- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനീകാന്ത് സിനിമകളുടെ ആരാധകൻ; പഴയ ബാറ്റ്മിന്റൺ താരം; ചിട്ടയായ ജീവിതം; ചായകുടി നിർത്തിയത് ഒറ്റ ദിവസം കൊണ്ട്; സൈക്കിൾ ചവിട്ടി പത്രം വായിക്കും; 77ാം പിറന്നാൾ ആഘോഷിക്കുന്ന പിണറായിയുടെ വ്യക്തി വിശേഷങ്ങൾ
കോഴിക്കോട്: ഒരുകാലത്ത് കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു, പിണറായി വിജയൻ. വി എസ്- പിണറായി വിഭാഗീയത കത്തി നിന്ന കാലത്ത് സകല തിന്മകളുടെയും വിളനിലമായി പിണറായി ചിത്രീകരിക്കപ്പെട്ടു. കൊട്ടാരം പോലെത്തെ വീടുവെച്ചുവെന്നും, കമല ഇന്റർനാഷണൽ എന്ന പേരിൽ കോടികളുടെ ആസ്തിയുള്ള സിങ്കപ്പുർ ആസ്ഥാനമായ കമ്പനിയുണ്ടെന്നും തൊട്ട്, രാജവെമ്പാലയുടെ തോലുകൊണ്ട് ഉണ്ടാക്കിയ വൻ തുക വില മതിക്കുന്ന പ്രത്യേക ചെരിപ്പാണ് പിണറായി അണിയുന്നത് എന്നുവരെയായി അക്കാലത്തെ കുപ്രചാരണങ്ങൾ. എന്നാൽ ഇതെല്ലാം കല്ലൂവെച്ച നുണകൾ ആയിരുന്നുവെന്ന് കാലം തെളിയിച്ചു.
എന്നാൽ ഇന്ന് സിപിഎമ്മിന്റെ മാത്രമല്ല ഇന്ത്യൻ ഇടതുപക്ഷത്തിന്റെ തന്നെ ഏക ജനപ്രിയ മുഖമാണ് പിണറായി വിജയൻ. ചരിത്രം കുറിച്ചുകൊണ്ട് കേരളത്തിൽ എൽ.ഡി.എഫിന് തുടർഭരണം കിട്ടിയത്, 'പിണറായിസത്തിന്' കിട്ടിയ അംഗീകാരം കുടിയാണ്. ഇപ്പോൾ ഏത് സർവേ എടുത്താലും കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ആരാണെന്ന ചോദ്യത്തിന് പിണറായി എന്ന മറുപടിയാണ് കിട്ടുക. ഇന്ന് 77ാം പിറന്നാൾ ആഘോഷിക്കുവെ പഴയതുപോലെ, കമല കമ്പനിയും ലാവലിനും അടക്കമുള്ള നെഗറ്റിവിറ്റികൾ ഒന്നുമല്ല, പിണറായിയുടെ വ്യക്തി ജീവിതത്തിലെ പ്രത്യേകതകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
എന്നും പോസറ്റീവ്; പരദൂഷണം അടുപ്പിക്കില്ല
മണിയടിക്കാരെയും കുശിനി സംഘങ്ങളെയും ഒരിക്കലും പ്രോൽസാഹിപ്പിക്കാറില്ല എന്നതാണ്, പിണറായി വിജയന്റെ ഏറ്റവും വലിയ മിടുക്ക്. പിണറായിയുടെ വളർച്ച അടുത്ത് നിന്ന കണ്ട മാധ്യമ പ്രവർത്തനകും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് ഇങ്ങനെ എഴുതുന്നു. 'പിണറായി എന്നും പോസിറ്റീവാണ്. പരദൂഷണം പറയാറില്ലെന്നു മാത്രമല്ല, അതു കേൾക്കാറുമില്ല. മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞ് അങ്ങോട്ടു ചെല്ലേണ്ട. നിരാശപ്പെടേണ്ടി വരും. മറുപടികൾ ഉരുളയ്ക്ക് ഉപ്പേരി പോലെയാകും. ആ പറച്ചിലോടെ അതു തീരുന്നു. തന്നെ നഖശിഖാന്തം എതിർത്തവരോടുപോലും പകപോക്കാൻ പിണറായി നിൽക്കാറില്ല. ചിലർ ആ പാറയിൽ തലതല്ലി വീഴുന്നുണ്ടെങ്കിൽ അതവരുടെ പ്രശ്‌നം.
