തിരുവനന്തപുരം: നിവിൻ പോളി ആക്ഷൻ ഹീറോ ബിജു. മയക്കുമരുന്നിന് പണം ആവശ്യപ്പെടുന്ന മകൻ. അമ്മ നൽകില്ലെന്ന് ഉറപ്പിച്ചപ്പോൾ പിറകിൽ നിന്ന് തലയടിച്ച് പൊട്ടിച്ച് പ്രതികാരം..... സിനിമകളിൽ ലഹരി കണ്ടെത്തിയ അക്ഷയ് അശോക് അമ്മയെ കൊലപ്പെടുത്തിയത് സിനിമാ സ്റ്റൈലിലാണ്. ഇംഗ്ലീഷ് ക്രൈംത്രില്ലറുകൾ കണ്ട് നടന്ന അക്ഷയ് തന്ത്രങ്ങളിലൂടെ രക്ഷപ്പെടാമെന്നും കരുതി. അമ്മയുടെ അവിഹിത കഥ ചർച്ചയാക്കി ഒളിച്ചോട്ടത്തിൽ കാര്യങ്ങളെത്തിക്കാനായിരുന്നു നീക്കം. തിരുവനന്തപുരത്ത് സെന്റ് തോമസ് എഞ്ചിനിയറിങ് കോളേജിലായിരുന്നു അക്ഷയുടെ പഠനം. കോളേജിൽ ഒരു കൂട്ടായ്മ ഉണ്ടായിരുന്നു. അതിന് പേര് ചാത്തനും. ഈ ഗ്രൂപ്പിന്റെ നേതാവായിരുന്നു അക്ഷയ്.

പഠനകാലം മുതൽ അക്ഷയ് ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. അമ്മയെ സംശയിച്ച് അവരുമായി വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. മൂന്നുമാസം മുൻപ് അമ്മയ്‌ക്കെതിരായ ചില തെളിവുകൾ സഹോദരിക്ക് അക്ഷയ് ഇ-മെയിലിലൂടെ അയച്ചെന്ന മൊഴികൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സഹോദരി അനഘയെയും അച്ഛനേയും പൊലീസ് ചോദ്യംചെയ്യും. മരിച്ചത് ദീപയാണോയെന്ന് ഉറപ്പിക്കാൻ മകൾ അനഘയുടെ രക്തസാമ്പിളുകൾ പൊലീസ് ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം സെൻട്രൽ ഫോറൻസിക് ലാബിലാണ് പരിശോധന. അശോകനും മകൾ അനഘയും കുടുംബവും കുവൈറ്റിൽ നിന്ന് ഇന്നലെ നാട്ടിലെത്തിയിരുന്നു.