- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദത്ത് ലൈസൻസ് ശിശുക്ഷേമ സമിതി പുതുക്കിയിട്ടുണ്ടോ? ശിശുക്ഷേമസമിതിക്ക് കോടതിയുടെ രൂക്ഷവിമർശനം; തുടർനടപടികൾ അറിക്കാൻ കൂടുതൽ സമയം ചോദിച്ച് സംസ്ഥാന സർക്കാർ; അനുപമയുടെ ഹർജി പിന്നീട് പരിഗണിക്കും; ദത്ത് വിഷയത്തിൽ അന്തിമവിധി ഇന്നില്ല
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ ശിശുക്ഷേമസമിതിയെ വിമർശിച്ച് കോടതി. ദത്ത് ലൈസൻസ് ശിശുക്ഷേമ സമിതി പുതുക്കിയിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. ദത്ത് സംബന്ധിച്ച് പത്രത്തിൽ നൽകിയ പരസ്യം ഹാജരാക്കണം. 20 ദിവസത്തിനകം സത്യവാങ്മൂലം സമർപിക്കാനും വഞ്ചിയൂർ കുടുംബകോടതി ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടു. കേസ് ഈ മാസം 20ലേക്ക് മാറ്റി. കുട്ടി എങ്ങനെ ശിശുക്ഷേമ സമിതിയിലെത്തി എന്ന കാര്യമാണ് സത്യവാങ്മൂലത്തിൽ പറയേണ്ടത്. സർക്കാർ നേരത്തെ ആവശ്യപ്പെട്ടതനുസരിച്ച്, ഡിഎൻഎ പരിശോധനാ ഫലവും ഇതിനോടൊപ്പം സമർപിക്കണം.
തുടർനടപടികൾ മുദ്രവച്ച കവറിൽ നൽകണമെന്ന് കോടതി കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ ഇതിനു കൂടുതൽ സമയം ചോദിച്ചു. കുട്ടിയുടെ കാര്യത്തിൽ കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. കേസിൽ കക്ഷി ചേർക്കണമെന്ന മാതാവ് അനുപമ എസ്. ചന്ദ്രന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചെങ്കിലും വാദത്തിനെടുത്തില്ല. മറ്റു കാര്യങ്ങളിൽ വ്യക്തത വന്നശേഷമേ ഹർജി പരിഗണിക്കൂ.
ദത്തു നടപടികളിൽ അന്തിമ വിധി പറയുന്നത് കോടതി നിർത്തിവച്ചിരിക്കുകയാണ്. അനുപമയുടെ പരാതിയിൽ സർക്കാർ അന്വേഷണം പൂർത്തിയായശേഷമേ വിധിപറയൂ. വനിതാശിശുക്ഷേമ വകുപ്പാണ് അനുപമയ്ക്കായി കോടതിയെ സമീപിച്ചത്.
അതേസമയം, അനുവാദമില്ലാതെ ദത്ത് നൽകിയെന്ന കേസിൽ കുഞ്ഞിനെ വിട്ടുനൽകാൻ അനുപമ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കുഞ്ഞിനെ ഹാജരാക്കാൻ പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകണമെന്നാണ് ആവശ്യപ്പെട്ട് ഹേബിയസ് കോർപസ് ഹർജിയാണ് സമർപ്പിച്ചത്. കേസിൽ അനുപമയുടെ അമ്മയും അച്ഛനുമാണ് എതിർകക്ഷികൾ.
കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ഏപ്രിലിൽ അനുപമ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ആറ് മാസത്തിന് ശേഷമാണ് എഫ്ഐആർ ഇടാൻ പൊലീസ് തയ്യാറായത്. അഞ്ചു പേർക്കെതിരെയാണ് കേസ്. ജയചന്ദ്രനും ഭാര്യയും മൂത്തമകളും മുത്ത മകളുടെ ഭർത്താവുമാണ് കേസിലെ പ്രതികൾ. 361, 471, 434, 343 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
വിവാഹിതനായ അജിത്തിൽ നിന്ന് ഗർഭം ധരിച്ചതാണ് വീട്ടുകാരുടെ എതിർപ്പിനുള്ള പ്രധാന കാരണം. അനുപമയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചതെന്നാണ് മാതാപിതാക്കളുടെ വാദം. ഇത് അനുപമ നിഷേധിക്കുന്നു. ഈ സാഹചര്യത്തിലാണ് കേസ് എടുക്കാൻ പൊലീസ് നിർബന്ധിതമായത്. കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്ത് നൽകിയതായാണ് ഇപ്പോൾ കിട്ടുന്ന വിവരം. നിലവിലെ വിവാഹബന്ധം വേർപ്പെടുത്തി അനുപമയുടെ അരികിലേക്ക് അജിത്ത് തിരിച്ചെത്തുമ്പോഴേക്കും കുഞ്ഞ് കൈവിട്ടു പോയിരുന്നു. ഇപ്പോൾ അജിത്തിന്റെ സ്വന്തം വീട്ടിലാണ് അനുപമ കഴിയുന്നത്.
പേരൂർക്കട പൊലീസ് മുതൽ ഡി.ജി.പി.ക്കും മുഖ്യമന്ത്രിക്കും സിപിഎം. ഉന്നത നേതാക്കൾക്കും അനുപമ പരാതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 19നാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. മൂന്ന് ദിവസത്തിന് ശേഷം കുടുബസുഹൃത്തായ ഡോക്ടർ രാജേന്ദ്രന്റെ പഴയവീട്ടിലേക്ക് പോവുന്ന വഴിക്ക് കാറിൽ വെച്ച് കുട്ടിയെ എടുത്ത് മാറ്റുകയായിരുന്നു. ചേച്ചിയുടെ വിവാഹം ഉടൻ നടത്തുമെന്നും ഇതിന് ശേഷം അജിത്തിനോടൊപ്പം എന്നെയും കുഞ്ഞിനെയും വിടാമെന്നുമായിരുന്നു പറഞ്ഞത്. കുഞ്ഞിനെ മാറ്റാൻ ഒരു തരത്തിലും എനിക്ക് സമ്മതമല്ലായിരുന്നു-അനുപമ പറയുന്നു.
'എന്റെ സമ്മതത്തോടെ കുഞ്ഞിനെ മാറ്റിയെന്നത് കള്ളമാണ്.ഗർഭിണിയാണെന്ന് എട്ടാമത്തെ മാസമാണ് വീട്ടുകാർ അറിയുന്നത്. ബന്ധമുള്ളത് പോലും അവർക്കറിയില്ലായിരുന്നു. വളരെ മോശമായ പെരുമാറ്റമാണ് ഇക്കാലയളവിൽ വീട്ടുകാരിൽ നിന്നു നേരിട്ടത്', അനുപമ പറയുന്നു. പലരും ചോദിക്കുന്നുണ്ട് ഇതുവരെ കുഞ്ഞിനെ അന്വേഷിക്കാത്തത് എന്തു കൊണ്ടാണെന്ന്. വീട്ടിൽ നിന്ന് ഇറങ്ങുന്നത് വരെ ഞാൻ വീട്ടുതടങ്കലിലായ അവസ്ഥയിലായിരുന്നു. പൂമുഖത്തേക്ക് പോവുമ്പോൾ വരെ കൂടെ ആരെങ്കിലും ഉണ്ടാവും. കൂട്ടുകാരോടു പോലും സംസാരിക്കാൻ പറ്റിയിരുന്നില്ല. ഗർഭിണിയാണെന്നും പ്രസവിച്ചുവെന്നും കുടുബത്തിലെ ചുരുക്കം ചിലർക്ക് മാത്രമേ അറിയുകയുള്ളു. ഞാൻ കടന്ന് പോയ അവസ്ഥ എനിക്കും ദൈവത്തിനും മാത്രമേ അറിയൂ എന്നും അനുപമ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