ഗൾഫ് യാത്രയിൽ യൂസഫലി വന്ന് ഒരു കാര്യം പറയുന്ന അതേ ശ്രദ്ധയോടെ തന്നെയാണു ലേബർ ക്യാംപിൽനിന്നു വരുന്ന ഒരാളെ പിണറായി കേൾക്കുക. ആരു പറയുന്നുവെന്നല്ല, എന്തു പറയുന്നുവെന്നതാണ് അദ്ദേഹത്തിനു പ്രധാനം. ക്വാളിറ്റി ടൈമിന്റെ അർഥം ഇത്ര നന്നായി അറിയുന്ന ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല. ഒരാൾക്ക് ഒരു സമയം നൽകിയാൽ ആ സമയം പൂർണമായി അയാളുടേതു തന്നെ (ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ സമയത്തേതുപോലെ മുറി നിറയെ സന്ദർശകരുണ്ടാവില്ല). അയാൾക്കു പറയാനുള്ളതു മുഴുവൻ പറയാം. അതെല്ലാം ശ്രദ്ധയോടെയും ക്ഷമയോടെയും ഇരുന്നു കേൾക്കും. ഇതു തന്നെയാണ് വീട്ടിലേക്ക് അതിഥിയായി വിളിക്കപ്പെടുന്നവർക്കും ലഭിക്കുന്ന സൗഭാഗ്യം. അതുകൊണ്ടു തന്നെ ഒരു അതിഥിക്കും വീർപ്പുമുട്ടലില്ല. വിളിക്കുന്ന വ്യക്തിക്കു നൽകാവുന്ന ആദരവും ശ്രദ്ധയും നൽകുന്നതിൽ കുടുംബാംഗങ്ങളായ ഭാര്യ കമലയും മകൾ വീണയും ഒപ്പമുണ്ടാകും.
അതിഥികൾക്കു രുചികരമായ ഭക്ഷണം വിളമ്പുന്നതോടൊപ്പം ഗൃഹനാഥൻ ഓരോ വിഭവത്തിന്റെയും പ്രത്യേകത, അതിന്റെ ആരോഗ്യപരമായ ഗുണങ്ങൾ എന്നിവ പറഞ്ഞു കൊടുക്കുന്നു. ഒരിക്കൽ ആ ആതിഥേയത്വം സ്വീകരിച്ചവർ ജീവിതകാലം മുഴുവൻ ആനന്ദകരമായ ഒരനുഭവമായി മനസ്സിൽ സൂക്ഷിക്കും. അതിഥിയെ സ്വീകരിക്കുന്നതിലും ശ്രദ്ധാപൂർവമായ മര്യാദ ഒട്ടും കുറയ്ക്കില്ല. തിരിച്ചയയ്ക്കുമ്പോൾ, പടിയിറങ്ങുന്നതു വരെ കൂടെയുണ്ടാകും. അപ്പോൾ പിണറായി മുഖ്യമന്ത്രിയല്ല, നല്ലൊരു ആതിഥേയ കുടുംബത്തിന്റെ കാരണവരാണ്. പിണറായി നല്ലൊരു കുടുംബസ്ഥനാണ്. ഭാര്യയ്ക്കും മക്കൾക്കും അദ്ദേഹം നൽകുന്ന ശ്രദ്ധയും കരുതലും കണ്ടുപഠിക്കണം. ഏതു തിരക്കിനിടയിലും വീട്ടിലെ ഏതു കൊച്ചുകാര്യത്തിലും അദ്ദേഹത്തിന്റെ കണ്ണുണ്ടാകും. എവിടെ പോകുമ്പോഴും ഭാര്യയെ കൂടെ കൊണ്ടുപോകാൻ ശ്രമിക്കും. പറ്റിയാൽ മക്കളെയും കൊച്ചുമക്കളെയും കൂട്ടും. അവരുടെ സന്തോഷം പിണറായിക്കു പ്രധാനം തന്നെ.''- ഇങ്ങനെയാണ് ബ്രിട്ടാസ് ഒരിക്കൽ എഴുതിയത്.
