- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിക്കാനയച്ച മകൾ ഗർഭിണിയായി മടങ്ങി വന്നാൽ ഏതൊരു രക്ഷകർത്താക്കളും ചെയ്യുന്നതേ തങ്ങളും ചെയ്തിട്ടുള്ളുവെന്ന് ജയചന്ദ്രനും ഭാര്യയും; സദാചാരത്തിന്റെ പൊയ് മുഖം കോടതിയിലും ചർച്ചയാക്കി ജാമ്യം നേടാൻ ശ്രമിച്ച് പ്രതികൾ; ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും; പേരൂർക്കട കേസിൽ വിധി നവംബർ രണ്ടിന്
തിരുവനന്തപുരം: പേരൂർക്കട സ്വദേശിനി അനുപമയുടെ പൂർണ്ണ സമ്മതത്തോടെയാണ് ദത്ത് നൽകിയതെന്ന് മാതാവും സഹോദരങ്ങളും സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ബോധിപ്പിച്ചു. പഠിക്കാനയച്ച മകൾ ഗർഭിണിയായി മടങ്ങി വന്നാൽ ഏതൊരു രക്ഷകർത്താക്കളും ചെയ്യുന്നതേ തങ്ങളും ചെയ്തിട്ടുള്ളു. തങ്ങൾ മകളെയും കുഞ്ഞിനെയും കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല. അപ്രകാരം ദുരഭിമാനപ്രശ്നമായി തങ്ങൾ കണ്ടില്ല. മറിച്ച് വളർത്താനാണ് എൽപ്പിച്ചത്. ഗർഭം ധരിച്ച് 8 മാസമായപ്പോഴാണ് മകൾ വിവരം പറയുന്നത്. മകളുമായി ലവ് ഇൻ റിലേഷൻഷിപ്പിൽ കഴിഞ്ഞ അജിതും ചേർന്ന് ഏ. ജെ. ആശുപത്രിയിൽ ചെന്ന് പ്രഗ്നൻസി സ്ഥിരീകരിച്ച ശേഷമാണ് തങ്ങളെ വിവരമറിയിച്ചത്. തങ്ങളുടെ ഇളയ മകളാണ് അനുപമ. അനുപമയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ടില്ലാത്ത സമയമാണ് സംഭവങ്ങൾ നടക്കുന്നത്. യാതൊരു ബലപ്രയോഗമോ ഭീഷണിയോ ഇല്ലാതെയാണ് അനുപമ രേഖകളിൽ ഒപ്പിട്ടത്.
കട്ടപ്പനയിൽ 6 മാസം കൊണ്ടു നിർത്തിയത് അന്യായ തടങ്കലായി കാണാനാവില്ല. അനുപമയുടെ പൂർണ്ണ സമ്മതത്തോടെയായിരുന്നു. അതിനാൽ അന്യായ തടങ്കലിൽ താമസിപ്പിച്ചുവെന്ന എഫ് ഐ ആറിലെ കുറ്റം നിലനിൽക്കില്ല. ചേച്ചിയുടെ കല്യാണത്തിന് വളരെ സന്തോഷവതിയായാണ് അനുപമ നിന്നത്. തങ്ങളെ എല്ലാവരും കല്ലെറിയുമ്പോൾ ഇത് ചിന്തിക്കണമെന്നും കോടതിയിൽ ബോധിപ്പിച്ചു. ആൺ കുഞ്ഞിനെ പെൺ കുഞ്ഞാക്കി വ്യാജ രേഖകൾ തയ്യാറാക്കിയത് തങ്ങളല്ലെന്നും ആശുപത്രിയിലും തൈക്കാട് ശിശുക്ഷേമ സമിതിയിലും പൂജപ്പുര ചൈൽഡ് വെൽഫയർ കമ്മിറ്റിയിലും അപ്രകാരം കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ തങ്ങൾ ഉത്തരവാദികളല്ല.
