ദോഹ: രാജ്യത്തെ വിദേശികൾക്ക് പെർമനന്റ് റെസിഡൻസ് നൽകുന്നതിനുള്ള കരടുരേഖയ്ക്ക് മന്ത്രിസഭാ അനുമതിയായി. മന്ത്രിസഭ നിശ്ചയിച്ചിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായാണ് പ്രവാസികൾക്ക് സ്ഥിരം ഐഡി നൽകുന്നത്. ഇതു സംബന്ധിച്ച ബില്ലിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകി. 

ഖത്തരിയല്ലാത്തയാളെ വിവാഹം കഴിച്ച ഖത്തരി വനിതയുടെ കുട്ടിക്കും ഈ ഐഡി ലഭിക്കും. രാജ്യത്തിനു വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ പ്രവാസികൾക്കും പ്രത്യേക പദവികൾ ഉള്ളവർക്കും സ്ഥിരതാമസ ഐഡി നൽകാൻ ആഭ്യന്തര മന്ത്രിക്കു കഴിയും.

വിദ്യാഭ്യാസം, ചികിൽസ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിൽ ഖത്തരികൾക്കു ലഭിക്കുന്ന അതേ പരിഗണന തന്നെ സ്ഥിരതാമസ ഐഡി ഉള്ളവർക്കും ലഭിക്കും. സൈനിക, സിവിൽ ജോലികളിൽ ഖത്തരികൾക്കു പിന്നിൽ ഇവർക്കു പരിഗണന നൽകും. ഈ ഐഡി ഉള്ളവർക്കു സ്വത്തുക്കളുടെ ഉടമസ്ഥാവകാശം ലഭിക്കും.