പ്രേതഭയം മാറ്റിയത് ശവശരീരം തൊട്ട്
എന്തും നേരിട്ട് കണ്ട് അനുഭവിച്ച് അറിയുക എന്നതാണ് പിണറായിയുടെ സ്റ്റെൽ. കുട്ടിക്കാലത്ത് ഭൂതപ്രേത പിശാചുക്കളെ തനിക്ക് വല്ലാത്ത ഭയമായിരുന്നുവെന്ന് കൈരളി ടിവിയിൽ നടി നവ്യാ നായരുമൊത്തുള്ള അഭിമുഖത്തിൽ പിണറായി പയറുന്നുണ്ട്. ഈ ഭീതി മറികടന്നത് പിന്നെ മൃതശരീരങ്ങൾ തൊട്ട് നോക്കിക്കൊണ്ടാണ്. അമ്മ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ അടുക്കളയിലെ പടിയിൽ വിളക്കു കത്തിച്ചുവച്ചായിരുന്നു പഠനം. ചെത്തുതൊഴിലാളിയായ മുണ്ടയിൽ കോരന്റെ പതിനാല് മക്കളിൽ ഇളയവനായ വിജയന്റെ ബാല്യവും ദാരിദ്ര്യം നിറഞ്ഞതായിരുന്നു.
ഇരട്ടച്ചങ്കൻ, ക്യാപ്റ്റൻ എന്നൊക്കെയാണ് ഇപ്പോൾ പാർട്ടി സഖാക്കൾ പിണറായിയെ വിളിക്കുന്നത്. എന്നാൽ കുട്ടിക്കാലത്ത് കൂട്ടുകാർക്കിടയിൽ അദ്ദേഹത്തിന് മറ്റൊരു വിളിപ്പേരുണ്ടായിരുന്നു. 'മുഖ്യസ്ഥൻ'. തോണിക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇടപെട്ട് സംസാരിച്ചതോടെയാണ് അങ്ങനെ ഒരു പേര് വീണത്.
ബാല്യകാലത്തെ പിണറായി വിജയന്റെ ഇഷ്ടങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ ഇഷ്ടവിനോദങ്ങളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും കൂട്ടുകാർ ഓർത്തെടുക്കുന്നുണ്ട്. കെടാമംഗംലം സദാനന്ദൻ, വി സാംബശിവൻ എന്നിവരുടെ കഥാപ്രസംഗം അടുത്തെവിടെയുണ്ടെങ്കിലും കൂട്ടുകാർക്കൊപ്പം വിജയനും പോയി കേൾക്കുമായിരുന്നു. കുട്ടിക്കാലത്ത് മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന 'പമ്പാനദി പാഞ്ഞൊഴുകുന്നു' എന്ന നോവലിന്റെ സ്ഥിരം വായനക്കാരനായിരുന്നുവെന്നും സുഹൃത്തുക്കൾ ഓർക്കുന്നു. കാലം കഴിഞ്ഞപ്പോൾ ജനയുഗം വാരികയിൽ പ്രസിദ്ധീകരിച്ചുവന്ന വിമൽമിത്രയുടെ നോവലിനെ അദ്ദേഹം ഇഷ്ടപ്പെട്ട് തുടങ്ങി. പിന്നീട് ബ്രണ്ണൻ കോളജിൽ എത്തിയപ്പോൾ വിശാലമായ വായനയുടെ ലോകത്തേക്കും അദ്ദേഹം കടുന്നു.
