ന്യൂഡൽഹി : വ്യക്തി നിയമം ഭരണഘടാനുസൃതവും ലിംഗസമത്വം പാലിക്കുന്നതും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതുമായിരിക്കണമെന്നു കേന്ദ്രമമന്ത്രി അരുൺ ജയ്റ്റ്‌ലി വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കേന്ദ്ര ധനമന്ത്രിയുടെ നിലപാട് വിശദീകരണം. ഏകീകൃത വ്യക്തി നിയമവുമായി ബന്ധപ്പെട്ട് മുന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നതുമായുള്ള ചർച്ചകൾ സജീവമായിരിക്കെ നിലപാട് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്!ലി രംഗത്ത്.

ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള നീക്കം രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് മുസ്ലിം സംഘടനകളുടെ നിലപാട്. ഏതു മതത്തിന്റെ നിയമങ്ങളാണു സിവിൽ കോഡായി മാറുകയെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. ഹിന്ദുവിന്റെ ആണോ? ഇസ്!ലാം ആണോ? ക്രൈസ്തവരുടെ ആണോ? അത്തരത്തിൽ ഒരു വ്യക്തി നിയമം സാധ്യമല്ല. നാനാത്വത്തിൽ ഏകത്വം തുടരുന്ന രാജ്യമാണ് ഇന്ത്യ. ഇത് ഇനിയും തുടരണം. എങ്കിൽ മാത്രമേ സമാധാനം നിലനിൽക്കൂവെന്നും അവർ ആവശ്യപ്പെടുന്നു. ഇതിനിടെയാണ് അരുൺ ജെയ്റ്റ്‌ലി ഈ വിഷയത്തിൽ മനസ്സ് തുറക്കുന്നത്. ഏകീകൃത സിവിൽ കോഡിന് അനുകൂലമാണ് കേന്ദ്രം എന്ന സൂചനയാണ് ജെയ്റ്റ്‌ലിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലുള്ളത്.

ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് കേന്ദ്രമന്ത്രിസഭയിലെ പ്രമുഖന്റെ നിലപാട് വിശദീകരണം എന്നതും ശ്രദ്ധേയമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വത്തെയും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തെയും മാനദണ്ഡമാക്കിയാകും മുന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നതിനെയും സമീപിക്കുക. ഇതുതന്നെയാകും എല്ലാ വ്യക്തിനിയമങ്ങൾക്കും ബാധകമാക്കുക. ഒരോ സമുദായത്തിനും പ്രത്യേകമായുള്ള വ്യക്തിനിയമങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമാകണമെന്നാണ് സർക്കാർ നിലപാട്. മതപരമായ ആചാരങ്ങളും അനുഷ്ഠനങ്ങളും വ്യക്തിയുടെ അവകാശങ്ങളും തമ്മിൽ മൗലികമായ വ്യത്യാസമുണ്ടെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

മുൻസർക്കാരുകൾക്ക് മൗലികാവകാശങ്ങളും വ്യക്തി നിയമവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, ഈ സർക്കാരിന് ഇതുമായി ബന്ധപ്പെട്ടു കൃത്യമായ നിലപാടുകളുണ്ടെന്നും ജയ്റ്റ്!ലി വ്യക്തമാക്കി. ഭരണഘടന വിഭാവനം ചെയ്യുന്ന ഏകീകൃത സിവിൽ കോഡിനെ സംബന്ധിച്ച ചർച്ചകളും സംവാദങ്ങളുമാണ് ഇപ്പോൾ നടക്കുന്നത്.

ഏകീകൃത സിവിൽ കോഡ് സാധ്യമാണോ എന്നതിനേക്കാൾ പ്രസക്തമായ വിഷയം വിവിധ മത വ്യക്തിനിയമങ്ങളുടെ പരിഷ്‌കരണമാണ്. സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കുന്ന വ്യക്തിനിയമ പരിഷ്‌ക്കാരണങ്ങൾ അനിവാര്യമാണെന്നും അരുൺ ജയ്റ്റ്‌ലി പറഞ്ഞു. എന്നാൽ സ്വതന്ത്ര ഇന്ത്യയിൽ 70 കൊല്ലമായി എല്ലാ മതസ്ഥരും സുഖമായാണു ജീവിക്കുന്നത്. നിലവിലെ സ്ഥിതി തുടരുന്നതാണു നല്ലതെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. മതവികാരം വ്രണപ്പെടുത്തുന്ന നടപടികൾ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും സ്വീകരിക്കുമെന്നു കരുതുന്നില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.