- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖസാമ്യം അനുകൂലമായിട്ട് കാര്യമില്ല; വേണ്ടത് അനുകൂല ഡിഎൻഎ പരിശോധനാ ഫലം; സ്വന്തം കുഞ്ഞിന് വേണ്ടിയുള്ള ഈ അമ്മയുടെ പോരാട്ടം വിജയിച്ചത് പാതിമാത്രം; ഈ കുട്ടിയുടെ മാതാപിതാക്കളിൽ രണ്ട് ദിവസത്തിനകം വ്യക്തത വരും; പേരുർക്കടയിലെ ദത്ത് കേസിൽ പ്രതികളെ വെറുതെ വിടുമോ?
തിരുവനന്തപുരം: മുഖ സാമ്യം വച്ച് ആ കുട്ടി അനുപമയുടേത് തന്നെന്ന് കണ്ടവരെല്ലാം പറയുന്നു. പക്ഷേ അതിനിർണ്ണായകം ഡിഎൻഎ പരിശോധനയാണ്. കുട്ടിയുടെ സ്വകാര്യത കാത്തു സൂക്ഷിക്കാൻ ചിത്രങ്ങൾ പോലും പുറത്തു വിടുന്നില്ലെന്നതാണ് വസ്തുത. ഇനി എല്ലാം ഡി എൻ എ പരിശോധനയിലൂടെ തെളിയും. കുട്ടിയെ അമ്മയ്ക്ക് നൽകി ദത്ത് കേസ് അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാർ. പ്രത്യേകിച്ച് സിപിഎം നേതാവ് കൂടിയായ ജയചന്ദ്രനേയും കുടുംബത്തിനേയും രക്ഷിച്ചെടുക്കാനാണ് ശ്രമം. ഇവർ ജയിലിൽ പോകില്ലെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം.
അമ്മയറിയാതെ ദത്ത് നൽകിയെന്ന വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയിൽ നിന്നു തിരുവനന്തപുരത്തെത്തിച്ചിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ സംരക്ഷണയിൽ ഏൽപിച്ച കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയ്ക്കായി ഇന്നു സാംപിളെടുക്കും. അമ്മ അനുപമാ ചന്ദ്രനിൽ നിന്നും സാമ്പിൾ എടുക്കും. അതിന് ശേഷം ഒത്തുനോക്കി തീരുമാനം. ഈ ഫലം പ്രതീക്ഷയ്ക്ക് അപ്പുറമായാൽ അത് പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിടും. ഇതുവരെ പറഞ്ഞതെല്ലാം കളവാണെന്ന് വരികയും ചെയ്യും. ശിശുക്ഷേമ സമിതിയെ കുട്ടിയെ ഏൽപ്പിച്ചുവെന്ന ജയചന്ദ്രന്റെ വാദമെല്ലാം പൊളിയും.
അതിനിടെ പിറന്നു മൂന്നാം നാൾ കൈവിട്ടുപോയ കുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണെന്നു പരാതിക്കാരിയായ അനുപമ എസ്.ചന്ദ്രൻ പറഞ്ഞു. ശിശുക്ഷേമ സമിതിക്കു മുന്നിലെ സമരപ്പന്തലിൽ കാത്തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനുപമ ബോധരഹിതയായി വീണു. ഡോക്ടറെത്തി പ്രാഥമിക ചികിത്സ നൽകി. താൽക്കാലിക ദത്തിന് ഏൽപിച്ചിരുന്ന ആന്ധ്രയിലെ ദമ്പതികളിൽനിന്നു കുഞ്ഞിനെ സ്വീകരിച്ച കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥസംഘം ഇന്നലെ രാത്രി എട്ടരയോടെയാണു വിമാനമാർഗം തിരുവനന്തപുരത്തെത്തിയത്.
ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും പൊലീസുകാരും ഉൾപ്പെട്ടതായിരുന്നു സംഘം. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ അനുമതിയോടെ പാളയത്തെ നിർമല ശിശുഭവനിലാക്കി. ഇന്നു വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷം കുഞ്ഞിന്റെ ഡിഎൻഎ സാംപിളെടുക്കും. പരാതിക്കാരായ അനുപമ, അജിത്കുമാർ എന്നിവരുടെ ഡിഎൻഎ സാംപിളുകളും ശേഖരിക്കും.
അതിനിടെ തന്റെ സാന്നിധ്യത്തിൽ കുഞ്ഞിന്റെ വൈദ്യപരിശോധന ഇന്നുതന്നെ നടത്തണമെന്നാവശ്യപ്പെട്ടു സിഡബ്ല്യുസിക്കും ബാലാവകാശ കമ്മിഷനും അനുപമ നിവേദനം നൽകി. ഡിഎൻഎ സാംപിൾ എടുത്ത ശേഷം കോടതിവിധി വരുന്നതുവരെ തിരിമറികളൊന്നും നടക്കാതിരിക്കാനാണ് ഈ ആവശ്യമെന്നും നിവേദനത്തിൽ പറയുന്നു. 2020 ഒക്ടോബർ 23ന് ശിശുക്ഷേമ സമിതിയിൽ ലഭിച്ച കുഞ്ഞ് തന്റേതാണെന്ന അനുപമയുടെ അവകാശവാദവും പരാതിയും നിലനിൽക്കെയാണു കഴിഞ്ഞ ഓഗസ്റ്റ് 6ന് കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾക്കു കൈമാറിയത്.
കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചെങ്കിലും സംസ്ഥാന ശിശുക്ഷേമസമിതിക്ക് മുന്നിൽ താൻ നടത്തുന്ന സമരം തുടരുമെന്ന് അനുപമ അറിയിച്ചു. കുഞ്ഞിനെ തിരികെ എത്തിക്കുന്നത് മാത്രമായിരുന്നില്ല സമരത്തിന്റെ ലക്ഷ്യം. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിനെ കാണാത്തതിൽ സങ്കടമുണ്ട്. കുഞ്ഞിനെ കാണുന്നതിന് സി.ഡബ്ല്യു.സി ചെയർപേഴ്‌സണെ ഫോണിൽ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും എടുത്തില്ല. തിങ്കളാഴ്ചയെങ്കിലും കുട്ടിയെ കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും അനുപമ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