ബാഡ്മിന്റൻ താരം; രജനിയുടെ ആരാധകൻ
കോളേജിലെത്തുംവരെ ബോൾ ബാഡ്മിന്റൺ താരമായിരുന്നു പിണറായി. കോളേജ് ടീമിന്റെ ഭാഗമായിരുന്നു താനെന്നും അദ്ദേഹം പറയുന്നുണ്ട്. ബാഡ്മിന്റൺ തുടങ്ങിയതിന്റെ ഓർമ്മയും അദ്ദേഹം ഒരിടത്ത് പങ്കുവെയ്ക്കുന്നുണ്ട്. പക്ഷേ ബ്രണ്ണൻ കോളജ് എന്ന് കേൾക്കുമ്പോൾ, ഊരിപ്പിടിച്ച കത്തികൾക്കിടയിലുടെ നടന്നുവരുന്ന പിണറായിയെ അല്ലാതെ, ബാഡ്മിന്റൺ താരമായ നേതാവിന്റെ കഥ അധികം എഴുതപ്പെട്ടിട്ടില്ല. സിനിമകൾ അധികമൊന്നും കാണാറില്ലെങ്കിലും തമിഴ് സിനിമകളോടാണ് പിണറായിക്ക് കൂടുതൽ ഇഷ്ടം. മാത്രമല്ല അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട നടൻ സ്‌റ്റൈൽ മന്നൻ രജനീകാന്താണ്.
ചിട്ടയും കണിശവും പിണറായിക്കു പ്രധാനം. അതേ സമയം മലയാളി എവിടെ പോയാലും ചോറും മീൻകറിയും അന്വേഷിക്കുമെന്നു പറയാറില്ലേ? എന്നാൽ, പിണറായിക്ക് എപ്പോഴും ചെന്ന രാജ്യത്തെ ഭക്ഷണങ്ങളാണ് ഇഷ്ടം. വിഭവങ്ങൾ ഓരോന്നും രുചിച്ചിരുന്നു സമയമെടുത്ത് ആസ്വദിച്ച് അദ്ദേഹം ഭക്ഷണം കഴിക്കുന്നതു കാണാൻ തന്നെ ഒരു സ്‌റ്റൈലാണ്. ആവശ്യത്തിനുള്ളതേ പ്ലേറ്റിലിടൂ. പ്ലേറ്റിലിട്ടതു മുഴുവൻ കഴിക്കും. ഭക്ഷണം കൂട്ടിക്കുഴച്ചുവച്ചു വെറുതെ കളയുകയില്ല. ആവോലിയും ഐക്കൂറയുമാണ് ഇഷ്ടഭക്ഷണം.
വാതിലിന് പുറത്ത് ചെരിപ്പ് ഊരിയിടുന്നതിനും, മുണ്ടുടുക്കുന്നതിലും, മുടി ചീകിയൊതുക്കുന്നതിനും വരെ പിണറായിക്ക് കൃത്യതയുണ്ടെന്ന് സഹപ്രവർത്തകർ വെളിപ്പെടുന്നു. പറഞ്ഞ പരിപാടിക്ക് കൃത്യനിഷ്ഠയോടെ എത്തിച്ചേരും. ഉച്ചഭക്ഷണം കഴിഞ്ഞ് ചെറിയൊരു മയക്കം. രാത്രി 11 മണിക്ക് പിണറായി ദിവസത്തിന്റെ സ്വിച് ഓഫ് ചെയ്യും.
ചായകുടി നിർത്തിയത് പൊടുന്നനെ
ദുശ്ശീലങ്ങൾ ഒന്നുമില്ലാത്ത ജീവിതമാണ് പിണറായിയുടേത്. പല കമ്യൂണിസ്റ്റ് നേതാക്കൾക്കും ഒഴിയാബാധയായ പുകവലിക്കുന്ന ശീലം അദ്ദേഹത്തിനില്ല. രാവിലെ 5 മണിക്ക് പിണറായി വിജയന്റെ ഒരു ദിവസം തുടങ്ങും. എഴുന്നേറ്റയുടൻ ചായയോ കാപ്പിയോ കുടിക്കുന്ന ശീലമില്ല. അത് പണ്ടേ നിർത്തിയതാണ്. ചായകുടി നിർത്തിയതിന് പിന്നിലെ കഥ ഭാര്യ കമല വിജയൻ ഒരഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്: 'വിവാഹം കഴിഞ്ഞപ്പോൾ അദ്ദേഹം അഞ്ചും ആറും ചായ കുടിക്കുമായിരുന്നു. ഒരു ദിവസം പറഞ്ഞു. ഞാൻ ചായകുടി നിർത്തുകയാണ്. അതിന് ശേഷം ചായയും കാപ്പിയും ഉപയോഗിച്ചിട്ടില്ല. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കൂ. ''-ഭാര്യ കമല പറയുന്നു.