രണ്ടു നാൾ മുമ്പ് അനുപമ കുടുംബകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുഞ്ഞിന്റെ താൽക്കാലിക സംരക്ഷണം മാതാപിതാക്കളെ ഏൽപ്പിച്ചതായാണ് പറഞ്ഞിരിക്കുന്നതെന്നും ലോക്കൽ പൊലീസ് തൊട്ട് ഡി ജി പി വരെയുള്ളവർക്ക് നൽകിയ പരാതിയിലും താൻ തന്റെ കുഞ്ഞിനെ മാതാപിതാക്കളുടെ സംരക്ഷണയിൽ ഏൽപ്പിച്ചതായാണ് പറഞ്ഞിട്ടുള്ളത്. ആന്ധ്രാപ്രദേശിൽ കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞതിനാൽ തങ്ങളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും പ്രതികൾ ബോധിപ്പിച്ചു.
അതേ സമയം മുൻകൂർ ജാമ്യഹർജിയെ പബ്ലിക് പ്രോസിക്യൂട്ടർ വെമ്പായം. എ. ഹക്കിം ശക്തമായി എതിർത്തു.ആശുപത്രിയിലടക്കം ഗൂഢാലോചന നടന്നിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 360 (ആളെ കടത്തിക്കൊണ്ടു പോകൽ) , 361 (മാതാപിതാക്കളുടെ രക്ഷകർതൃ ത്തിൽ നിന്നും തട്ടിക്കൊണ്ടു പോകൽ) , 471 (വ്യാജ നിർമ്മിതരേഖ അസൽ പോലെ ഉപയോഗിക്കൽ) എന്നീ വകുപ്പുകൾ ചേർത്താണ് കേസന്വേഷണം നടക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് നോട്ടറി അഫ്ഡവിറ്റും വ്യാജ രേഖകൾ തയ്യാറാക്കിയ കൃത്യങ്ങൾ വെളിപ്പെടുന്നതിനും കുഞ്ഞിനെ തിരിച്ചറിഞ്ഞ് വീണ്ടെടുക്കുന്നതിനും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻ കൂർ ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു.
നെയ്യാർ മെഡിസിറ്റിയിൽ 2020 ഒക്ടോബർ 19 നാണ് അനുപമ ആൺകുഞ്ഞിനെ പ്രസവിക്കുന്നത്. കുഞ്ഞ് ജനിക്കുന്നതിന് 4 നാൾ മുമ്പ് നോട്ടറി അഡ്വക്കേറ്റിനെക്കൊണ്ട് കുഞ്ഞിനെ മാതാപിതാക്കളെ ഏൽപ്പിക്കുന്നതായി മുദ്രപ്പത്രത്തിൽ ഒരു സത്യവാങ്മൂലം എഴുതിയുണ്ടാക്കിയെന്നും ബോധിപ്പിച്ചു. അതേ സമയം മൊഴിയല്ലല്ലോ വേണ്ടത് ആ സത്യവാങ്മൂലം എവിടെയെന്ന് ജഡ്ജി മിനി . എസ്. ദാസ് ചോദിച്ചു. തൽസമയം അസൽ സത്യവാങ്മൂലം പ്രതികളെ ചോദ്യം ചെയ്ത് വീണ്ടെടുക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. നോട്ടറി അഡ്വക്കേറ്റിന്റെ സാക്ഷിമൊഴി മാത്രമേ പൊലീസിന് രേഖപ്പെടുത്താനായുള്ളു. ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം ബോധിപ്പിച്ചു. മുൻകൂർ ജാമ്യഹർജിയിൽ നവംബർ 2 ന് കോടതി വിധി പറയും.
പേരൂർക്കട സ്വദേശിനി അനുപമയുടെ ആൺകുഞ്ഞിനെ രേഖകളിൽ തിരിമറി നടത്തി ആന്ധ്രാ ദമ്പതികൾക്ക് ശിശുക്ഷേമ സമിതി ദത്തു നൽകിയ കുട്ടിക്കടത്തു കേസിൽ പ്രതികളായ അനുപമയുടെ മാതാവടക്കം 5 പേരാണ് അഡ്വ.മുരുക്കുംപുഴ വിജയകുമാരൻ നായർ മുഖേന മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. കുട്ടിക്കടത്തു കേസിൽ 2 മുതൽ 5 വരെ പ്രതികളായ അനുപമയുടെ മാതാവ് സ്മിത ജെയിംസ് , സഹോദരി അഞ്ജു , ഭർത്താവ് അരുൺ , അനുപമയുടെ പിതാവ് ജയച്ചന്ദ്രന്റെ സുഹൃത്ത് രമേശ് , പേരൂർക്കട വാർഡ് മുൻ കൗൺസിലർ അനിൽ കുമാർ എന്നിവരാണ് ജില്ലാ കോടതിയെ സമീപിച്ചത്.
