- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രൊമോഷൻ കിട്ടാതിരിക്കാൻ കോൺഫിഡൻഷ്യൽ റിപ്പോർട്ട് മനഃപൂർവ്വം കൊടുക്കില്ല; ഡെപ്യൂട്ടി ഡയറക്ടർ ആകാതിരിക്കാൻ കാണിക്കുന്നത് ചെപ്പടി വിദ്യ; പരിശോധന പേരൂർക്കടിയിലും സർജറി സ്വകാര്യ ആശുപത്രിയിലും! പേരൂർക്കട ഇ എസ് ഐ ആശുപത്രിയെ തകർക്കുന്നത് സുപ്രണ്ടോ? അന്വേഷണത്തിൽ തെളിയുന്നത് ഞെട്ടിക്കുന്ന വസ്തുതകൾ
തിരുവനന്തപുരം. സാധാരണ ഗതിയിൽ പ്രമോഷന് സാധ്യത തെളിഞ്ഞാൽ അത് ഡോക്ടർ ആയാലും സർക്കാർ ഉദ്യോഗസ്ഥനായാലും അത് നേടി എടുക്കുക തന്നെ ചെയ്യും. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തനായിരിക്കയാണ് പേരൂർക്കട ഇ എസ് ഐ ആശുപത്രിയിലെ സൂപ്രണ്ട് ഡോ.ഷിബു ഡൊമനിക്. ഇദ്ദേഹത്തിന് സീനിയോറിട്ടി പ്രകാരം ഡെപ്യൂട്ടി ഡയറക്ടർ ആകേണ്ട സമയം കഴിഞ്ഞു. ആറുമായി ഡി ഡി യുടെ തസ്തിക ഇ എസ് ഐ ആസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുകയാണ്. എന്നാൽ ഈ തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കണമെങ്കിൽ ഡി പി സി കൂടണം. ഡി പി സി കൂടിയാൽ മാത്രം പോര പ്രമോഷൻ ലഭിക്കേണ്ട ഉദ്യോഗസ്ഥന്റെ കോൺഫിഡൻഷ്യൻ റിപ്പോർട്ട് ലഭിക്കണം. കുറഞ്ഞത് മൂന്ന് വർഷത്തെയെങ്കിലും രഹസ്യ റിപ്പോർട്ട് തയ്യാറാക്കണം.
ഓരോ ഉദ്യോഗസ്ഥനും സ്വയം തയ്യാറാക്കി മേൽ അധികാരി വഴിയാണ് കോൺഫിഡൻഷ്യൽ റിപ്പോർട്ട് നല്കേണ്ടത്. വിവരാവകാശ പ്രകാശം ഇ എസ് ഐ വകുപ്പ് തന്നെ നല്കിയ മറുപടി പ്രകാരം 2018, 2019 , 2021 തുടങ്ങിയ വർഷങ്ങളിലെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഡോ. ഷിബു ഡൊമനിക് നല്കിയിട്ടില്ല. എന്നാൽ 2020ലെ റിപ്പോർട്ട് 2021 ൽ സമർപ്പിച്ചു. റിപ്പോർട്ട് ആവിശ്യപ്പെട്ട് ഡയറക്ടറുടെ കാര്യലായത്തിൽ നിന്നും നിരവധി തവണ കത്ത് നല്കിയെങ്കിലും സൂപ്രണ്ട് പ്രതികരിച്ചില്ല. സൂപ്രണ്ട് എന്തു കൊണ്ട് കോൺഫിഡൻഷ്യൽ റിപ്പോർട്ട് നല്കുന്നില്ലന്ന് അന്വേഷിച്ചപ്പോഴാണ് സ്ഥാന കയററത്തിന്റെ കഥകൾ പുറത്തു വരുന്നത്.
