ഒട്ടാവ: കനേഡിയൻ കാമ്പസുകളിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കുന്ന വിദേശവിദ്യാർത്ഥികൾക്ക് സ്ഥിരതാമസം അനുവദിച്ചുകൊണ്ട് നിയമമായി. കാനഡയിലെ വിദേശി വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനം ഇന്ത്യക്കാരാണെന്നിരിക്കെ പുതിയ നിയമം ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് ഏറെ ഗുണകരമാകുക. പുതുതായി പ്രഖ്യാപിച്ച ഇമിഗ്രേഷൻ നിയമങ്ങളിലാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറെ നേട്ടം സൃഷ്ടിച്ച മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 18 മുതൽ പുതിയ കുടിയേറ്റ പൗരത്വ നിയമങ്ങൾ പ്രാബല്യത്തിൽ വരും.

ഹൈലി സ്‌കിൽഡ് ഇമിഗ്രന്റ്‌സിനും കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കുന്ന വിദേശ വിദ്യാർത്ഥികൾക്കും പെർമെനന്റ് റസിഡൻസി അനുവദിച്ചാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. കാനഡയിലെ മൊത്തം വിദേശ വിദ്യാർത്ഥികളിൽ 14 ശതമാനത്തോളം ഇന്ത്യക്കാരാണ്. ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികൾ ചൈനയിൽ നിന്നാണ്.

വിദേശ വിദ്യാർത്ഥികൾക്ക് റസിഡൻസി അനുവദിക്കുന്നതിന് സമഗ്ര റാങ്കിങ് സംവിധാനം (സിആർഎസ്) നടപ്പിലാക്കുമെന്നും ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഒന്ന് അല്ലെങ്കിൽ രണ്ടു വർഷ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്‌സിന് 15 പോയിന്റും മൂന്നു വർഷ ഡിഗ്രി, അല്ലെങ്കിൽ സർട്ടിഫിക്കേറ്റ് അല്ലെങ്കിൽ ഡിപ്ലോമ കോഴ്‌സിന് 30 പോയിന്റും അനുവദിക്കും.

പുതിയ സംവിധാനം നടപ്പിലാകുന്നതോടെ ഇവിടെയുള്ള മുൻ  ഇന്റർനാഷണൽ സ്റ്റുഡന്റ്‌സിന് എക്സ്‌പ്രസ് എൻട്രി സംവിധാനം ഉപയോഗിച്ച് പെർമനന്റ് റെസിഡന്റ്‌സിലേക്ക് മാറാൻ സാധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.