- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദ സന്യാസി സന്തോഷ് മാധവൻ ഐടി പാർക്കിന് വാങ്ങിക്കൂട്ടിയ സ്ഥലത്ത് ഇനി നെല്ല് വിളയും; കൊച്ചി പുത്തൻവേലിക്കരയിലെ 95 ഏക്കർ പാടത്ത് കൃഷിയിറക്കുക സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി
വിവാദ സന്യാസി സന്തോഷ് മാധവനിൽ നിന്ന് സർക്കാർ പിടിച്ചെടുത്ത പാടത്ത് ഇനി നെല്ല് വിളയും. കൊച്ചി പുത്തൻവേലിക്കരയിലെ 95 ഏക്കർ പാടത്ത് സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷി ഇറക്കാൻ കളക്ടർ എസ് സുഹാസ് പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് അനുമതി നൽകി. വർഷങ്ങളായി തരിശായി കിടക്കുകയായിരുന്നു പാടശേഖരം. ഇവിടെ കൃഷി ചെയ്യാൻ അനുവദിക്കണമെന്ന് പഞ്ചായത്തും പാടശേഖര സമിതികളും പലതവണ ആവശ്യപ്പെട്ടിരുന്നു.
സന്തോഷ് മാധവനെതിരായ കേസ് നടക്കുന്നതിനിടെയാണ് സർക്കാർ സ്ഥലം പിടിച്ചെടുത്തത്. ബംഗളൂരുവിലെ ബിഎം ജയശങ്കർ ആദർശ് പ്രൈം പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് ഭൂമി. ഒരു കാലത്ത് പഞ്ചായത്തിന്റെ നെല്ലറയായിരുന്നു ഈ പാടശേഖരം. ഇതിൽ തരിശായിക്കിടക്കുന്ന സ്ഥലത്ത് കൃഷി ചെയ്യാൻ അനുവദിക്കണമെന്ന് പഞ്ചായത്തും പാടശേഖര സമിതികളും പലതവണ ആവശ്യപ്പെട്ടിരുന്നു. കൃഷിക്ക് അനുയോജ്യമാണെന്ന് തഹസിൽദാരും റിപ്പോർട്ട് നൽകിയതോടെയാണ് കളക്ടർ ഇതുസംബന്ധിച്ച് അനുമതി നൽകിയത്. ഒരു വർഷത്തേക്കാണ് ഇപ്പോൾ അനുവാദം നൽകിയിരിക്കുന്നത്. മറ്റാവശ്യങ്ങൾക്ക് ഈ ഭൂമി ഉപയോഗിക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
സന്തോഷ് മാധവൻ ഡയറക്ടറായ കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന സ്ഥലം നികത്തി കെട്ടിടം നിർമ്മിക്കാനായിരുന്നു പദ്ധതി. എൽഡിഎഫ് സർക്കാർ, സന്തോഷ് മാധവന്റെ മറ്റ് സ്വത്തുക്കൾക്കൊപ്പം ഈ ഭൂമിയും പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ ദീർഘകാലം നെൽക്കൃഷിയുണ്ടായിരുന്നു. പലരിൽനിന്നായാണ് ഇത്രയേറെ കൃഷിഭൂമി സന്തോഷ് മാധവൻ വാങ്ങിയത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനകാലത്ത് ഭൂമി അപ്പാടെ സന്തോഷ് മാധവന്റെ കമ്പനിക്ക് തിരിച്ചുകൊടുക്കാൻ നീക്കമുണ്ടായിരുന്നു.
ഐടി പാർക്ക് തുടങ്ങാനെന്ന പേരിലായിരുന്നു നീക്കം. പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായ വ്യവസായവകുപ്പാണ് എല്ലാത്തിനും നേതൃത്വം നൽകിയത്. നീക്കം പുറത്തായതോടെ പ്രതിഷേധമുയർന്നു. കർഷകസംഘടനകൾ പ്രക്ഷോഭമാരംഭിച്ചു. നെൽവയൽ–-തണ്ണീർത്തടനിയമം ലംഘിച്ച് കെട്ടിടനിർമ്മാണത്തിന് ഭൂമി നൽകരുതെന്ന് ആവശ്യപ്പെട്ട് കോടതികളെയും സമീപിച്ചു. വിജിലൻസ് അന്വേഷണവും നടന്നു. സ്ഥലം കൃഷിഭൂമിയാണെന്ന് വിജിലൻസ് റിപ്പോർട്ട് നൽകി. ആകെയുള്ള 95 ഏക്കറും മിച്ചഭൂമിയായി സർക്കാരിലേക്ക് ചേർത്തു.
വർഷങ്ങളായി കേസും കൂട്ടവുമായി തരിശുകിടക്കുന്ന 95 ഏക്കറിൽ കൃഷിയിറക്കാൻ കലക്ടർ അനുമതി നൽകിയതോടെ പുത്തൻവേലിക്കര പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാവുകയാണ്. പുത്തൻവേലിക്കര പഞ്ചായത്ത് പ്രതിനിധികളുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ചാണ് കലക്ടർ ഭൂമി വിട്ടുകൊടുത്തത്. ഭൂരേഖ വിഭാഗം തഹസിൽദാറും അഡീഷണൽ ജില്ലാ മജിസ്ട്രേട്ടും ഭൂമി നെൽക്കൃഷിക്ക് അനുയോജ്യമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
പാടശേഖരസമിതികളും കുടുംബശ്രീ യൂണിറ്റുകളുമായിരിക്കും പാടം പച്ചയണിയിക്കുക. നാൽപ്പതോളം കുടുംബശ്രീ യൂണിറ്റുകൾ കൃഷിയിറക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കർഷകരുടെ പട്ടിക തയ്യാറാക്കി ഓരോ ഗ്രൂപ്പിനും നിശ്ചിത ബ്ലോക്കുകൾ പാട്ടത്തിന് നൽകാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്.
മറുനാടന് ഡെസ്ക്