദൈവാനുഗ്രഹമെന്നും' കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ; സർക്കാരിന്റെ ദുർവാശിക്കേറ്റ തിരിച്ചടിയെന്ന് യൂത്ത് കോൺഗ്രസ്; കേസ് നടത്താൻ ചെലവാക്കിയ ലക്ഷങ്ങൾ സിപിഎം തിരിച്ചടയ്ക്കണമെന്നും ഷാഫി പറമ്പിൽ; പെരിയകേസിൽ പ്രതികരണങ്ങൾ ഇങ്ങനെ
കാസർകോട്: പെരിയകേസിലെ സുപ്രീം കോടതി വിധി ദൈവാനുഗ്രഹമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു. സർക്കാരിന്റെ കള്ളക്കളി പൊളിഞ്ഞു. പോരാട്ടത്തിൽ ഒപ്പംനിന്ന എല്ലാവർക്കും നന്ദി പറയുന്നു. കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കും തിരിച്ചടിയാണ് വിധി. ഈ ഭരണത്തിൽ വിശ്വാസമില്ല. അവർ ഭരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയല്ലെന്നും സത്യനാരായണൻ പറഞ്ഞു.
പെരിയ കേസിൽ സർക്കാരിന്റെ ദുർവാശിക്കേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് യൂത്ത് കോൺഗ്രസ്. രാഷ്ട്രീയ ലക്ഷ്യത്തോടെ, കേസ് നടത്താൻ ചെലവാക്കിയ ലക്ഷങ്ങൾ സർക്കാർ ഖജനാവിലേക്ക് സിപിഎം തിരിച്ചടയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പ്രതികരിച്ചൂ
പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. കേസ് രേഖകൾ എത്രയും വേഗം പൊലീസ് സിബിഐക്ക് കൈമാറണം. രേഖകൾ ലഭിക്കാത്തതുമൂലം അന്വേഷണം മുന്നോട്ടുകൊണ്ടു പോകാനായില്ലെന്ന് സിബിഐ നിലപാടെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം സമ്പൂർണമെന്ന് സംസ്ഥാന സർക്കാരും വാദിച്ചു.
2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് കാസർകോട് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്ലാൽ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 14 പേരാണ് പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനാണ് ഒന്നാം പ്രതി.
മറുനാടന് മലയാളി ബ്യൂറോ