ഡബ്ലിൻ: പുതിയ മോർട്ട്‌ഗേജിൽ നിരക്ക് ഇളവുമായി പെർമനന്റ്‌ പി ടി എസ് ബി എത്തുന്നു. വേരിയബിൾ ഇന്ററസ്റ്റ് റേറ്റ് മോർട്ട്‌ഗേജിൽ വൻ ഇളവു വരുത്തുന്നതോടെ വിപണിയിലെ കുറഞ്ഞ നിരക്കുള്ള മോർട്ട്‌ഗേജുകളിലൊന്നായി മാറും പി ടി എസ് ബിയുടെ ലോൺ.

പുതുതായി വീടു വാങ്ങുന്നവർക്ക് വേരിയബിൾ ഇന്ററസ്റ്റ് റേറ്റ് മോർട്ട്‌ഗേജിൽ 0.36 ശതമാനം മുതൽ 0.42 ശതമാനം വരെ ഇളവാണ് ബാങ്ക് പ്രഖ്യാപിക്കുന്നതെന്ന് ബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കി. പലിശ നിരക്കിൽ ഇളവ് വരുത്തുന്നതോടെ വേരിയബിൾ റേറ്റിലുള്ള മോർട്ട്‌ഗേജ് നിരക്ക് 3.76 ശതമാനമാകും. 0.36 ശതമാനം ഇളവ് പ്രഖ്യാപിക്കുമ്പോഴാണ് ഈ നിരക്ക് വരുന്നത്. നിലവിലുള്ള വേരിയബിൾ റേറ്റ് 50 ശതമാനം അല്ലെങ്കിൽ പ്രോപ്പർട്ടി വാല്യുവിനെക്കാൾ കുറവ് എന്നുള്ളതിൽ നിന്നാണ് 3.76 ആയി കുറയുന്നത്.

വീടു വിലയേക്കാൾ 50 ശതമാനത്തിനും 60 ശതമാനത്തിനും ഇടയ്ക്കാണ് മോർട്ട്‌ഗേജ് എങ്കിൽ പലിശ നിരക്ക് കട്ട് 4.15 ശതമാനത്തിൽ നിന്ന് 3.8 ശതമാനം ആയി കുറയ്ക്കും. അതേസമയം 60 ശതമാനത്തിനും 70 ശതമാനത്തിനും മധ്യേയാണ് ലോൺ എങ്കിൽ പുതിയ നിരക്ക് 3.0 ശതമാനമായിരിക്കും. 4.25 ശതമാനം എന്നുള്ളതാണ് പഴയ നിരക്ക്. വീടു വിലയുടെ 70 ശതമാനത്തിനും 80 ശതമാനത്തിനും മധ്യേ ലോൺ എടുക്കുന്നവർക്ക് 0.42 ശതമാനം ഇളവാണ് പുതിയ നിരക്കിൽ നൽകുന്നത്. പുതിയ നിരക്കുകൾ ജനുവരി 12 മുതൽ പ്രാബല്യത്തിൽ വരും.

ഇതേ മോർട്ട്‌ഗേജിന് എഐബിയിൽ പലിശ നിരക്ക് 3.8 ശതമാനത്തിനും 4.25 ശതമാനത്തിനും മധ്യേയാണ്. ബാങ്ക് ഓഫ് അയർലണ്ടിൽ ആകട്ടെ 4.1 ശതമാനത്തിനും 4.5 ശതമാനത്തിനും മധ്യേയാണ് വേരിയബിൾ റേറ്റ് പലിശ നിരക്ക്. മോർട്ട്‌ഗേജ് മാർക്കറ്റിൽ പെർമനന്റി ടിഎസ്ബി ശക്തമായ മുന്നേറ്റം നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ പലിശ നിരക്ക് ഏർപ്പെടുത്തുന്നതെന്ന് പി ടി എസ് ബി ഹെഡ് ഓഫ് മോർട്ട്‌ഗേജസ് റിച്ചാർഡ് കെല്ലി വ്യക്തമാക്കി.

പുതിയ റെസിഡൻഷ്യൽ കസ്റ്റമേഴ്‌സിനും ഫിക്‌സഡ് റേറ്റ് മോർട്ട്‌ഗേജിലും പുതിയ നിരക്ക് ഇളവുകൾ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നാലും അഞ്ചും വർഷത്തേക്കുള്ള ഫിക്‌സഡ് റേറ്റുകളാണ് പിടിഎസ്ബി പുതുതായി പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ ഒന്ന്, രണ്ട്, മൂന്ന് വർഷത്തേക്കാണ് ഫിക്‌സഡ് റേറ്റുകളുള്ളത്.