കോൺഫിഡൻഷ്യൽ റിപ്പോർട്ട് കൃത്യ സമയത്ത് സമർപ്പിച്ചാൽ ഒഴിവുള്ള ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ ഡോ. ഷിബു ഡൊമനിക്കിനെ പരിഗണിക്കും. എന്നാൽ സൂപ്രണ്ട് പദവി വിട്ടു പോകാൻ അദ്ദേഹം ഒരുക്കവുമല്ല. സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന രോഗികളുടെ മുഴുവൻ ബില്ലും സൂപ്രണ്ട് വഴിയാണ് പാസാകുന്നത്. കൂടാതെ സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്യുന്നതിനും സുപ്രണ്ടിന് പ്രത്യേക അധികാരമുണ്ട്. സൂപ്രണ്ട് ഉൾപ്പെട്ട സമിതിയാണ് സ്വകാര്യ ആശുപത്രികളെ എം പാനൽ ചെയ്യുന്നത്. ഡോ. ഷിബു ഡൊമനിക് സൂപ്രണ്ട് ആയ ശേഷം തിരുവനന്തപുരത്ത ആനയറയുള്ള ഒരു പ്രമഖ ആശുപത്രിയെ എം പാനൽ ചെയ്തതും സർജറി കേസുകൾ ഈ ആശുപത്രിയിലേക്ക് അയക്കണമെന്ന് ഡോക്ടർമാരോടു ആവിശ്യപ്പെട്ടതായും പരാതി ഉണ്ട്.
ഇതിനെതിരെ ഡോക്ടർമാരുടെ സംഘടന തന്നെ രംഗത്ത് എത്തുകയും ചെയ്തു. നല്ലൊരു ഓപ്പറേഷൻ തിയ്യറ്ററും അതിന് വേണ്ട വിദഗ്ധ ഡോക്ടർമാരും ഉണ്ടായിട്ടും എല്ലാ കേസുകളും റഫർ ചെയ്യാനാണ് സൂപ്രണ്ട് പറയുന്നത്. അടുത്തിടെ രണ്ടു പ്രാവിശ്യം ഇ എൻ ടി സർജറി നിശ്ചയിച്ച ശേഷം മുടങ്ങിയ കുട്ടിയുടെ ബന്ധുക്കൾ സൂപ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. സൂപ്രണ്ട് സ്വകാര്യ ആശുപത്രികളെ വഴി വിട്ട് സഹായിക്കുന്നത് സംബന്ധിച്ച് ചില ഡോക്ടർമാർ ഇ എസ് ഐ യിലെ ഉന്നതർക്ക് പരാതി നൽകിയെങ്കിലും അതൊന്നും വെളിച്ചം കണ്ടിട്ടില്ല. നാലു വർഷം മുൻപ് സർജറിക്കിടെ ഓപ്പറേഷൻ തിയ്യേറ്ററിൽ വെച്ച് ഒരു വനിത സർജനോട് ഈ ആശുപത്രിയിൽ ഡോക്ടർ അപമര്യാദയായി പെരുമാറിയിരുന്നു. ഇതറിഞ്ഞ് അവരുടെ മകൻ ആശുപത്രിയിലെത്തി ഡോക്ടറുടെ കഴുത്തിന് കുത്തി പിടിച്ചത് ജീവനക്കാർക്കിടയിൽ സംസാര വിഷയമായിരുന്നു.
ഇതിനിടെ ഡോ. ഷിബു സ്വയം സ്ഥലം മാറ്റം വാങ്ങി തൃശൂർ ജില്ലയിലെ ഒളരിക്കലിലേക്ക് പോയിരുന്നു. കോവിഡിന് ശേഷം തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസിലെ ഒരു ഉന്നതൻ ഇടപെട്ടാണ് ഷിബുവിനെ സൂപ്രണ്ട് ആക്കി പേരൂർക്കട ഇ എസ് ഐ ആശുപത്രിയിലെത്തിച്ചത്. അതേ സമയം ഡോ. ഷിബുവിന്റെ ഇ.എസ് ഐ യിലെ പ്രവർത്തനങ്ങളും ബിസിനസ് സംബന്ധിച്ച റിപ്പോർട്ടുകളും ഇ എസ് ഐയിലെ തന്നെ റീജണൽ ഡയറക്ടർ ശേഖരിച്ചു തുടങ്ങി. പേരൂർക്കട ഇ എസ് ഐയിൽ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാരെ അനുവദിക്കാത്തത് നേരത്തെ വിവാദമായിരുന്നു.
