തിരുവനന്തപുരം: പേരൂർക്കട ദത്ത് കേസിൽ നിർണ്ണായകമായത് പുറത്തുവന്ന ശ്രീമതി ടീച്ചറുടെ ഫോൺ സംഭാഷണം. സിപിഎം പ്രാദേശിക നേതാക്കളുടെ മകളായ അനുപമയുടെ കുഞ്ഞിനെ രക്ഷിതാക്കൾ തട്ടിയെടുത്തെന്ന പരാതിയിൽ ഒന്നും ചെയ്യാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് എടുത്തതായി പി.കെ. ശ്രീമതി വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തു വന്നത് സർക്കാരിനെ പ്രതിരോധത്തിലായിരുന്നു.

പരാതി മാധ്യമങ്ങളിലൂടെ പുറത്തറിയും മുൻപ്, കഴിഞ്ഞ സെപ്റ്റംബറിൽ അനുപമ പരിഹാരം തേടി പാർട്ടിയെ സമീപിച്ച ഘട്ടത്തിലുള്ള ഫോൺ സംഭാഷണമാണു പുറത്തായത്.

പ്രശ്നം അനുപമയുടെ മാതാപിതാക്കൾ തന്നെ തീർക്കട്ടെ എന്നും നമ്മൾക്ക് അതിൽ ഒരു പങ്കുമില്ലെന്നും മുഖ്യമന്ത്രി തന്നോടു പറഞ്ഞതായാണു സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ശ്രീമതി അനുപമയോടു ഫോണിൽ പറഞ്ഞത്. എല്ലാവരോടും ഈ കാര്യം സംസാരിച്ചെന്നും പറയാൻ ഇനിയാരും ബാക്കിയില്ലെന്നും ശ്രീമതി പറയുന്നുണ്ട്.

ഇതു സംബന്ധിച്ച് അനുപമ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനു നൽകിയ പരാതി സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്യണമെന്നു താൻ പല തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും ശ്രീമതി ടീച്ചർ പറയുന്നുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന കമ്മിറ്റിയിൽ എ.വിജയരാഘവൻ വിഷയം അവതരിപ്പിച്ചാലേ തനിക്ക് അഭിപ്രായം പറയാനാകൂവെന്നും കമ്മിറ്റിയിൽ പരാതി ഉന്നയിക്കാനുള്ള അധികാരം തനിക്കില്ലെന്നും ശ്രീമതി പറയുന്നു. കോടിയേരി ബാലകൃഷ്ണൻ കൂടി കമ്മിറ്റിയിൽ ഉണ്ടെങ്കിലേ വിഷയം ചർച്ച ചെയ്യാനാകൂവെന്നും വ്യക്തമാക്കുന്നുണ്ട്. ദത്ത് വിവാദം മാധ്യമ വാർത്തയായപ്പോഴാണു ശ്രദ്ധയിൽപ്പെട്ടതെന്നും ഉടൻ അനുപമയ്ക്ക് അനുകൂലമായി നിലപാടെടുത്തെന്നുമായിരുന്നു നേരത്തെ സർക്കാർ വാദം.

പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് അനുപമ പാർട്ടിയിലെ മുതിർന്ന വനിതാ നേതാക്കളായ വൃന്ദ കാരാട്ടിനെയും പികെ ശ്രീമതിയെയും വിളിക്കുന്നത്. മുഖ്യമന്ത്രിക്കും എ.വിജയരാഘവനും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിട്ടും പരിഹാരമില്ലെന്ന് അനുപമ രണ്ട് നേതാക്കളോടും പറയുന്നുണ്ട്.