ഒന്നാം പ്രതി ജയച്ചന്ദ്രൻ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിട്ടില്ല. തങ്ങൾ നിരപരാധികളാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവും സമ്മതത്തോടെയുമാണ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറിയത്. നിയമപരമായ തുടർ ഉത്തരവാദിത്വവും ബാധ്യതകളും തങ്ങൾക്കല്ല മറിച്ച് ശിശുക്ഷേമ സമിതിക്കാണ്. തങ്ങളുടെ നിരപരാധിത്വം വിസ്താര മധ്യേ കോടതിക്ക് ബോധ്യപ്പെടുന്നതാണ്. മീഡിയ ട്രയലാണിപ്പോൾ നടക്കുന്നത്. മാധ്യമ വാർത്തകളുടെ സമ്മർദ്ദത്താലും അനുപമയുടെ സ്വാധീനത്തിനും വഴങ്ങിയാണ് പൊലീസ് തങ്ങൾക്കെതിരെ കളവായി ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്തത്.
പൊലീസ് നിരന്തരം തങ്ങളെ അന്വേഷിച്ചുവരികയാണ്. തങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലാത്തതും മറ്റു ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടില്ലാവരുമാണ്.അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. തങ്ങളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് യാതൊന്നും കണ്ടെടുക്കേണ്ടതില്ല. ഏതു നിമിഷവും തങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. കോടതി കൽപ്പിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും പാലിക്കാൻ തങ്ങൾ തയ്യാറാണ്. അതിനാൽ പൊലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ തങ്ങളെ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം കൊടുത്ത് തങ്ങൾക്ക് നീതി ലഭ്യമാക്കി തരുമാറാകണമെന്നാണ് പ്രതികളുടെ ജാമ്യഹർജിയിലെ ആവശ്യം.
2020 ഒക്ടോബറിൽ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ വച്ചാണ് അനുപമ കുഞ്ഞിന് ജന്മം നൽകിയത്. നിയമപരമായ വിവാഹത്തിലൂടെയല്ലാതെ ജനിച്ച കുഞ്ഞായതിനാൽ കുടുംബത്തിന് അപകീർത്തിയുണ്ടാവുമെന്ന് കരുതി മാതാപിതാക്കൾ ജനന സർട്ടിഫിക്കറ്റിലടക്കം തിരിമറി നടത്തി ശിശുക്ഷേമ സമിതിയിലെ രേഖകളിലും വ്യാജ കാരണങ്ങൾ എഴുതിച്ചേർത്ത് കുഞ്ഞിനെ ആന്ധ്ര സ്വദേശികൾക്ക് ദത്തു നൽകുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. ജനന സർട്ടിഫിക്കറ്റിൽ കുഞ്ഞിന്റെ പിതാവായി ജയകുമാറിന്റെ പേരാണ് എഴുതി ചേർത്തത്. പ്രസവിക്കും മുമ്പേ മുദ്രപ്പത്രത്തിൽ അനുപമയെക്കൊണ്ട് ഒപ്പിട്ടു വാങ്ങി. ആ മുദ്രപ്പത്രത്തിൽ പ്രസവശേഷം കുഞ്ഞിനെ നോക്കാൻ തനിക്ക് ത്രാണിയില്ലാത്തതിനാൽ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുന്നതായി അനുപമ അറിയാതെ നോട്ടറി അറ്റസ്റ്റഡ് വ്യാജ രേഖയുണ്ടാക്കുകയായിരുന്നു.