ചായകുടിക്കില്ല എന്ന തീരുമാനമെടുക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ചും, സ്ഥലത്തെക്കുറിച്ചും പിണറായി തന്നെ വിശദീകരിക്കുന്നുണ്ട്. 'മോശം തേയിലപ്പൊടിയായിരുന്നു അക്കാലത്ത് നാട്ടിലുണ്ടായിരുന്നത്. വീട്ടിൽ പോയിട്ട് അവര് തരുന്ന ചായ കുടിച്ചില്ലെങ്കിൽ അവർക്ക് പ്രയാസമാകും. അങ്ങനെ ചായ കുടി നിർത്താൻ തീരുമാനിച്ചു. ഒരു ദിവസം കുളിക്കാൻ കയറിയപ്പോഴാണ് ഇനി ചായ കുടിക്കില്ലെന്ന തീരുമാനമെടുത്തത്'. പിന്നീട് ചായ കുടിച്ചിട്ടേയില്ല.'' പിണറായി വിശദീകരിക്കുന്നു. അതാണ് പിണറായിയുടെ വിൽ പവർ. ഒറ്റ നിമിഷത്തെ തീരുമാനം.
അഞ്ച് വർഷം മുമ്പ് മലയാള മനോരമ വാർഷികപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പിണറായി തന്റെ വ്യായമത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. രാവിലെ എഴുന്നേറ്റാൽ വ്യായാമം ചെയ്യും. പക്ഷെ മുറിവിട്ട് പോയി വ്യായാമം ചെയ്യാറില്ല. 30 മിനിറ്റ് സമയം ട്രെഡ് മിൽ ഉപയോഗിച്ചുള്ള വ്യായാമവും ഉണ്ട്. മറ്റൊരു പ്രധാന വ്യായാമമുറ സൈക്ലിങാണ്.
സൈക്ലിങ് അദ്ദേഹത്തിന് വെറുമൊരു വ്യായാമ മുറ മാത്രമല്ല. പത്രം വായിക്കുന്നത് സൈക്കിൾ ചവിട്ടിക്കൊണ്ടാണെന്ന് അദ്ദേഹം ഒരഭിമുഖത്തിൽ വിശദീകരിക്കുന്നു. ഒരു മോട്ടോർബൈക്ക് പോലെയാണതെന്നും ചാരിയിരുന്നുകൊണ്ട് അതിൽ യാത്ര ചെയ്യാമെന്നും അദ്ദേഹം വിശദീകരിക്കുന്നു. സമയക്കുറവുള്ളപ്പോൾ ട്രെഡ് മിൽ ഒഴിവാക്കി സൈക്ലിങ് മാത്രമാക്കും.
സ്വകാര്യ സദസ്സുകളിൽ തമാശക്കാരൻ
പൊതുവെ കാർക്കശ്യക്കാരനാണെന്നാണ് എതിരാളികൾ പറയാറുള്ളതെങ്കിലും വീട്ടിൽ വലിയ തമാശക്കാരനാണെന്നാണ് മക്കളുടെ പക്ഷം. അദ്ദേഹത്തിന്റെ നർമ്മം ജോൺ ബ്രിട്ടാസ് എംപി. പങ്കുവെയ്ക്കുന്നുണ്ട്. 'ബഹ്‌റൈനിൽ ചെന്നാൽ പി.ടി.നാരായണന്റെ നേതൃത്വത്തിലുള്ള പ്രതിഭ എന്ന സംഘടനയാണ് പിണറായി ഉൾപ്പെടെയുള്ളവർക്ക് സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നത്. ഒരിക്കൽ ചെന്നപ്പോൾ ടൈറ്റാനിയം ചെയർമാനായ അഡ്വ. എ. എ.റഷീദും കൂടെയുണ്ടായിരുന്നു. നാരായണൻ റാഷിദ് എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ഒരാളുടെ പേര് തെറ്റായി ഉച്ചരിക്കുന്നത് ശരിയല്ല എന്നായിരുന്നു പിണറായിയുടെ പക്ഷം. അങ്ങനെ ഒരിക്കൽ നാരായണനോട് പിണറായി പറഞ്ഞു പോലും, 'റഷീദ് എന്നു പറഞ്ഞാൽ അറബിക്കിൽ പ്രജ എന്നാണർത്ഥം. അതായത് ഭരിക്കപ്പെടുന്നവർ. റാഷിദ് എന്ന് പറഞ്ഞാൽ അർത്ഥം മാറി, ഭരിക്കുന്നവൻ.'' അതിന് ശേഷം പിണറായി തുടർന്നു.- 'ഓരോ പേരിലുമുണ്ട് ഓരോ അർത്ഥങ്ങൾ. അതറിഞ്ഞില്ലെങ്കിൽ അതു കേൾക്കുന്നവർ എന്റെ നാരായണാ എന്ന് വിളിച്ചുപോകും!''