പികെ ശ്രീമതി സഹായിക്കുമെന്നും എന്നിട്ടും മുഖ്യമന്ത്രിക്കു പരാതി നൽകിയതെന്തിനാണെന്നും വൃന്ദ കാരാട്ട് ചോദിക്കുന്നു. അനുപമയും പാർട്ടി നേതാക്കളും പറയുന്നതു വ്യത്യസ്തമായ കാര്യങ്ങളാണെന്നും എന്നാൽ അനുപമയുടെ അനുമതിയില്ലാതെ കുഞ്ഞിനെ തട്ടിയെടുത്ത പിതാവ് കുറ്റവാളിയാണെന്നും അവർ പറയുന്നുണ്ട്. കോടതിയെ സമീപിക്കാനും ഉപദേശിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ കണ്ടു സംസാരിക്കാനാണു ശ്രീമതി നിർദേശിക്കുന്നത്. എന്നാൽ പരാതി ഉന്നയിച്ചപ്പോൾ ആനാവൂർ നാഗപ്പൻ പരുഷമായി പെരുമാറിയെന്ന് അനുപമ മറുപടി നൽകുന്നുണ്ട്. താങ്കൾ പൊലീസിൽ പരാതി നൽകുന്നതിന് മുമ്പ് പാർട്ടിയുമായി ബന്ധപ്പെടണമെന്നും പാർട്ടി നേതാക്കളോട് സംസാരിക്കണമെന്നും വൃന്ദാ കാരാട്ട് ഉപദേശിച്ചപ്പോഴാണ് ജില്ലാ സെക്രട്ടറി മുതൽ പിബി അംഗം വരെയുള്ളവർക്ക് പരാതി നൽകിയ കാര്യം അനുപമ പറയുന്നത്. എന്നിട്ടും അവരൊന്നും ചെയ്തില്ലേ എന്ന് വൃന്ദാകാരാട്ട് അത്ഭുതപ്പെടുന്നു. അങ്ങനെയെങ്കിൽ നിങ്ങൾ പൊലീസിനേയും കോടതിയേയും സമീപിക്കണമെന്നും നിങ്ങളുടെ കുട്ടിയെ തിരിച്ചുകിട്ടേണ്ടത് നിങ്ങളുടെ ആവശ്യമാണെന്നും അതിന് വേണ്ടി ഏതറ്റം വരെ പോകാനും അമ്മ എന്ന നിലയിൽ അനുപമയ്ക്ക് അവകാശമുണ്ടെന്നും വൃന്ദാ കാരാട്ട് അനുപമയോട് പറയുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്, സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, എ വിജയരാഘവൻ, പികെ ശ്രീമതി ടീച്ചർ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മഹിളാ അസോസിയേഷൻ നേതാവ് സൂസൻ കോടി, പി. സതിദേവി തുടങ്ങിയവർക്കൊക്കെ അനുപമ പരാതി നൽകിയിരുന്നതായി ഈ ഫോൺ സംഭാഷണങ്ങളിൽ വ്യക്തമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എല്ലാവരോടും താൻ ഈ വിഷയം സംസാരിച്ചിരുന്നതായും എന്നാൽ സെക്രട്ടറിയേറ്റ് ഈ വിഷയം ചർച്ചയ്ക്ക് എടുത്തില്ലെന്നും ശ്രീമതി ടീച്ചറും അനുപമയോട് ഫോണിൽ സംസാരിക്കുന്നുണ്ട്.

സിപിഎമ്മിന്റെ എല്ലാ പ്രമുഖ നേതാക്കളും മുഖ്യമന്ത്രിയും വനിത- ശിശുക്ഷേമമന്ത്രിയും ഈ വിഷയം അറിഞ്ഞിട്ടുണ്ടെന്ന് ഫോൺ സംഭാഷങ്ങളിൽ ശ്രീമതി ടീച്ചറും സമ്മതിക്കുന്നുണ്ട്. സർക്കാർ ഈ വിഷയം അറിഞ്ഞിരുന്നില്ലെന്ന വാദത്തിന്റെ മുന ഒടിക്കുന്നതായിരുന്നു പുറത്തുവന്ന ഫോൺ സംഭാഷണങ്ങൾ. അതോടെയാണ് ഈ വിഷയത്തിൽ നിലപാട് മയപ്പെടുത്താൻ സർക്കാർ തയ്യാറായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ശിശുക്ഷേമസമിതി ജന. സെക്രട്ടറിയും സിഡബ്ല്യുസി ചെയർപേഴ്‌സണും ആരോപണവിധേയരായ കേസിൽ ശിശുക്ഷേമസമിതിക്ക് മുന്നിൽ അനുപമയും അജിത്തും രാപ്പകൽ സമരം കൂടി ആരംഭിച്ചതോട് കൂടിയാണ് കുഞ്ഞിനെ തിരികെയെത്തിക്കാൻ ശിശുക്ഷേമസമിതി ഉത്തരവിട്ടത്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് തിരികയെത്തിക്കണമെന്നാണ് ശിശുക്ഷേമ സമിതിയുടെ ഉത്തരവ്.

പൊലീസ് സംരക്ഷണയിലാണ് ആന്ധ്രാപ്രദേശിൽ നിന്നും കുഞ്ഞിനെ തിരിച്ചെത്തിക്കുക. കുഞ്ഞിനെ കേരളത്തിൽ എത്തിച്ച ശേഷം ഡിഎൻഎ പരിശോധനയും നടത്തും. നിലവിൽ ആന്ധ്രാ സ്വദേശികളായ ദമ്പതികൾക്ക് ഒപ്പമാണ് കുഞ്ഞ് കഴിയുന്നത്.

വ്യാഴാഴ്ച 11 മണിക്ക് ഉത്തരവ് കൈപ്പറ്റാൻ വരണമെന്ന് ശിശുക്ഷേമ സമിതിയിൽനിന്ന് അറിയിച്ചിരുന്നു. എന്നാൽ ഉത്തരവിലെ ഉള്ളടക്കത്തെ കുറിച്ചുള്ള കാര്യങ്ങളിൽ വ്യക്തതയില്ലെന്നും കുഞ്ഞിനെ കൊണ്ടുവരാനുള്ള ഉത്തരവാണെങ്കിൽ ഏറെ സന്തോഷമെന്നും അനുപമ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം, സമരം തുടരാൻ തന്നെയാണ് തീരുമാനമെന്നും വകുപ്പുതല അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരായവരെ പുറത്താക്കുംവരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.