അത്യാഹിത വിഭാഗത്തിലെ വാതിലാണ് ശസ്ത്രക്രിയ നടക്കാതിരിക്കാൻ കാരണമെന്ന വിചിത്ര വാദമാണ് ആശുപത്രി സൂപ്രണ്ട് ഒരാഴ്ച മുൻപ് പറഞ്ഞത്. എന്നാൽ സ്വകാര്യ ആശുപതികളും ഇഎസ്ഐ ആശുപത്രി അധികൃതരും തമ്മിലെ ഒത്തുകളിയാണ് പിന്നിലെന്ന ആക്ഷേപം ശക്തമാണ്.നെയ്യാറ്റിൻകര അമരവിളയിലെ ഒരാളുടെ മകന് ദശവളർച്ചയെത്തുടർന്ന് ബുദ്ധിമുട്ടുകയായിരുന്നു. പേരൂർക്കട സർക്കാർ ഇഎസ്ഐ ആശുപത്രിയിലെ ഇഎൻടി ഡോക്ടറെയാണ് കാണിച്ചിരുന്നത്. അടിയന്തര ശസ്ത്രക്രിയ വേണ്ടിയിരുന്നു. ഡോക്ടർ ഈ ശസ്ത്രക്രിയക്ക് വേണ്ടി മൂന്ന് തവണ തീയ്യതി നൽകി. മൂന്നാമത്തെ തവണയും സർജറി മുടങ്ങിയപ്പോൾ സ്വകാര്യ ആശുപത്രിയിൽ പോയി ശസ്ത്രക്രിയ ചെയ്തു. അവനിപ്പോൾ സുഖം പ്രാപിച്ചു വരുന്നു.
പേരൂർക്കട ഇഎസ്ഐ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി വരുന്ന രോഗികൾക്കെല്ലാം ഇപ്പോൾ ഈ അവസ്ഥയാണ്. പരിശോധന ഇഎസ്ഐ ആശുപത്രിയിൽ, ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയിലും. ഇഎസ്ഐ വിഭാഗവുമായി ധാരണയുള്ള സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ കൊടുക്കും. കോടികൾ മുടക്കി എല്ലാ അത്യാധുനിക സംവിധാനവും ഒരുക്കി ഡോക്ടർമാരെയും നേഴ്സുമാരെയും നിയമിച്ച് ശസ്ത്രക്രിയ ചെയ്യാതെ രോഗികളെ ഇങ്ങിനെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞു വിടുന്നു. കോടികളാണ് ഇത് വഴി സർക്കാരിന് നഷ്ടമുണ്ടാകുന്നത്.
ഇഎൻടി അടക്കമുള്ള ഡിപാർട്ടുമെന്റുകൾ മേജർ സർജറി ചെയ്യാൻ ഒരുക്കമാണ്. എന്നാലിപ്പോൾ ഇവിടെ പ്രസവ ശസ്ത്രക്രിയ പോലും നടക്കുന്നില്ല. നേഴ്സുമാരുടെ കുറവാണെന്നാണ് സൂപ്രണ്ട് പറയുന്നത്. എന്നാൽ നേരത്തെ ഇപ്പോഴുള്ളതിൽ അഞ്ച് സ്റ്റാഫ് നേഴ്സുമാർ കുറവുള്ളപ്പോഴും ഇവിടെ എല്ലാ ശസ്ത്രക്രിയകളും നടന്നിരുന്നു. പേരൂർക്കട ആശുപത്രിയിലെക്കാൾ സ്റ്റാഫ് നേഴ്സ് കുറവുള്ള എറണാകുളം ഫറോഖ് ഇഎസ്ഐ ആശുപത്രികളിൽ ഇപ്പോഴും ശസ്ത്രക്രിയകൾ ഇഷ്ടം പോലെ നടക്കുന്നുണ്ട്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്