ബ്രിട്ടാസ് എഴുതുന്നു. 'ഇങ്ങനെ ഒരുപാട് നുറുങ്ങുകൾ ഞങ്ങളുടെ യാത്രകളിൽ ഉണ്ടായിട്ടുണ്ട്. പിണറായിയെ കുറിച്ചുള്ള പൊതു ധാരണ അദ്ദേഹത്തിന് തമാശയൊന്നും വഴങ്ങില്ല എന്നാണ്. എന്നാൽ നർമ്മം ഏറെ ആസ്വദിക്കുകയും അതിൽ ഭാഗമാകുകയും ചെയ്യും. പാലോളി മുഹമ്മദുകുട്ടി സാത്വികനായ കമ്യൂണിസ്റ്റ് നേതാവാണല്ലോ. ഗൾഫ് യാത്രാ സംഘത്തിൽ പഴയകാല പാർട്ടി ഫലിതങ്ങളുടെ കെട്ടഴിച്ചാൽ, പിണറായി ചിരിച്ചു മറിയും. സംഘത്തിലെ ചെറുപ്പക്കാരെപ്പോലെ പാലോളി ഒരു ദിവസം ഷർട്ട് പാന്റ്‌സിൽ ഇൻ ചെയ്തുവന്നു. കൂടെയുള്ളവർക്കൊക്കെ ചിരിപൊട്ടി. ഉടൻ പിണറായിയുടെ കമന്റ്. 'ഭയങ്കര സ്‌റ്റൈലിലാണല്ലോ മൂപ്പർ.''വേറൊരു യാത്രയ്ക്ക് പാലോളി എയർപോർട്ടിലെത്തിയതു കടയിൽ നിന്നു കിട്ടിയ പ്ലാസ്റ്റിക് കവർ പൊളിച്ചു കളയാത്ത പെട്ടിയുമായാണ്. പിണറായി ഗൗരവം വിടാതെ തന്നെ ചോദിക്കുന്നു 'കടയിൽ നിന്നു പെട്ടി കടം വാങ്ങിയതാണോ?''
പാലോളി പകച്ചു നിന്നപ്പോൾ പിണറായി തുടർന്നു പറഞ്ഞു: 'പ്ലാസ്റ്റിക് കവർ പൊളിക്കാത്തതുകൊണ്ടു ചോദിച്ചതാ.'' സ്‌നേഹമുള്ളവരെ കളിയാക്കാനും ശാസിക്കാനും അദ്ദേഹം മറക്കാറില്ല.''- ബ്രിട്ടാസ് വ്യക്തമാക്കി.
അന്ന് മുതൽ വിജയരാഘൻ ചൂര ഉപേക്ഷിച്ചു!
പിണറായി വിജയന്റെ ഭക്ഷണപ്രിയത്തെക്കുറിച്ച് കൂടെയുണ്ടായിരുന്നവർക്കെല്ലാം പറയാൻ ഒരുപാട് കഥകളുണ്ട്. ജോൺ ബ്രിട്ടാസ് എംപി. പറയുന്നു: 'പിണറായിക്ക് എപ്പോഴും ചെന്ന രാജ്യത്തെ ഭക്ഷണമാണ് ഇഷ്ടം. വിഭവങ്ങൾ ഓരോന്നും രുചിച്ചിരുന്ന് സമയമെടുത്ത് കഴിക്കും, അദ്ദേഹം കഴിക്കുന്നത് കാണാൻ ഒരു പ്രത്യേക രസമാണെന്ന് ബ്രിട്ടാസ് ഓർക്കുന്നു. ആവശ്യത്തിനുള്ളതേ പ്ലേറ്റിലിടൂ, പ്ലേറ്റിലിട്ടത് മുഴുവൻ കഴിക്കും, ഭക്ഷണം കൂട്ടിക്കുഴച്ച് വെറുതെ കളയില്ല.''
