തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാൻ ആണെന്ന് അനുപമ. ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളൊന്നും കാര്യക്ഷമമല്ല. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും തിരുവനന്തപുരം സിഡബ്ല്യുസി ചെയർപേഴ്‌സണെയും തൽസ്ഥാനത്ത് നിലനിർത്തികൊണ്ട് എന്ത് അന്വേഷണമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അനുപമ ചോദിച്ചു. അവരെ അതാത് സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യണം. നടപടിയുണ്ടായില്ലെങ്കിൽ ശിശുക്ഷേമസമിതിക്ക് മുന്നിൽ സമരം തുടങ്ങാനാണ് അനുപമയുടെ തീരുമാനം.

ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജൂഖാനെയും സിഡബ്ല്യുസി ചെയർപേഴ്‌സണേയും മാറ്റി കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാണ് പ്രധാന ആവശ്യം. വകുപ്പ് തല അന്വേഷണം നടക്കുമ്പോൾ ഇവർ രണ്ടുപേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നാണ് ആരോപണം. സർക്കാർ ആദ്യം പറഞ്ഞത് പോലെയല്ല ഇപ്പോൾ നടക്കുന്ന അന്വേഷണമെന്നും അനുപമ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ ഒന്നുമില്ലെന്നാണ് ഇപ്പോൾ പല കേന്ദ്രങ്ങളിൽ നിന്നും കിട്ടുന്ന വിവരങ്ങൾ. കീഴിൽ ജോലി ചെയ്യുന്നവരെ സ്വാധീനിക്കാനും മറ്റ് ഇടപെടലുകൾ നടത്താനും അധികാര സ്ഥാനത്ത് തുടരുന്നവർക്ക് സാധിക്കും. അന്വേഷണം കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമല്ലെങ്കിൽ ഇവരെ മാറ്റണം.

കുഞ്ഞിനെ ആദ്യം കിട്ടിയപ്പോൾ പെൺകുഞ്ഞായാണ് രേഖപ്പെടുത്തുന്നത്. ഒരു കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് അറിയാൻ അധിക സമയം വേണ്ട. എന്റെ കുഞ്ഞിന്റെ കാര്യത്തിൽ മാത്രം ഈ തെറ്റ് എങ്ങനെ പറ്റിയെന്ന് അനുപമ വീണ്ടും ചോദിക്കുന്നു.

അനുപമയുടെ കുഞ്ഞിന്റെ ദത്ത് വിഷയത്തിൽ പെട്ടന്ന് അന്വേഷണം പൂർത്തിയാക്കുമെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയ ഉറപ്പ്. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ആണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. കൂടുതൽ പേരുടെ മൊഴി എടുക്കേണ്ടതുകൊണ്ട് ഡയറക്ടർ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ദത്ത് നടപടികൾ നിയമപരമായി ആണ് നടന്നത് എന്നാണ് അപ്പോഴും മന്ത്രിയുടെയുടെ ശിശുക്ഷേമ സമിതിയുടെയും നിലപാട്.

ദത്ത് നടപടികൾ പൂർണമായും നിയമപരമായാണ് നടന്നതെന്ന് ശിശുക്ഷേമസമിതി പൊലീസിന് സമർപ്പിച്ച റിപ്പോർട്ടിൽ അവകാശപ്പടുന്നു. കുഞ്ഞിനെ ആർക്ക് നൽകിയെന്നോ, എപ്പോൾ നൽകിയെന്നോ അറിയിക്കാനാകില്ലെന്നും സമിതി പറയുന്നു. ദത്തെടുക്കൽ നിയമപ്രകാരം ഈ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് അവർ വ്യക്തമാക്കി.

ശിശുക്ഷേമ സമിതിയിൽ കുട്ടി എങ്ങനെ എത്തിയെന്നതിൽ വ്യക്തത വേണമെന്ന് കോടതിആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ വ്യക്തത വരുത്താൻ ഡിഎൻഎ പരിശോധന വരെ നടത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് അധികാരമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന് റിപ്പോർട്ട് നൽകാനാണ് ഇന്നലെ കുടുംബ കോടതി സിഡബ്ല്യൂസിക്ക് നിർദ്ദേശം നൽകിയത്. പരാതിയിൽ സമയോചിതമായി സർക്കാർ ഇടപ്പെട്ടുവെന്ന് കോടതി പ്രശംസിച്ചു.

എന്നാൽ ശിശുക്ഷേമ സമിതിയെ രൂക്ഷമായി കോടതി വിമർശിച്ചു. ദത്തെടുക്കലിനുള്ള ശിശുക്ഷേമ സമിതിയുടെ ലൈസൻസിന്റെ കാലാവധി കഴിഞ്ഞതാണെന്ന് കോടതി വിമർശിച്ചു. സമിതി ഹാജരാക്കിയ ലൈസൻസിന്റെ കാലാവധി ജൂൺ 30ന് അവസാനിച്ചതാണ്. ലൈസൻസ് പുതുക്കൽ നടപടികൾ നടന്നുവരികയാണെന്ന് ശിശുക്ഷേമ സമിതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ലൈസൻസ് പുതുക്കാനുള്ള നടപടിയുൾപ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ്മൂലം നൽകണമെന്ന് ശിശുക്ഷേമ സമിതിക്കും നിർദ്ദേശം നൽകിയിരുന്നു.