പിണറായിക്ക് ചൂര എന്ന മത്സ്യമോ, അതുകൊണ്ടുണ്ടാക്കുന്ന വിഭവങ്ങളോ ഇഷ്ടമല്ല. ചൂരയുമായി ബന്ധപ്പെട്ടുള്ള ഒരു കഥയും ബ്രിട്ടാസ് ഓർത്തെടുക്കുന്നു. 'ഒരു വിദേശ യാത്രയ്ക്കിടെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ വിശിഷ്ട വിഭവം എന്ന നിലയ്ക്ക് ചൂര ചമ്മന്തിയുമായി മേശക്കരികിൽ വന്നു പോലും, ഇത് കണ്ടപാടെ പിണറായി തന്റെ നീരസം പ്രകടിപ്പിച്ചു. ഇതല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ എന്ന ചോദ്യത്തിൽ വിജയരാഘവന് കാര്യം പിടികിട്ടി. അന്ന് മുതൽ വിജയരാഘൻ ചൂര ഉപേക്ഷിച്ചുവെന്ന് ബ്രിട്ടാസ്!
ചെത്തുകാരന്റെ മകൻ എന്നത് അഭിമാനം
ഈയിടെ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിലും പിണറായി വന്ന വഴി മറക്കുന്നില്ല. അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു എന്ന പരിഹാസം ഈ അടുത്ത കാലത്തുപോലും കേൾക്കേണ്ടിവന്ന ആളാണ് അദ്ദേഹം. അതിന് പിണറായി ഇങ്ങനെ മറുപടി നൽകുന്നു. 'തൊഴിലെടുത്തു ജീവിക്കുക എന്നത് അഭിമാനമായി കരുതുന്ന ഒരു സംസ്‌കാരമാണ് എന്റേത്. ഏതുതൊഴിലും അഭിമാനകരമാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് എന്റെ അച്ഛൻ. അച്ഛനൊപ്പം തന്നെ പ്രിയപ്പെട്ടതാണ് അച്ഛന്റെ തൊഴിലും. നാട്ടിൻപുറത്തെ അതിസാധാരണമായ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ആ ബാല്യം പരുക്കൻ സ്വഭാവമുള്ളതായിരുന്നു. ആ പാരുഷ്യം ആവാം ഒരുപക്ഷേ, ഇന്ന് പലരും എന്നെ വിമർശിക്കുന്ന ഒരു ഘടകം. 'ദാരിദ്ര്യമെന്നുള്ളതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ' എന്ന് ഒരു കവിതാഭാഗമുണ്ട്. പരക്ലേശ വിവേകം ഉള്ളവനായി എന്നെ വളർത്തിയത് ആ ബാല്യത്തിന്റെ പാരുഷ്യമാണ്. ധാരാളിത്തത്തിലും ധൂർത്തിലുമായിരുന്നു വളർന്നിരുന്നതെങ്കിൽ ഞാൻ മറ്റൊരാളായിപ്പോയേനേ.'- പിണറായി പറഞ്ഞു.
പിണറായിയുടെ സഹോദരൻ കുമാരേട്ടൻ തലശ്ശേരി കലാപകാലത്ത് ഖുർ ആൻ കത്തിച്ചു എന്ന് രാഷ്ട്രീയ എതിരാളികൾ അടുത്ത കാലത്ത് വ്യാജ ആരോപണം ഉയർത്തി. പക്ഷേ അതു നിഷേധിക്കാൻ തലശ്ശേരിയിലെ പള്ളി കമ്മിറ്റിക്കാരും ഇസ്ലാം മത വിശ്വാസികളും സ്വയം മുന്നോട്ടുവന്നിരുന്നൂ. അതേക്കുറിച്ച് പിണറായി ഇങ്ങനെ പറയുന്നു. 'തലശ്ശേരി കലാപത്തിന്റെ തീ കെടുത്താൻ ജീവൻപോലും തൃണവൽഗണിച്ചു മുന്നിട്ടിറങ്ങിയതു കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാരുടെ ആ പങ്കിനെ വിതയത്തിൽ കമ്മീഷൻ എടുത്തുപറഞ്ഞിട്ടുണ്ട്. വർഗീയകലാപങ്ങളുണ്ടാക്കാനും അത് ജ്വലിപ്പിച്ചുനിർത്താനും മതവികാരങ്ങൾ ആളിപ്പടർത്തുക എന്നത് വർഗീയശക്തികൾ അനുവർത്തിക്കുന്ന തന്ത്രമാണ്. വ്യാജ ആരോപണങ്ങളും അങ്ങനെ തന്നെ. അതിൽ കുടുങ്ങാതെ ശാന്തിക്കുവേണ്ടി കലാപഭൂമിയിൽ നിലകൊള്ളാൻ എത്തിയവരിൽ എന്റെ ജ്യേഷ്ഠനുമുണ്ടായി എന്നത് അഭിമാനകരമാണ്. ആ ജ്യേഷ്ഠനെപ്പറ്റിയാണ് പിന്നീട് വ്യാജ ആരോപണങ്ങൾ ചിലർ ഉന്നയിച്ചത്. സത്യമറിയാവുന്ന ഇസ്ലാം മതമേധാവികൾ തന്നെ ആരോപണം നിഷേധിക്കാൻ മുന്നിട്ടിറങ്ങിയല്ലോ. യാതൊരു സത്യവുമില്ലാത്ത ആരോപണങ്ങളുന്നയിച്ച് അപകർത്തിപ്പെടുത്തുന്നതിൽനിന്നു മരിച്ചവരെപ്പോലും വെറുതെവിടില്ല എന്നത് എത്ര മനുഷ്യത്വരഹിതമായ തലത്തിലേക്ക് ചിലർ അധഃപതിച്ചിരിക്കുന്നു എന്നാണു തെളിയിക്കുന്നത്.'' - പിണറായി വ്യക്തമാക്കി.
തന്റെ ഭാര്യയുടെ പേരിൽ വന്ന വ്യാജ ആരോപണങ്ങളെക്കുറിച്ചും പിണറായി ഇങ്ങനെ പ്രതികരിക്കുന്നു. 'അവർ കമ്യൂണിസ്റ്റുകാരന്റെ ഭാര്യയല്ലേ. അവർക്കറിയാം, അതുകൊണ്ടുതന്നെ ഇതും ഇതിലപ്പുറവും കേൾക്കേണ്ടിവരുമെന്ന്. വിവാഹം ചെയ്യുന്ന കാലത്തുതന്നെ ഞാൻ മുഴുവൻസമയ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. കമല, ഒഞ്ചിയം സമരസേനാനിയായിരുന്ന ആണ്ടിമാസ്റ്ററുടെ മകളും പാർട്ടി കുടുംബാംഗവും. പൂവിരിച്ച പാതകളിലൂടെയാവില്ല യാത്രയെന്ന് അവർക്ക് അന്നേ അറിയാം. അസത്യങ്ങൾ തുടരെ കേൾക്കേണ്ടിവന്നിട്ടുണ്ട്. അത് അവരെ ക്ഷീണിപ്പിച്ചിട്ടില്ല. അസത്യമാണെന്നവർക്കു ബോധ്യമുണ്ട്. അത് കാലം തെളിയിക്കുമെന്നും ബോധ്യമുണ്ട്. ഏതൊക്കെ ഏജൻസികൾ അകത്തും പുറത്തും അന്വേഷിച്ചു. കമലാ ഇന്റർനാഷണൽ പോയിട്ട്, കമ എന്ന ഒരു വാക്കു കണ്ടെത്താൻ കഴിഞ്ഞോ? ഞാൻ എപ്പോഴും പറയാറുണ്ടല്ലോ. മടിയിൽ കനമില്ലാത്തവനു വഴിയിൽ ഭയക്കേണ്ട.'' - പിണറായി വ്യക്തമാക്കി.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